നാരായണന്‍കുട്ടിയെ വകവരുത്തിയ കോങ്ങാട് ഉന്മൂലനം
കേരളത്തെ ആകെ ഞെട്ടിക്കുകയും ഭരണസംവിധാനത്തെപ്പോലും ഭീതിയുടെ നിഴലിലാക്കുകയും ചെയ്ത ഒരു നക്‌സലൈറ്റ് ഉന്മൂലനമായിരുന്നു കോങ്ങാട് എ.എം നാരായണന്‍കുട്ടി നായരുടേത്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തീവ്രവാദ നിലപാടിന്റെ പര്യവസാനമായിരുന്നു. എന്നാല്‍ ആക്ഷനില്‍ പങ്കെടുക്കുന്ന ആര്‍ക്കും തന്നെ അദ്ദേഹത്തോട് വ്യക്തിപരമായി വൈരാഗ്യമുണ്ടായിരുന്നില്ല.
പ്രധാനപ്രതിയായി ജീവപര്യന്തം തികച്ച മുണ്ടൂര്‍ രാവുണ്ണി, അയാളെ കാണുന്നതു തന്നെ ആ സമയത്തായിരുന്നു.
കോങ്ങാട് കേസിലെ വിധിന്യായത്തില്‍തന്നെ 'ആരും സ്വന്തം താല്‍പര്യത്തിനു വേണ്ടിയല്ല കൊലനടത്തിയത്. തങ്ങള്‍ വിശ്വസിക്കുന്ന തത്വശാസ്ത്രത്താല്‍ പ്രേരിതമായി സാമൂഹിക മാറ്റത്തിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്' എന്നു പറയുന്നുണ്ട്. 1970 ജൂലൈ 30ന് ആണ് കോങ്ങാട് ആക്ഷന്‍ നടക്കുന്നത്. ഫ്യൂഡല്‍ കുടുംബത്തിലെ തലവനായിരുന്ന ചിന്നക്കുട്ടന്‍നായരുടെ അനിയനാണു നാരായണന്‍കുട്ടിനായര്‍. തല്ലാനും കൊല്ലാനും അധികാരമുള്ള തറവാടായിരുന്നു അത്. അയാളുടെ ജ്യേഷ്ഠന്റെ മരുമകനാണ് അന്നത്തെ ഐ.ജിയായിരുന്ന വി.എന്‍ രാജന്‍. നാരായണന്‍കുട്ടിനായര്‍, തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോകും. എപ്പോഴും എന്തിനും തയാറായി നില്‍ക്കുന്ന സില്‍ബന്തികള്‍. ഇവരില്‍ ഭാര്യയുടെ സഹോദരന്‍ ഗോപാലനായിരുന്നു പ്രധാനി. പേടിയായിരുന്നു നാട്ടിലെല്ലാവര്‍ക്കും. അതുകൊണ്ടുതന്നെ ഏറ്റവും ശരിയായ തെരഞ്ഞെടുക്കലായിരുന്നു അതെന്ന് രാവുണ്ണി പറയുന്നു.
ഇരുപത് പേരായിരുന്നു ആക്ഷനില്‍ പങ്കെടുത്തത്. സാധാരണ ആയുധങ്ങളായിരുന്നു കൈയില്‍. തലേദിവസം ഈ വീടിനു പരിസരത്തായി ആയുധങ്ങള്‍ ശേഖരിച്ചു. ഏഴുപേരടങ്ങുന്ന മൂന്ന് സ്‌ക്വാഡാണ് കണക്കാക്കിയിരുന്നത്. അതില്‍ ഒരാള്‍ വന്നില്ല. ഓരോ സ്‌ക്വാഡിനും ലീഡര്‍. ഇവരെ യോജിപ്പിക്കുന്ന കമാന്‍ഡര്‍. പിന്നെ പൊളിറ്റിക്കല്‍ കമ്മീസാറും. അത് രാവുണ്ണിയായിരുന്നു.
വാര്‍ത്താവിതരണ ബന്ധങ്ങള്‍ ഇതിനിടയ്ക്ക് വിച്ഛേദിക്കപ്പെട്ടു. അകത്തു കടന്നാല്‍ സ്ത്രീകളെയും കുട്ടികളെയും മറ്റുള്ളവരെയും ഉപദ്രവിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പിറകിലെ ഗേറ്റിലൂടെയാണ് മാര്‍ച്ച് നടത്തിയത്. മുന്‍ തീരുമാനപ്രകാരമുള്ള മിന്നല്‍ ആക്രമണം. ഒരു സ്‌ക്വാഡ് മുന്‍വശത്തെ പടിപ്പുരയിലെ ഗുണ്ടകളെ പിടിച്ചുകെട്ടി. മറ്റൊന്ന് വീടുവളഞ്ഞു. ആരെയും പുറത്തുപോകാന്‍ അനുവദിക്കരുതെന്നായിരുന്നു തീരുമാനം. മൂന്നാമത്തെ സ്‌ക്വാഡ് വീടിനകത്തു കയറി പണയവസ്തുക്കളും രേഖകളും ശേഖരിക്കാന്‍ തുടങ്ങി. സ്ത്രീകളുടെ ആഭരണങ്ങള്‍ അഴിച്ചുവാങ്ങി. അവ മുക്കുപണ്ടങ്ങളായിരുന്നെന്ന് പിന്നീടാണു ബോധ്യമായത്.
നാരായണന്‍കുട്ടി നായരും ഭാര്യയും കുളിക്കുകയായിരുന്നു. കുളിമുറിയില്‍ നിന്ന് ഇരുവരെയും പിടിച്ചുകൊണ്ടുവന്നു. നാരായണന്‍കുട്ടിനായരുടെ ഭാര്യയ്ക്ക് വസ്ത്രങ്ങള്‍ നല്‍കി. സ്ത്രീകളെയെല്ലാം ഒരു മുറിയിലാക്കി. അയാളെ പുറത്തേക്കു കൊണ്ടുവന്നു. എഴുതി തയാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് നാരായണന്‍കുട്ടിനായരെ വീടിനു പുറത്തെ കുളത്തിനു സമീപം കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കി. തലയറുത്തെടുത്ത് പടിപ്പുരയിലേക്കു കയറുന്ന പടവില്‍ വച്ചു. നക്‌സല്‍ബാരി സിന്ദാബാദ്, സായുധ കാര്‍ഷിക വിപ്ലവം വിജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികൊണ്ട് വീടും പരിസരവും മുഴങ്ങി. പിന്നീട് ഓരോരുത്തര്‍ പലവഴിക്കായി പിരിഞ്ഞുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."