മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍: പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി
മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും അനുമതി
കൊച്ചി: മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ ഉണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിനു കാരണമായ കൃത്യത്തില്‍ പൊലിസിന് പങ്കുണ്ടോയെന്നു പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും കോടതി അനുമതി നല്‍കി.
മൃതദേങ്ങള്‍ സംസ്‌കരിക്കുന്നതിനു മുന്‍പ് രണ്ടു ശവശരീരങ്ങളിലെയും എല്ലാ വിരലുകളുടെയും വിരലടയാളങ്ങള്‍ ശരിയായ നിലയില്‍ എടുത്ത് നഷ്ടപെടാത്ത രീതിയില്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. പൊലിസിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനും നല്‍കിയ ഹരജികളിലാണ് ഏറ്റുമുട്ടല്‍ സംബസിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.
2004 ഫെബ്രുവരിയില്‍ ഒഡിഷയിലെ കോരാപ്പുട്ട് ജില്ലാ ആയുധശേഖരം ആക്രമിച്ച് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 0.303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. മാവോയിസ്റ്റുകളുടെ മരണകാരണം ഏറ്റുമുട്ടലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ വിരലടയാളങ്ങള്‍ ശേഖരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഏറ്റുമുട്ടലിനും മറ്റും ഉപയോഗിച്ച ആയുധങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിക്കു ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."