മരുഭൂമിയെ കുളിരണിയിപ്പിച്ച ജന്മം
അറേബ്യന്‍ പട്ടണങ്ങളില്‍ വലിയ കുടുംബങ്ങള്‍ അവരുടെ ആണ്‍ സന്താനങ്ങളെ പ്രസവിച്ച ഉടനെ മുലയൂട്ടുവാനും ബദവികള്‍ക്കിടയില്‍ വളരുവാനും മരുഭൂമിയിലേക്കയക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അവിടെയും അതായിരുന്നു സ്ഥിതി. മക്കയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുകയും ശിശുമരണനിരക്ക് വര്‍ധിക്കുകയും ചെയ്തിരുന്നതിനാല്‍ മരുഭൂമിയിലെ ശുദ്ധവായു പ്രയോജനപ്പെടുത്തുക എന്നതു മാത്രമായിരുന്നില്ല അതിന്റെ പ്രചോദനം. ശാരീരികമായ ശക്തി പകരുന്നതിന്നപ്പുറം മരുഭൂമി മനുഷ്യാത്മാക്കള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന ഉദാരതയും വിശാലതയും അതിനു കാരണമായിരുന്നു. ഖുറൈശികള്‍ സ്ഥിരവാസ ജീവിതം ആരംഭിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. അവരുടെ പിതാമഹനായ ഖുസയ്യ് തന്റെ കുടുംബാംഗങ്ങളോട് കഅ്ബയ്ക്കു ചുറ്റും താമസമാക്കാന്‍ നിര്‍ദേശം കൊടുക്കുന്നതുവരെ അവരെല്ലാം നാടോടി സമൂഹമായിരുന്നു. സ്ഥിരവാസം അനിവാര്യമായ കാര്യമായി വന്നെങ്കിലും അത് അപകടകരം കൂടിയായിരുന്നു. കൂടാരങ്ങള്‍ കെട്ടിത്താമസിക്കുകയും എപ്പോഴും സഞ്ചരിക്കുകയും ചെയ്തിരുന്നു അവര്‍. കുലീനതയും സ്വാതന്ത്ര്യവും പരസ്പരബന്ധിതവും നാടോടി ജീവിതം അതിനിണങ്ങുന്നതുമായിരുന്നു.
മരുഭൂമിയിലെ ഒരു മനുഷ്യന്‍ അനന്തവിസ്തൃതമായ ഒരു ഭൂവിശാലതയില്‍ ആമഗ്നനായിരിക്കയാല്‍, അത് പകര്‍ന്നുനല്‍കുന്ന ദിവ്യമായ നിര്‍വൃതി നിമിത്തം അയാള്‍ ഒരര്‍ഥത്തില്‍ സമയബോധത്തിന്റെ മഹാപിടിത്തത്തില്‍ നിന്നു സ്വതന്ത്രനായിരിക്കും.
