'ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണം'
തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
സര്‍ജിക്കല്‍ ഉപകരണങ്ങളും മറ്റും യാതൊരു മാനദണ്ഡവുമില്ലാതെ ആര്‍ക്കും വിറ്റഴിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മിഷന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും വിശദ്ദീകരണം വാങ്ങിയിരുന്നു. ശരീരത്തില്‍ നിഷേപിക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് എല്ല് രോഗവിഭാഗത്തിന്റെയും ഹൃദ് രോഗവിഭാഗത്തിന്റെയും നിര്‍മാണ വിതരണ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ജനുവരി ഒന്നിന് നിലവില്‍ വന്ന മെഡിക്കല്‍ ഡിവൈസ് റൂള്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിര്‍മാണ നിയന്ത്രണങ്ങള്‍ രോഗികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നുണ്ട്. ബി.ഐ.എസ് നിബന്ധനകള്‍ക്ക് വിധേയമായാണ് ഹൃദയശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലിറക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശരീരത്തില്‍ നിഷേപിക്കുന്ന ഇത്തരം ഉപകരണങ്ങളെ മരുന്നായിട്ടാണ് കണക്കാക്കുന്നത്.
ഡ്രഗ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കാനാവില്ല. ആശുപത്രിയില്‍ നിന്നും വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് കൃത്യമായ ബില്‍ നല്‍കാറുണ്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്താറുമുണ്ട്.
പിഴവുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആശുപത്രികള്‍ക്ക് മുന്നിലെ പെട്ടികടകളില്‍ നിന്നുപോലും ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങാമെന്നും ഇതിനു പിന്നില്‍ വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാരന്‍ നല്‍കിയ ആക്ഷേപത്തില്‍ പറഞ്ഞു.
ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അധികാരികളുടെ നിയമപരമായ ബാധ്യതയാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും സംസ്ഥാന പൊലിസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."