അനാഥമായി ഒളപ്പമണ്ണ സ്മൃതിമണ്ഡപം
പാലക്കാട്: സാഹിത്യ ലോകത്ത് പാലക്കാടിന്റെ അഭിമാനമായ മഹാകവി ഒളപ്പമണ്ണയുടെ സ്മൃതി മണ്ഡപം അനാഥമായി കിടക്കുന്നു. കോട്ടമൈതാനത്ത് ഡി.ടി.പി.സി. ആസ്ഥാനത്തോടു ചേര്‍ന്ന് നിലകൊള്ളുന്ന സ്മൃതി മണ്ഡപം തിരിഞ്ഞു നോക്കിയിട്ടു തന്നെ വര്‍ഷങ്ങളോളമായി.
2012ല്‍ അന്നത്തെ കലക്ടര്‍ മോഹന്‍കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഡി.ടി.പി.സി.യുടെ ഫണ്ടുപയോഗിച്ച് കവിയുടെ സ്മരണാര്‍ഥം 'ഒളപ്പമണ്ണ സ്മരണിക' എന്ന പേരില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പോലും ഇന്നു വരെ അധികൃതര്‍ക്കായിട്ടില്ല. ഉപയോഗശൂനൃമായി കിടക്കുന്ന ഒരു തറ മാത്രമാണ് സ്മൃതി മണ്ഡപമായി നിലകൊള്ളുന്നത്.
കവിതകളിലൂടെ ആനുകാലിക വിഷയങ്ങളില്‍ ശക്തമായി ഇടപെട്ടിരുന്ന പാലക്കാടന്‍ ജീവിതാനുഭവങ്ങള്‍ തന്റെ കവിതകളില്‍ ചാലിച്ചിരുന്ന മഹാകവിയോട് കാണിക്കുന്ന അവഗണനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഉദ്ഘാടന ശേഷം ഒന്നോ രണ്ടോ ചെറിയ പരിപാടികള്‍ നടന്നതൊഴിച്ചാല്‍ പിന്നീടിങ്ങോട്ട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് സാഹിതൃ ലോകത്തിനു തന്നെ നാണക്കോടാണ്. കവിതയേയും സാഹിത്യത്തെയും നെഞ്ചോടു ചേര്‍ത്തിയ കവിക്ക് വേണ്ടി ഉചിതമായൊരു സ്മാരകം പണിയാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."