ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
മണ്ണാര്‍ക്കാട്: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ ന്യൂനതകളും അപാകതകളും കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.
എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോടു ചര്‍ച്ച ചെയ്യാതെയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേരാതെയും ഗതാഗത സംവിധാനത്തില്‍ വരുത്തിയ മാറ്റം വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ക്ലേശങ്ങളുളവാക്കുന്നതാണ്.
നഗരത്തിലെ ആതുര ചികിത്സാ കേന്ദ്രങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ആശ്രയിച്ചിരുന്ന ഉപഭോക്താക്കളില്‍ പകുതിയിലധികം പേരും സമീപ പട്ടണങ്ങളിലേക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യേണ്ട ഗതികേടിലാണിപ്പോള്‍. ഏര്‍പ്പെടുത്തിയ പരിഷ്‌കാരത്തിന്റെ മേന്മകള്‍ ഉള്‍ക്കൊണ്ടു തന്നെ പോരായ്മകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം.
വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഏതാനും മണിക്കൂറുകളിലൊഴികെ മുഴുവന്‍ സമയവും കുന്തിപ്പുഴയില്‍നിന്ന് നഗരത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിടണം.
സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയിടങ്ങളിലേക്ക് മാര്‍ഗ തടസം ഉണ്ടാക്കുന്ന ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കണം.
ജനപ്രതിനിധികളെ അവഗണിച്ച് ഉദ്യോഗസ്ഥ മേധാവികള്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരങ്ങള്‍ നീതികരിക്കാനാവാത്തതും പ്രതിഷേധാര്‍ഹവുമാണ്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെയും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, വ്യാപാരികളുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവരുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് ഗതാഗത ക്രമീകരണത്തിലെ പാളിച്ചകള്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യമുന്നയിച്ചു.
യോഗത്തില്‍ ടി.എ.സലാം അധ്യക്ഷനായി. പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.
കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. മുഹമ്മദ് ബഷീര്‍, കറൂക്കില്‍ മുഹമ്മദാലി, എം. മമ്മദ് ഹാജി, കൊളമ്പന്‍ ആലിപ്പു ഹാജി, എം.പി.എ ബക്കര്‍, തച്ചമ്പറ്റ ഹംസ, എം.കെ മുഹമ്മദാലി, ടി.കെ മരക്കാര്‍, ഹമീദ് കൊമ്പത്ത്, എം.കെ ബക്കര്‍, റഷീദ് മുത്തനില്‍, ഹുസൈന്‍ കോളശ്ശേരി, ആലായന്‍ മുഹമ്മദാലി, നാസര്‍ പുളിക്കല്‍, നാസര്‍ കൊമ്പത്ത്, ഷമീര്‍ പഴേരി, പാറശ്ശേരി ഹസന്‍, ബഷീര്‍ തെക്കന്‍, പി. മുഹമ്മദാലി അന്‍സാരി, അസീസ് പച്ചീരി, റഫീഖ് കുന്തിപ്പുഴ, കെ.സി അബ്ദുറഹിമാന്‍, പി. ഷാനവാസ്, മജീദ് തെങ്കര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."