യു.എ.പി.എ കേസ് ചുമത്തിയത് തെറ്റായ നടപടിയെന്ന് സിപി.എം സെക്രട്ടറി സീതാറാം യെച്ചൂരി: അഖിലേന്ത്യാ നേതൃത്വത്തെ തള്ളി പ്രാദേശിക നേതൃത്വം
കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ കോഴിക്കോട്ടെ രണ്ടു വിദ്യാര്‍ഥികളെ സി.പി.എം പുറത്താക്കിയതിനുപിന്നാലെ ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് തെറ്റായ നടപടിയാണെന്ന് സിപി.എം സെക്രട്ടറി സീതാറാം യെച്ചൂരിയും. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. നേരത്തെ പ്രകാശ് കാരാട്ടും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നുവെങ്കിലും തെറ്റുതിരുത്താന്‍ സര്‍ക്കാരോ സി.പി.എമ്മോ തയ്യാറായില്ല.
പൊലിസിനെകൊണ്ട് നടപടി തിരുത്തിക്കേണ്ടത് സര്‍ക്കാരാണെന്നും സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരത് ചെയ്യണമെന്നുമായിരുന്നു കകാരാട്ട് ആവശ്യപ്പെട്ടിരുന്നത്. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നുമാത്രമല്ല, പൊലിസ് കണ്ടത്തലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് സര്ക്കാരിനുപുറമേ പാര്‍ട്ടിയും നല്കുന്ന കാഴ്ചയാണ് കണ്ടത്.
ഏറ്റവും ഒടുവില്‍ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിനെയും താഹ ഫസലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് പാര്‍ട്ടി നയം വ്യക്തമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ നേതൃത്വത്തെ പ്രാദേശിക നേതൃത്വവും സംസ്ഥാന നേതൃത്വവും തള്ളിക്കളഞ്ഞിരിക്കുകയാണ്. സിപിഎം ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ഇവരെ പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി ദാസന് പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. തല്ക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനുമാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."