മരുഭൂവാസിയായ ഒരു നാടോടി ഒരിടത്ത് താല്‍ക്കാലികമായി താമസമാക്കിയാല്‍ അവന്‍ തന്റെ ഭൂതകാല ജീവിതത്തെ കൂടെ താമസിക്കാന്‍ അനുവദിക്കുന്നില്ല. നാളെ എവിടെ, എപ്പോള്‍ എന്നീ ചോദ്യങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം ഒരു ജീവിത പ്രശ്‌നവുമല്ല. എന്നാല്‍, പട്ടണവാസി ഒരു തടവുകാരനാണ്. അവന്‍ ഒരിടത്തുതന്നെ കഴിയുകയും ഇന്നലെയും ഇന്നും നാളെയും അവന്റെ ജീവിതത്തെ സംബന്ധിതമാക്കുകയും ചെയ്യുന്നു. പട്ടണങ്ങള്‍ അഴിമതിയിടങ്ങളാണ്. പട്ടണച്ചുമരുകളുടെ നിഴലില്‍ മടിയും മാലിന്യവും പതിയിരിപ്പുണ്ട്. അത് ഒരാളുടെ കുശാഗ്രബുദ്ധിയെയും തെളിഞ്ഞ ചിന്തയെയും കവര്‍ന്നെടുക്കുകയും ചെയ്യും. ഒരര്‍ഥത്തില്‍ എല്ലാറ്റിനും ഒരു ചോര്‍ച്ച അവിടെ സംഭവിക്കും. മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായ ഭാഷയ്ക്കു പോലും അതിന്റെ മൗലികത നഷ്ടമാവും. അറബികളില്‍ അക്കാലത്ത് ചുരുക്കം ചിലര്‍ക്കേ വായിക്കാന്‍ അറിയുമായിരുന്നുള്ളൂ. എന്നാല്‍, മനോഹരമായ വിനിമയശേഷി തങ്ങളുടെ കുട്ടികള്‍ക്കുണ്ടാവണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിച്ചു. ഒരാളുടെ ഔന്നത്യം അളന്നത് അയാളുടെ വാചാലതയിലൂടെയായിരുന്നു. മരുഭൂഗോത്രങ്ങളില്‍ ധാരാളം ഉത്തമ കവികളുണ്ടായിരുന്നു. മരുഭൂമിയിലെ സംസാരഭാഷ കവിതയോട് അടുത്തുനില്‍ക്കുന്നതായിരുന്നു.
അതിനാല്‍, മരുഭൂമിയുമായുള്ള ബന്ധം പുതുക്കല്‍ എല്ലാതലമുറയും ചെയ്തുകൊണ്ടിരുന്നു. ഹൃദയത്തിനു ശുദ്ധവായു, നാവിനു ശുദ്ധമായ അറബ് മൊഴി, ആത്മാവിന് സ്വാതന്ത്ര്യം- മരുഭൂബന്ധത്തിലൂടെ അറബികള്‍ ആഗ്രഹിച്ചതായിരുന്നു അതെല്ലാം. അതുകൊണ്ട് ഖുറൈശിഗോത്രത്തിലെ ആണ്‍കുട്ടികളെ പ്രസവാനന്തരം എട്ട് വര്‍ഷത്തോളം മരുഭൂമിയില്‍ അവര്‍ താമസിപ്പിച്ചു. മരുഭൂമി അവര്‍ക്കുമേല്‍ അനന്തമായ സ്വാധീനം ചെലുത്തുവാനായിരുന്നു അത്; അത്ര സുദീര്‍ഘമായ ഒരു സമയം അതിന് വേണ്ടിയിരുന്നില്ലെങ്കിലും.
കുട്ടികളെ വളര്‍ത്തുന്നതിനും ഇണക്കുന്നതിനും പുകള്‍പെറ്റ ചില ഗോത്രങ്ങളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറെ പ്രശസ്തമായിരുന്നു മക്കയുടെ തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ താമസക്കാരായ ഹവാസിന്‍ കുലത്തിലെ ബനീസഅദുബ്‌നു ബക്ര്‍ ഗോത്രം. ആമിന അവരുടെ മകനെ ഈ ഗോത്രത്തിനു നല്‍കി പോറ്റി വളര്‍ത്തുന്നതില്‍ തല്‍പരയായിരുന്നു. അവര്‍ സമയമാകുമ്പോഴൊക്കെ കുട്ടികള്‍ക്കു വേണ്ടി വരാറുണ്ടായിരുന്നു. അടുത്തുതന്നെ അവരുടെ വരവ് ആമിന പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. മക്കയിലേക്കുള്ള അത്തരമൊരു ദൗത്യസംഘത്തിന്റെ യാത്രാനുഭവത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ആ സംഘത്തിലുണ്ടായിരുന്ന അബൂദുഐബിന്റെ മകള്‍ ഹലീമ വിവരിച്ചിട്ടുണ്ട്. യാത്രയില്‍ അവരോടൊപ്പം ഭര്‍ത്താവ് ഹാരിസും മുലകുടിപ്രായത്തിലുള്ള അവരുടെ പുത്രനുമുണ്ടായിരുന്നു. ഇനി ഹലീമ തന്നെ പറയട്ടെ:
