250ഓളം കടകളില്‍ മോഷണം: പൊന്നാനി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍
പൊന്നാനി: ആഡംബര ബൈക്കില്‍ കറങ്ങിനടന്ന് വിവിധ ജില്ലകളിലായി 250ഓളം കടകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.
പൊന്നാനി സ്വദേശികളായ പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്‌സിര്‍ ദര്‍വേഷ് (21), സായ്ക്കനാത്ത് വീട്ടില്‍ മുഹമ്മദ് അസ്‌ലം (20) എന്നിവരാണ് പിടിയിലായത്. അങ്കമാലി ബാങ്ക് ജങ്ഷനു സമീപമുള്ള ആദം കോംപ്ലക്‌സില്‍ ആറ് കടകള്‍ കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ച കേസില്‍ അങ്കമാലി പൊലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാത്രി അങ്കമാലി, കാലടി, മറ്റൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ പരമ്പരയെ തുടര്‍ന്ന് ആലുവ ഡിവൈ.എസ്.പി എന്‍.ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികള്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുള്ള ലോഡ്ജില്‍നിന്ന് പിടിയിലായത്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തേണ്ട കടകള്‍ കണ്ടെത്തുകയും എവിടെയെല്ലാം സി.സി.ടി.വി കാമറകള്‍ ഉണ്ടെന്ന് പരിശോധിക്കുകയും രാത്രി 12ന് ശേഷം സി.സി.ടി.വി കാമറകള്‍ നശിപ്പിച്ച് പൂട്ട് തകര്‍ത്ത് കടകളില്‍ കയറി പണം അപഹരിക്കുകയും ചെയ്യുകയാണ് ഇവരുടെ പതിവ്.
എറണാകുളത്ത് മാത്രം പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ അന്‍പതിലധികം കടകളില്‍ മോഷണം നടത്തിയതായി ഇവര്‍ പൊലിസിനോട്്് സമ്മതിച്ചു. കൂടാതെ കാലടി മറ്റൂര്‍ സഹകരണ സംഘത്തിലെ സി.സി.ടി.വി കാമറയുടെ ഡി.വി.ആര്‍, മറ്റൂരിലെ ദന്താശുപത്രിയില്‍നിന്ന് ഡോക്ടറുടെ ലാപ്‌ടോപ്, പനങ്ങാട് സ്റ്റുഡിയോ കുത്തിത്തുറന്ന് ആറുലക്ഷം രൂപ വിലയുള്ള മൂന്ന് കാമറകള്‍, ആലപ്പുഴ അരൂരില്‍നിന്ന് കട കുത്തിത്തുറന്ന് 2,000 രൂപ, ചെറായിയിലെ ലോട്ടറി കടയില്‍നിന്ന് 3,000 രൂപ, എറണാകുളത്ത് റിയല്‍ ഫാഷനേഴ്‌സില്‍നിന്ന് 38,000 രൂപ, അവിടെ തന്നെയുള്ള സ്‌ക്രിപ്റ്റ് തുണിക്കടയില്‍നിന്ന് 30,000 രുപ എന്നിങ്ങനെ മോഷണം നടത്തിയിട്ടുണ്ട്.
കൂടാതെ പല സ്ഥലങ്ങളില്‍നിന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. കിട്ടുന്ന പണമെല്ലാം ആര്‍ഭാട ജീവിതം നടത്തി ചെലവാക്കുകയാണ് പതിവ്. പ്രതികളെ ഇന്നലെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."