കുട്ടികള്‍ ഭാരമാവുകയാണോ? കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ തലസ്ഥാനമായി കേരളം
ഒരു ശിശുദിനം കൂടി. കുട്ടികളുടെ നല്ല നാളുകള്‍ സ്വപ്‌നങ്ങള്‍ മാത്രമാവുകയാണോ എന്ന ആശങ്കകളെക്കുറിച്ചാകും ഈ ദിനത്തില്‍ സാംസ്‌കാരിക കേരളം ചിന്തിക്കുന്നത്. നമ്മുടെ വീട്ടകങ്ങളില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്നതിന്റെ ഞെട്ടിക്കുന്ന കഥകളും പുറത്തുവരുന്നു. പെറ്റമ്മമാര്‍ തന്നെ പള്ളിമുറ്റത്തും അമ്മതൊട്ടിലും നൊന്തുപെറ്റ കുഞ്ഞുങ്ങളെ വലിച്ചെറിയുന്നു. അല്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊന്നും കൊലവിളിച്ചും എരിഞ്ഞടങ്ങുന്നതും മാതാവോ പിതാവോ അടുത്ത ബന്ധുക്കളോ ആകുന്നു. ഇടുക്കി ശാന്തന്‍പാറയില്‍ അമ്മയും കാമുകനും മുംബൈയില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ ജൊവാനയാകട്ടെ അതിലൊടുവിലെത്തെ ഇര. അമ്മയും സുഹൃത്തും മുംബൈയില്‍ വെച്ച് വിഷം നല്‍കിയ ജൊവാനയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുത്തടിയിലെ മുല്ലൂര്‍ വീട്ടിലെത്തിക്കുന്നത്.
വീട്ടിലേക്കു മടങ്ങിവന്ന ജോവനയുടെ ജീവനില്ലാത്ത ശരീരത്തിന് നല്‍കുവാന്‍ സഹോദരങ്ങളായ ജോയലും ജോഫിറ്റയും അവളുടെ കുഞ്ഞുപാവയാണ് സൂക്ഷിച്ചുവെച്ചത്. അടച്ചുവെച്ച പെട്ടിക്കുള്ളില്‍ കണ്ണടച്ചുറങ്ങുകയായിരുന്നു ആ കുഞ്ഞുമാലാഖ. ആരോടും ഒന്നും മിണ്ടാതെ.
'മമ്മിയും സുഹൃത്തും നേരത്തെ കുഴിച്ചുമൂടിയ പപ്പയുടെ അടുത്തേക്കു പോകുന്ന ജോവനയോട് ഇതും കൊണ്ടുപൊയ്‌ക്കോ കുഞ്ഞൂസേ' എന്നും പറഞ്ഞ് പെട്ടിയുടെ അരികിലേക്ക് ആ പാവയെ നീക്കിയ കാഴ്ച കണ്ടു നിന്നവരുടെ കണ്ണും കരളും നനയ്ക്കുന്നതായിരുന്നു.
കോഴിക്കോട് പന്നിയങ്കരയിലെ മുസ്ലിം പള്ളിക്കുമുമ്പിലാണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവും പിതാവും കഴിഞ്ഞ ആഴ്ചയില്‍ കടന്നു കളഞ്ഞത്. മാതാവ് ഉടനെ അറസ്റ്റിലായി. പിതാവ് ഇന്നും അജ്ഞാത ലോകത്താണ്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായത്. പ്രായപൂര്‍ത്തിപോലുമാകാത്ത പെണ്‍കുട്ടിയടക്കം സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പം കടന്നു കളയുകയായിരുന്നു. ഇവരെ ഉടനെ കണ്ടെത്തിയെങ്കിലും വീട്ടകങ്ങളിലെ പുഴുക്കുത്തുകളായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നിരന്തരമായി വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്.
സംസ്ഥാനത്ത് കുഞ്ഞുങ്ങളോടുള്ള ക്രൂരതകളില്‍ വലിയ മുന്നേറ്റമാണുണ്ടാകുന്നത്. കൊന്നുതള്ളുക മാത്രമല്ല, വിവധ തരത്തിലുള്ള ക്രൂരതകളും അവരോടു കാണിക്കുന്നു. സ്വന്തത്തില്‍ നിന്നുതന്നെ അവര്‍ക്കുനേരെ കഴുകന്‍ കണ്ണുകള്‍ ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് സ്വന്തം ചോരയോടിങ്ങനെ കലി തുള്ളുന്നത് ?എന്തുകൊണ്ടാണ് ഇവര്‍ക്ക് മക്കളൊരു ഭാരമാകുന്നത് ? അമ്മേ...എന്ന വിളി കേള്‍ക്കും മുന്‍പ്, അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം ചോരപ്പൈതങ്ങളുടെ കഴുത്തില്‍ കത്തി താഴ്ത്തിയ കേസുകളില്‍ അമ്മമാര്‍തന്നെ പ്രതിപ്പട്ടികയില്‍ നിറയുന്നത് ?