അതൊരു മഹാ വരള്‍ച്ചയുടെ വര്‍ഷമായിരുന്നു. ഞങ്ങളുടെ ജീവിത വിഭവങ്ങളെല്ലാം തീര്‍ന്നുപോയിരുന്നു. ഞങ്ങള്‍ യാത്ര ചെയ്തത് ഒരു ചാര നിറത്തിലുള്ള പെണ്‍കഴുതയോടൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊപ്പം ഒരു തുള്ളി പാല്‍ പോലും തരാനാവാത്ത പെണ്ണൊട്ടകവും ഉണ്ടായിരുന്നു. രാത്രി ഒന്ന് കണ്ണടയ്ക്കാന്‍ പോലുമാവാതെ വിശന്നു കരയുന്ന മകനു വേണ്ടി ഞങ്ങള്‍ ഉണര്‍ന്നിരുന്നു. എന്റെ മുലയിലാകട്ടെ അവനെ ഊട്ടാന്‍മാത്രം പാലും ഉണ്ടായിരുന്നില്ല. എന്റെ കഴുതയാണെങ്കില്‍ വളരെ ദുര്‍ബലയും. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്നെ കാത്തിരുന്ന് മുഷിയുന്ന അവസ്ഥയിലായിരുന്നു യാത്ര.
ആശയ്ക്കു വകയൊന്നുമില്ലാതെ മക്കയിലേക്കു യാത്രതിരിച്ച ദിനങ്ങള്‍ ഹലീമ ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്.
യത്രക്കിടയില്‍ ഒരു മഴ പെയ്യുകയും തങ്ങളുടെ ഒട്ടകവും കഴുതയും അതിനെ തുടര്‍ന്ന് ഇത്തിരിയെങ്കിലും ഉത്സാഹത്തോടെ മേയുകയും അവയുടെ അകിടുകള്‍ കുറച്ചെങ്കിലും പാല്‍ നിറയുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി അവര്‍ യാത്ര തുടരുന്നതിനെപ്പറ്റി ഹലീമ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, മക്കയിലെത്തുന്നതു വരെ ഒരു തുള്ളി മഴപോലും പെയ്തില്ല. അവിടെ എത്തിയ ഉടനെ മുലയൂട്ടി വളര്‍ത്താനുള്ള കുട്ടികളെ അവര്‍ അന്വേഷിക്കുകയായിരുന്നു. ആമിന തന്റെ മകനെ ഒന്നുരണ്ടു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും അവരെല്ലാം അതിനു നേരെ വിമുഖതകാട്ടി. അതിന്റെ കാരണം ഹലീമ തന്നെ പറയുന്നതിങ്ങനെയാണ്:തങ്ങളെപ്പോലുള്ളവരെല്ലാം പോറ്റാന്‍ കൊണ്ടുപോകുന്ന കുട്ടിയുടെ പിതാവില്‍നിന്ന് പല ആനുകൂല്യങ്ങളും പ്രതീക്ഷിച്ചിരുന്നു. അനാഥനായ ഒരു കുട്ടിക്ക് വേണ്ടി അവന്റെ മതാവിനും പിതാമഹനും എന്തു ചെയ്യാനാണ് സാധിക്കുക? തങ്ങളുടെ സേവനങ്ങള്‍ക്ക് നേരിട്ടുള്ള വേതനം അവര്‍ ആഗ്രഹിക്കുകയുണ്ടായില്ല; ഒരു കുട്ടിയെ മുലയൂട്ടുവാന്‍ പ്രതിഫലം സ്വീകരിക്കുകയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അപമാനകരമായിരുന്നു. അതിലുപരി, നേരിട്ടല്ലാത്ത, വിദൂര ഭാവിയിലുള്ള പ്രതിഫലമാണ് അവര്‍ ആഗ്രഹിച്ചത്. യഥാര്‍ഥത്തില്‍ പട്ടണവാസികള്‍ക്കിടയിലും നാടോടിജനതയ്ക്കുമിടയിലുമുള്ള സൗകര്യങ്ങളുടെ ഒരു പരസ്പര കൈമാറ്റമായിരുന്നു അത്. ചില കാര്യങ്ങളില്‍ പട്ടണവാസികള്‍ ധന്യരും ഞങ്ങള്‍ ആവശ്യക്കാരുമായിരുന്നു. എന്നാല്‍, മറ്റു ചില മേഖലകളില്‍ ഞങ്ങളായിരുന്നു ധന്യര്‍.
