ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണം: ഹൈക്കോടതി
കൊച്ചി : ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിച്ചതിനെതിരെ മലയാളി താരം പിയു ചിത്ര നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടുകയും ഇ - മെയിലിലൂടെയോ ഫാക്‌സ് മുഖേനയോ മറുപടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഫെഡറേഷന്‍ അധികൃതര്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി വിശദീകരണം നല്‍കിയില്ല. തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനില്‍ സര്‍ക്കാരിന്റെ പങ്കാളിത്തമെന്ത് , ഫെഡറേഷന് ഫണ്ട് ലഭിക്കുന്നതെങ്ങനെ, മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളത്. നോട്ടിസ് നല്‍കിയിട്ടും ഫെഡറേഷന്‍ ഹാജരാകാത്തതിന്റെ കാരണം അറിയിക്കാനും കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.
ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമായി ഭരണപരമായി ഒരു ബന്ധവുമില്ലെന്ന് ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) അഭിഭാഷകന്‍ അറിയിച്ചു. ജൂലൈയില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ കായിക മേളയില്‍ 1500 മീറ്ററില്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ചിത്ര സ്വര്‍ണ മെഡല്‍ നേടിയതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും ചിത്രയുടെ അഭിഭാഷകന്‍ വാദിച്ചു. ഏഷ്യന്‍ കായിക മേളയിലെ വിജയിയെന്ന നിലയില്‍ ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ അധികൃതര്‍ അവസരം നിഷേധിക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് നാല് മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്ന 24 അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് ചിത്രയെ ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."