ജില്ലാകോടതിക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് പദ്ധതിയൊരുക്കുന്നു
പാലക്കാട്: പുരാവസ്തു വകുപ്പ് പരിശോധന കഴിഞ്ഞതോടെ തടസപ്പെട്ടുകിടക്കുന്ന ജില്ലാകോടതി കെട്ടിടനിര്‍മാണത്തിന് പദ്ധതിയൊരുങ്ങുന്നു. സ്ഥലം ലഭിച്ച് വര്‍ഷങ്ങളായിട്ടും പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ പുതിയ ജില്ലാ കോടതി കെട്ടിടനിര്‍മാണം തുടങ്ങാന്‍ സാധിച്ചിട്ടില്ല.
മെയ് ആദ്യമാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കോടതി കെട്ടിടമാരംഭിക്കുന്നതിന് അനുവദിച്ച ജില്ലാ പഞ്ചായത്തിന് സമീപമുള്ള സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇതോടൊപ്പം പാലക്കാട് കോട്ടമൈതാനത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍, വാടിക എന്നിവിടങ്ങളിലും അറ്റകുറ്റപ്പണിക്കുള്ള അനുമതി നല്‍കുന്നതിനായി പുരാവസ്തുവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
ജില്ലാ കോടതിയില്‍ 14 കോടതികള്‍, ഒരു എം.എ.സി.ടി ഇതിലെല്ലാമായി 2,000 ജീവനക്കാരാണ് ഉള്ളത്. ഇവക്കെല്ലാംകൂടി പ്രവര്‍ത്തിക്കാനുള്ള സ്ഥലസൗകര്യമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒന്നും ഇവിടെയില്ല.
കോടതിയിലെത്തുന്നവരും കോടതി ജീവനക്കാരും ഈ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇക്കാരണത്താലാണ് കോടതി സമുച്ചയം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തിന് സമീപം രണ്ടേക്കര്‍ 95 സെന്റ് സ്ഥലവും ഇതിനായി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇവിടെ ആറുനിലക്കെട്ടിടം സ്ഥാപിക്കാനുള്ള ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളുടെ പരിധിയുടെ 200 മീറ്ററിനകത്ത് സ്മരാകങ്ങളേക്കാള്‍ ഉയരത്തില്‍ കെട്ടിടങ്ങള്‍ അനുവദിക്കണമെങ്കില്‍ പുരാവസ്തുവകുപ്പിന്റെ അനുമതി ആവശ്യമാണ്.
ഇത് ലഭ്യമാകാത്തതിനാലാണ് നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോയത്.
രണ്ടേക്കര്‍ 95 സെന്റ് സ്ഥലത്തിലെ 10 സെന്റ് ഹൈക്കോടതിയുടെ കീഴിലുള്ള മീഡിയേഷന്‍ സെന്ററിനായി വിട്ടുകൊടുത്തിരുന്നു. ഇതിനായുള്ള ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് ആര്‍ക്കിയോളജിവകുപ്പിന് ഡല്‍ഹിയില്‍നിന്ന് എന്‍.ഒ.സി ലഭിക്കണം.
എന്‍.ഒ.സി ലഭിച്ചപ്പോഴേക്കും മീഡിയേഷന്‍ സെന്ററിനായി ലഭിച്ച് ഫണ്ട് പാഴായിപ്പോവുകയായിരുന്നു.
ആറു ജില്ലാകോടതികള്‍, രണ്ട് സബ് കോടതികള്‍, രണ്ട് മുന്‍സിഫ് കോടതികള്‍, ഒരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മൂന്ന് മജിസ്‌ട്രേറ്റ് കോടതികള്‍ എന്നിവയാണ് ജില്ലാകോടതി സമുച്ചയത്തിലുള്ളത്.
ഇവിടെയെത്തുന്നവര്‍ക്ക് ആവശ്യത്തിന് ഇരിപ്പിട സൗകര്യം, കുടിവെള്ളസൗകര്യം ശൗചാലയസൗകര്യം ഇവയൊന്നും ആവശ്യത്തിനില്ല.
ഇത് പരിഹരിക്കണമെങ്കില്‍ പുതിയ കെട്ടിടം കൂടിയേ തീരൂ. പുരാവസ്തുവകുപ്പ് കെട്ടിടം നിര്‍മാണത്തിനുള്ള അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കോടതി ജീവനക്കാരും നഗരവാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."