നാടോടികളുടെ വശം കാലപ്പഴക്കമേറെയുള്ള, ദൈവദത്തമായ ഒരു ജീവിതരീതി പ്രധാനം ചെയ്യാനുണ്ടായിരുന്നു; ആബേലിന്റെ വഴി. ആദ്യത്തെ ഗ്രാമങ്ങള്‍ നിര്‍മിച്ച കായേന്റെ മക്കളുടെ പക്കലാവട്ടെ സമ്പത്തും അധികാരവുമാണുണ്ടായിരുന്നത്. മഹത്തായ ഒരു കുടുംബവുമായി ഏറെക്കാലം നീണ്ടുനില്‍കുന്ന ബന്ധം സ്ഥാപിക്കാമെന്നതായിരുന്നു ബദവികള്‍ക്കുണ്ടായിരുന്ന നേട്ടം. പോറ്റമ്മയ്ക്ക് ഒരു പുതിയ കുട്ടിയെ കിട്ടുകയും ആ കുട്ടി അവരെ അമ്മയായിത്തന്നെ കണക്കാക്കുകയും ശിഷ്ടജീവിതത്തില്‍ ആ സ്‌നേഹവായ്പ്പ് മാറാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പോറ്റമ്മയുടെ മക്കള്‍ അവന്റെ സഹോദരനും സഹോദരിയുമായിത്തീരുന്നു. ഈ ബന്ധം കേവലം നാമമാത്രമായിരുന്നില്ല. മുലയൂട്ടല്‍ പൈതൃകത്തിന്റെ ഒരു ദാനമാര്‍ഗമാണെന്നും മുലപ്പാലിലൂടെ മുലയൂട്ടുന്ന പോറ്റമ്മയില്‍ നിന്നു ധാരാളം ഗുണങ്ങള്‍ ഒരു കുട്ടി തന്റെ പ്രകൃതിയിലേക്ക് വലിച്ചെടുക്കുന്നുവെന്നും അറബികള്‍ വിശ്വസിച്ചു. അതേയവസരം മുലയൂട്ടി വളര്‍ത്തപ്പെടുന്ന കുട്ടി വലുതാകുംവരെ അവനില്‍നിന്ന് യാതൊരുനുകൂല്യവും പോറ്റമ്മയോ പിതാവോ പ്രതീക്ഷിച്ചിരുന്നില്ല.