2018 സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയായിരുന്നു. അന്നു പുലര്‍ച്ചെയാണ് ബാലുശ്ശേരി നിര്‍മല്ലൂരില്‍നിന്ന് ഒരു നവജാത ശിശുവിന്റെയും അമ്മയുടെയും കരച്ചില്‍ പരിസരങ്ങളിലുള്ളവരെല്ലാം കേട്ടത്. പിറ്റേന്ന് നാടുണര്‍ന്നത് ആ ദാരുണമായ കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. കൊല്ലപ്പെട്ടത് നിര്‍മല്ലൂര്‍ പാറമുക്കിലെ വലിയ മലക്കുഴിയില്‍ റിന്‍ഷ (22)യുടെ നവജാത ശിശു. പ്രസവിച്ചയുടനെ കഴുത്തറുത്തു കൊലപ്പെടുത്തിയതാകട്ടെ നൊന്തുപെറ്റ മാതാവ് റിന്‍ഷയും.സംഭവത്തില്‍ റിന്‍ഷയെയും സഹോദരന്‍ റിനീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. നാലുവര്‍ഷം മുന്‍പ് ഉള്ള്യേരി സ്വദേശിയുമായിട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടുവര്‍ഷം മാത്രമേ ആ ബന്ധം മുന്നോട്ടുപോയുള്ളൂ. റിന്‍ഷ വീട്ടില്‍ തന്നെയായിരുന്നു രണ്ടു വര്‍ഷത്തോളം. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും അവരെ ജാമ്യത്തിലിറക്കാന്‍പോലും ആരുമെത്തിയിരുന്നില്ല.
ഈ സംഭവത്തിന്റെ അടുത്തദിനം മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്ന് വീണ്ടും കേട്ടു, മറ്റൊരു ചോരപ്പൈതലിനെ കഴുത്തറുത്ത് കശാപ്പുചെയ്ത കഥ. കേസില്‍ അറസ്റ്റിലായത് മാതാവും സഹോദരനും തന്നെ. കൂട്ടിലങ്ങാടി ചെലൂര്‍ വിളഞ്ഞിപ്പുലാന്‍ നബീലയും(26) സഹോദരന്‍ ശിഹാബു(28) മാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നു പിന്നെയും തൃശൂര്‍ ചേര്‍പ്പില്‍ ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണമായ സംഭവം നമുക്കു മുന്‍പിലെത്തി. പൊലിസ് പിടിയിലായത് 34 കാരിയായ മാതാവ് രമ്യ. ഒക്ടോബര്‍ 23 നാണ് താമരശ്ശേരിയില്‍ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദര ഭാര്യ ജസീലയെയാണ് അറസ്റ്റ് ചെയ്തത്.
മെയ് 16 നായിരുന്നു നാദാപുരത്ത് മൂന്നു വയസുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കിക്കൊലപ്പെടുത്തിയത്. ഇളയ കുഞ്ഞിനെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. പുറമേരി കക്കംവള്ളിയിലെ കുളങ്ങരത്ത് മുഹമ്മദിന്റെ ഭാര്യ സഫൂറ (25)യാണ് അറസ്റ്റിലായത്. അതേദിവസം വട്ടംകുളത്ത് അമ്മയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടംകുളം തൈക്കാട് മഠത്തില്‍ ബൈജുവിന്റെ ഭാര്യ താരയും മകള്‍ അമേഘയുമാണ് (6) മരിച്ചത്. നാദാപുരത്തെ യുവതി ഇന്നു ജാമ്യത്തിലിറങ്ങിയിരിക്കുന്നു. പക്ഷേ, ഒരിക്കലും തുന്നിച്ചേര്‍ക്കാനാകാത്ത വിധം ആ ബന്ധം ഇഴപിരിഞ്ഞിരിക്കുന്നു. കേരളത്തിലെ വീടകങ്ങള്‍ക്കോ മാന്യമായി കുടുംബജീവിതം നയിക്കുന്നവര്‍ക്ക് കുഞ്ഞുമക്കള്‍ ആശയും ആവശ്യവും പ്രതീക്ഷകളുമാണ്. ആശങ്കകളും ഭാരവും ബാധ്യതകളുമാകുന്നത് അരക്ഷിതമായ വീട്ടകങ്ങളിലും അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവര്‍ക്ക് അവിഹിതമാര്‍ഗത്തിലുണ്ടാകുന്ന കുട്ടികള്‍ മാത്രമാണ്. അവരെപോലും അരിഞ്ഞുവീഴ്ത്താനോ വധശിക്ഷ നടപ്പാക്കാനോ ഉള്ള അധികാരമോ അവകാശമോ മാതാപിതാക്കള്‍ക്കില്ല. ബന്ധുക്കള്‍ക്കുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."