കിരീടത്തില്‍ നോട്ടമിട്ട് ഇന്ത്യ ഇന്നിറങ്ങും
ഭുവനേശ്വര്‍: 14ാമത് ഹോക്കി ലോകകപ്പിന് ഇന്ന് ഒഡിഷയിലെ ഭൂവനേശ്വറില്‍ തുടക്കമാകും. സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിയ ലോകകപ്പ് കിരീടം മറ്റാര്‍ക്കും കൈവിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യന്‍ സംഘം. സൂപ്പര്‍താരങ്ങളുടെ പ്രഭാവലയത്തിലൊതുങ്ങാതെ യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന സമതുലിതമായ ടീമുമായിട്ടാണ് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്.
ഭുവനേശ്വറില്‍ രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയേയാണ് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തില്‍ നേരിടുന്നത്.ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ ആണ് ഇന്ത്യ. അഞ്ചാം റാങ്കുകാരായ ഇന്ത്യയും 15 ാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത ഇന്ത്യയ്ക്കാണെങ്കിലും കടുത്ത പോരാട്ടം തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.
1975ല്‍ ഹോളണ്ടണ്ടില് നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അത് നേടിയെടുക്കാന്‍ പരിശീലകന് ഹരേന്ദ്ര സിങ്ങിന്റെ ശിഷ്യന്മാര് കഠിന പരിശ്രമത്തിലാണ്.
രണ്ടണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് നേടിയപ്പോള്‍ പരിശീലകനായിരുന്ന ഹരേന്ദ്ര സിങാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.എട്ടുതവണ ഒളിംപിക്സ് ചാംപ്യന്മാരായിരുന്ന ഇന്ത്യ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ് ഹരേന്ദ്ര പറഞ്ഞത്.ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് മികച്ച ജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളിയും മുന്‍ ക്യാപ്റ്റനുമായ ശ്രീജേഷാണ് ഇന്ത്യന്‍ ഗോള്‍വല കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."