പോറ്റാന്‍ ഏല്‍പ്പിച്ചുകൊടുക്കുന്ന പുത്രന്റെ കാര്യത്തില്‍ എല്ലാ ബാധ്യതകളും അവന്റെ പിതാവിന്റേതുതന്നെയാണ്. ആ ഘടനയില്‍ പിതാമഹനെന്നത് അകലെയാണ്. ആമിനയുടെ കുട്ടിയുടെ കാര്യത്തില്‍ അബ്ദുല്‍ മുത്വലിബ് എന്ന രക്ഷിതാവ് ഏറെ പ്രായമുള്ള, ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന ആളാണ്. അയാള്‍ മരിച്ചാല്‍ ആയാളുടെ മക്കള്‍ക്കായിരിക്കും അനന്തരാവകാശം; പേരക്കുട്ടിക്കല്ല. ആമിനയകട്ടെ ദരിദ്രയായിരുന്നു. കുട്ടിയുടെ കാര്യമെടുത്താല്‍, അവന്റെ പിതാവ് സ്വത്ത് സമ്പാദിക്കുന്നതിനുമുന്‍പ് മരിച്ചുപോയിരുന്നു. അദ്ദേഹം അവര്‍ക്കായി ഇട്ടേച്ചുപോയത് അഞ്ച് ഒട്ടകങ്ങളും ഏതാനും ചെമ്മരിയാടുകളും കോലാടുകളും ഒരു അടിമസ്ത്രീയും മാത്രം. അബ്ദുല്ലയുടെ മകന്‍ നിശ്ചയമായും വലിയ കുടുംബത്തിലെ ഒരു സന്തതി തന്നെ. പക്ഷേ, ആ വര്‍ഷം മുലയൂട്ടാന്‍ ഏല്‍പ്പിക്കപ്പെട്ട കുട്ടികളില്‍ ഏറ്റവും ദരിദ്രനും അവന്‍ തന്നെ.
നേരെമറിച്ച്, വളര്‍ത്തുപിതാക്കള്‍ സമ്പന്നരാകണമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും അവര്‍ ദരിദ്രകുടുംബമാവുന്നത് ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആ വര്‍ഷത്തെ മുലയൂട്ടല്‍ ദൗത്യസംഘത്തില്‍ ഏറ്റവും ദരിദ്രര്‍ ഹലീമയും അവരുടെ ഭര്‍ത്താവുമായിരുന്നു. ഹലീമക്കും മറ്റൊരു സ്ത്രീക്കുമിടയില്‍, ആളുകള്‍ തെരഞ്ഞെടുത്തത് ഹലീമയെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ബനീസഅദ് ഗോത്രത്തിലെ എല്ലാ സ്ത്രീകള്‍ക്കും വളര്‍ത്തു കുട്ടികളെ കിട്ടിയെങ്കിലും ഹലീമക്കു മാത്രം ആരെയും കിട്ടിയില്ല. അതെ, പോറ്റമ്മയെ പോലും ലഭിക്കാതെ പരമദരിദ്രനായ ഒരാണ്‍കുട്ടിയും.
ഹലീമ തന്റെ വര്‍ത്തമാനം തുടരുകയാണ്:
'ഞങ്ങള്‍ മക്ക വിടാന്‍ തീരുമാനിച്ചനേരം ഞാനെന്റെ ഭര്‍ത്താവിനോട് പറഞ്ഞു: മുലയൂട്ടാന്‍ ഒരു കുട്ടിയെ ലഭിക്കാതെ ഞാനെന്റെ സുഹൃത്തുക്കളോടൊപ്പം തിരിച്ചുപോകാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാന്‍ പോയി ആ അനാഥബാലനെ നമ്മുടെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നു. 'നീ ആഗ്രഹിക്കുംപോലെ' അദ്ദേഹം സമ്മതം തന്നു. 