സി.ഇ.ടി വിദ്യാര്‍ഥിയുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ശ്രീകാര്യം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി രതീഷിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. രതീഷ് മരിച്ചിട്ട് 48 മണിക്കൂറുകള്‍ കഴിഞ്ഞിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി രതീഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശ്രീകാര്യം പൊലിസ് അറിയിച്ചു. കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വളര്‍ത്തമ്മ ഗിരിജയും ആരോപിച്ചു. തന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയയാണ് രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വളര്‍ത്തമ്മ ഗിരിജ ആരോപിച്ചത്.
മൃതദേഹം കോളജിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ 9 മണിയോടെ ഗിരിജയ്‌ക്കൊപ്പം രതീഷ് കോളജിലെത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. തുടര്‍ന്ന് രതീഷിനെ കാണാനില്ലെന്നുകാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയില്‍ കഞ്ചാവുവില്പന നടക്കുകയും എക്‌സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. രതീഷാണ് എക്‌സൈസിനു വിവരം നല്‍കിയതെന്നാരോപിച്ച് കഞ്ചാവുവില്പനയ്ക്കു നേതൃത്വം നല്‍കുന്ന ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഇദ്ദേഹത്തിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലിസ് നടപടിയെടുത്തില്ല. കാണാതായ ശേഷവും രതീഷിന്റെ മൊബൈല്‍, കോളജ് പരിസരത്ത് സിഗ്നല്‍ കാണിച്ചിട്ടും പൊലിസിന് കണ്ടെത്താനായില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."