ഗ്രാമത്തിന്റെ ജനകീയ ഡോക്ടര്‍ രാമകൃഷ്ണന്‍ ഓര്‍മയായി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ജനകീയ ഡോക്ടര്‍ പി രാമകൃഷ്ണന്‍ ഓര്‍മയായി. മംഗളൂരുവില്‍ നിന്നു തൃക്കരിപ്പൂര്‍ ഗ്രാമത്തിലേക്ക് ആതുരസേവനത്തിനായി എത്തിയ ഡോ. സാംബ ഷെട്ടിക്ക് ശേഷം തൃക്കരിപ്പൂരിനു ലഭിച്ച ജനകീയ ഡോക്ടറായിരുന്നു രാമകൃഷ്ണന്‍. കുറിച്ചു നല്‍കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കാതെയെത്തിയാല്‍ വഴക്കും ചിലപ്പോള്‍ സ്‌നേഹത്തോടെയുള്ള അടിയും ഉറപ്പാണ്. പലപ്പോഴും മരുന്നിനുള്ള തുകയും കൊടുത്തുവിടും.
നെഞ്ചുരോഗ വിദഗ്ദനായ അദ്ദേഹം വില കുറഞ്ഞ മരുന്നുകള്‍ മാത്രമാണു രോഗികള്‍ക്കു കുറിച്ചു നല്‍കിയിരുന്നത്. ആദ്യ കാലത്ത് രണ്ടും മൂന്നും രൂപയാണു ഫീസായി ഈടാക്കിയിരുന്നത്. ഇതിനാല്‍ മരുന്നു കമ്പനികളുടെ പ്രതിനിധികള്‍ രാമകൃഷ്ണനെ കാണാനും മടികാട്ടിയിരുന്നു. വൈദ്യ രംഗത്തെ അരുതായ്മകളോടു നിരന്തരം കലഹിച്ചു.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു പഠനച്ചെലവു പോലും നല്‍കിയിരുന്നു. ഏതു പാതിരാത്രിയിലും രോഗികളുടെ വീടുകളില്‍ കാല്‍നടയായി എത്തിയെങ്കിലും ചികിത്സ നല്‍കും.
പയ്യന്നൂര്‍ അന്നൂരിലെ നിര്‍ധന കുടുംബത്തില്‍ കുപ്പേരി ചാത്തപ്പ പൊതുവാളിന്റെയും എ.പി ചിരിയ കുഞ്ഞിന്റെയും മകനായി ജനിച്ച രാമകൃഷ്ണന്‍ തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു. ശ്രീകണ്ഠപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനം തുടങ്ങി. പരിയാരം ടി.ബി സാനിറ്റോറിയത്തില്‍ ടി.ബി ഓഫിസറായി.
തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പദവിയിലെത്തിയെങ്കിലും സ്വയം വിരമിച്ചു ഗ്രാമസേവനത്തിനിറങ്ങുകയായിരുന്നു.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണു മരണം സംഭവിച്ചത്. തൃക്കരിപ്പൂരിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."