'ദൈവം അവനിലൂടെ നമ്മെ അനുഗ്രഹിക്കുമായിരിക്കും'. അങ്ങനെ മറ്റൊരു കുട്ടിയെയും കിട്ടാത്ത ഒറ്റ കാരണത്താല്‍ മാത്രം ഞാനവനെ മുലയൂട്ടാനായി സ്വീകരിച്ചു. അവനെയുമെടുത്ത് ഞാന്‍ ഞങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിടത്തേക്കുപോയി. കുട്ടിയെ എന്റെ മാറോട് ചേര്‍ത്തതേയുള്ളൂ. എന്റെ മുലകള്‍ അവനു നല്‍കാനായി നിറഞ്ഞുകവിഞ്ഞു. അവന്‍ മതിയാവോളം കുടിച്ചു. ഒപ്പം അവന്റെ വളര്‍ത്തു സഹോദരനും കുടിച്ചു. രണ്ടുപേരും ശാന്തരായി ഉറങ്ങി. എന്റെ ഭര്‍ത്താവ് ഞങ്ങളുടെ പെണ്ണൊട്ടകത്തിന്റെ അടുത്തേക്ക് പോയി. എന്തൊരല്‍ഭുതം! അതിന്റെ അകിടുകള്‍ നിറഞ്ഞിരിക്കുന്നു. അയാള്‍ പാല്‍ കറന്നെടുക്കുകയും ഞങ്ങള്‍ രണ്ടുപേരും മതിയാവോളം കുടിക്കുകയും ചെയ്തു. മനോഹരമായ രാത്രിയാണ് ഞങ്ങള്‍ അനുഭവിച്ചത്. പ്രഭാതം വിടര്‍ന്നപ്പോള്‍ ഭര്‍ത്താവ് എന്നോട് പറഞ്ഞു: 'ലഹീമാ, ദൈവമാണെ സത്യം, നീ മലയൂട്ടാന്‍ സ്വീകരിച്ച കുട്ടി അനുഗൃഹീതന്‍ തന്നെ.'
'നിശ്ചയം, എന്റെ പ്രതീക്ഷയും അതു തന്നെയായിരുന്നു- ഞാന്‍ മറുപടി നല്‍കി: ഞാനും പുതിയ കുട്ടിയും എന്റെ കഴുതപ്പുറത്താണ് സഞ്ചരിച്ചത്. കഴുത ഞങ്ങളെയും കൊണ്ട് അതിശീഘ്രം ഓടി. സഹയാത്രികര്‍ ഞങ്ങളോട് അവരെ കാത്തിരിക്കാനും വേഗത കുറക്കാനും ആവശ്യപ്പെട്ടു. അവരില്‍ ചിലര്‍ ചോദിച്ചു: നീ ഇങ്ങോട്ടു വരുമ്പോള്‍ യാത്ര ചെയ്ത അതേ കഴുതയല്ലേ ഇത്? ഞാന്‍ പറഞ്ഞു: ദൈവമാണെ സത്യം, കഴുത പഴയതുതന്നെ. എന്നാല്‍, അവളില്‍ എന്തോ അല്‍ഭുതകരമായ മാറ്റം സംഭവിച്ചിരിക്കുന്നു- അവരെല്ലാം പറഞ്ഞു.
'ഞങ്ങള്‍ ബനീസഅദ് ഗ്രാമത്തിലെ കൂടാരങ്ങളില്‍ എത്തിച്ചേര്‍ന്നു. എനിക്ക് തോന്നുന്നത് പടച്ചവന്റെ ഭൂമിയില്‍ ഞങ്ങളുടേതിനേക്കാള്‍ പച്ചപ്പില്ലാത്ത ഒരു നാടും വേറെയില്ലെന്നാണ്. എന്നാല്‍, ഞങ്ങള്‍ കുട്ടിയുമായി തിരിച്ചെത്തിയ നാള്‍ മുതല്‍ കന്നുകാലികളെല്ലാം വയറു നിറച്ച് തിരിച്ചുവരികയും ധാരാളം പാല്‍ തരികയും ചെയ്തുതുടങ്ങി. ഞങ്ങള്‍ പാല്‍ കറന്നെടുത്ത് സന്തോഷത്തോടെ കുടിച്ചു. എന്നാല്‍, അയല്‍പക്കത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കറന്നെടുക്കാന്‍ പാലുണ്ടായിരുന്നില്ല. പല ഇടയന്മാരും പറയാറുണ്ടായിരുന്നു. ഹലീമയുടെ ആടുകള്‍ മേയുന്നിടത്ത് കെട്ടിയാലേ പാല്‍ കിട്ടുകയുള്ളൂവെന്ന്. അങ്ങനെ അവര്‍ ചെയ്‌തെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഞങ്ങള്‍ക്കാകട്ടെ സമൃദ്ധമായി പാല്‍ ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടിക്ക് രണ്ട് വയസാകുന്നതുവരെ ദൈവത്തില്‍ നിന്നുള്ള ഈ അനുഗ്രഹവര്‍ഷം തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടു വയസ് പൂര്‍ത്തിയായപ്പോള്‍ ഞാനവനെ മുലകുടിയില്‍ നിന്നും മാറ്റി. അവന്‍ നന്നായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.'
ഹലീമ തന്റെ വിവരണം തുടരുന്നു:
'വളര്‍ച്ചയില്‍ മറ്റു കുട്ടികളൊന്നും അവന് സമാനരല്ല. രണ്ടു വയസാകുമ്പോള്‍ തന്നെ അവന്‍ അരോഗദൃഢഗാത്രനായിരുന്നു. ഞങ്ങള്‍ അവനെയുമെടുത്ത് അവന്റെ മാതാവിനടുത്തേക്കു പോയി. ഞങ്ങള്‍ക്കിനിയും കുറെ നാളുകള്‍ കൂടി അവന്‍ ഞങ്ങളോടൊപ്പം കഴിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കാരണം, അവന്റെ സാന്നിധ്യം ഞങ്ങളിലുണ്ടാക്കിയ സമൃദ്ധി വാക്കുകള്‍ക്കതീതമാണ്. ഇതെല്ലാം മനസില്‍ വച്ച് ഞാനവന്റെ ഉമ്മയോടു പറഞ്ഞു: ഈ പിഞ്ചുപൈതലിനെ കുറച്ചു നാളുകള്‍ കൂടി അവന്‍ കൂടുതല്‍ ബലവാനായി വളരും വരെ ഞങ്ങള്‍ക്കു വിട്ടുതരണം. മക്കയില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് മഹാമാരി അവനെയും ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവസാനം ഞങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ ശല്യപ്പെടുത്തലിനു വഴങ്ങി അവര്‍ കുട്ടിയെ ഒരിക്കല്‍ കൂടി ഞങ്ങളോടൊപ്പം പറഞ്ഞുവിടാന്‍ സമ്മതിക്കുകയും സസന്തോഷം അവനെയും കൊണ്ട് ഞങ്ങള്‍ വീട്ടിലെത്തിച്ചേരുകയും ചെയ്തു.
വീട്ടിലേക്കു തിരിച്ചെത്തി മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം അവന്റെ സഹോദരന്‍ ഓടിക്കൊണ്ട് ഞങ്ങളിലേക്കുവന്നു. അവര്‍ രണ്ടു പേരും ഞങ്ങളുടെ കൂടാരങ്ങള്‍ക്കു പിറകിലുള്ള പുല്‍മേടുകളില്‍ ആടുകളെ മേയ്ക്കുകയായിരുന്നു. അവന്‍ പറഞ്ഞുതുടങ്ങി:
എന്നോടൊപ്പമുള്ള ഖുറൈശി സഹോദരന്‍... ശരീരമാകെ വിറച്ചുകൊണ്ട് അവന്‍ പറയുകയാണ്: വെള്ളവസ്ത്രധാരികളായ രണ്ടുപേര്‍ വന്ന് അവനെ എടുത്തു കൊണ്ടുപോവുകയും എന്നിട്ട് ഒരിടത്ത് മലര്‍ത്തിക്കിടത്തി അവന്റെ നെഞ്ചു പിളര്‍ന്ന് അവരുടെ കൈകള്‍ ഉള്ളിലിട്ട് ഇളക്കുകയും ചെയ്തു!
ഈ വൃത്താന്തം കേട്ടപാടെ ഞാനും ഭര്‍ത്താവും അവന്റെ അടുത്തേക്ക് ഓടിപ്പോയി. അപ്പോള്‍ അവന്‍ മങ്ങിയ മുഖഭാവത്തോടെ ഒരിടത്ത് നില്‍ക്കുകയായിരുന്നു. ഞങ്ങളിലേക്ക് ചേര്‍ത്ത് പിടിച്ചു ചോദിച്ചു: എന്താണ് പൊന്നുമോനേ സംഭവിച്ചത്? അവന്‍ പറഞ്ഞു: വെള്ള വസ്ത്ര ധാരികളായ രണ്ടുപേര്‍ വരികയും എന്നെ മലര്‍ത്തിക്കിടത്തി നെഞ്ചുതുറക്കുകയും എന്നിട്ട് എനിക്ക് അറിയാന്‍ പാടില്ലാത്തതെന്തോ അവര്‍ അതിനുള്ളില്‍ തിരുകുകയും ചെയ്തു!
ഹലീമയും ഭര്‍ത്താവ് ഹാരിസും ആ വഴിയും ഈ വഴിയുമെല്ലാം പരതിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടികളുടെ റിപ്പോര്‍ട്ട് പ്രകാരം ദേഹപരിശോധന നടത്തിയപ്പോള്‍ ചോരപ്പാടോ മുറിപ്പാടോ കണ്ടെത്താനുമായില്ല. പല രീതിയിലും കുട്ടികളെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ ആദ്യം പറഞ്ഞതുതന്നെ വള്ളിപുള്ളി തെറ്റാതെ വീണ്ടും പറഞ്ഞു. പോറ്റുപുത്രന്റെ ഹൃദയഭാഗത്ത് എന്തെങ്കിലും പാടുകളോ അവന്റെ കൊച്ചുഗാത്രത്തില്‍ എന്തെങ്കിലും കളങ്കമോ ഉണ്ടായിരുന്നില്ല. അസാധാരണമായ ഒരു സവിശേഷത, കുട്ടിയുടെ രണ്ട് ചുമലുകളുടെയും പിന്‍ഭാഗത്ത്, മധ്യഭാഗത്തായി ദീര്‍ഘവൃത്താകൃതിയില്‍ ഇത്തിരി ഉയര്‍ന്നുനില്‍ക്കുന്ന ഒരുതൊലിപ്പാടാണ്. അതു കണ്ടാല്‍ കുപ്പിച്ചില്ലുകൊണ്ട് വാര്‍ന്നുപോയതുപോലെ തോന്നും. അതാകട്ടെ ജന്മനാ തന്നെ അവിടെയുള്ളതാണുതാനും.
വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവത്തെ പ്രാവാചകന്‍ വിവരിച്ചത് ഇങ്ങനെയാണ്: ''എന്റെ അടുത്ത് രണ്ടാളുകള്‍ വന്നു. ശുഭ്രവസ്ത്രധാരികളായ അവരുടെ കൈയില്‍ സ്വര്‍ണനിറത്തിലുള്ള ഒരു കപ്പ് നിറയെ മഞ്ഞുതുള്ളികളുണ്ടായിരുന്നു. വന്നവര്‍ എന്നെ പിടിച്ച് മലര്‍ത്തിക്കിടത്തുകയും എന്റെ നെഞ്ചു പിളര്‍ന്ന് എന്റെ ഹൃദയം പുറത്തെടുക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നു കറുത്ത നിറത്തിലുള്ള ഒരു രക്തപിണ്ഡം എടുത്തുമാറ്റി. പിന്നീട് എന്റെ ഹൃദയവും നെഞ്ചും മഞ്ഞുജലത്താല്‍ കഴുകി.'' അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: ''പിശാച് എല്ലാ ആദം സന്തതികളെയും അവരുടെ മാതാവ് ഗര്‍ഭം ധരിക്കുന്ന വേളയില്‍ സ്പര്‍ശിക്കുന്നു. എന്നാല്‍, അങ്ങനെ സ്പര്‍ശിക്കാത്തത് മര്‍യമിനെയും അവളുടെ പുത്രനെയുമാണ്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."