പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ച സംഭവത്തില്‍ പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ശബരിമല ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാത്തത് ജഡ്ജി അനുമതി നല്‍കാത്തതിനാലാണെന്നും കോടതി വ്യക്തമാക്കി. മാന്യമായി പെരുമാറുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്തുകൊണ്ടാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പേര് പരാമര്‍ശിക്കാതെ കോടതി ആരാഞ്ഞു. അപമാനിക്കപ്പെട്ട ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും കോടതി വ്യക്തമാക്കി.
പൊലിസ് നിയന്ത്രണങ്ങള്‍ക്കെതിരേയുള്ള ഒരു കൂട്ടം ഹരജി പരിഗണിക്കവെയാണ് കോടതി പൊലിസുദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലിസിന് ദുഷ്‌പ്പേരുണ്ടാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രധാനപ്പെട്ട പല ഉത്തരവുകളും അഡ്വക്കറ്റ് ജനറല്‍ അറിയാത്തത് ഖേദകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്തിന് കൊണ്ടുവന്നുവെന്നതിന് വിശദീകരണം നല്‍കാത്തതാണ് കോടതിയുടെ വിമര്‍ശനത്തിനിടയായത്. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എന്തു സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് കോടതി ആരാഞ്ഞു. അന്നദാന കൗണ്ടര്‍ നിര്‍ത്തലാക്കിയതിന് വ്യക്തമായ വിശദീകരണം കിട്ടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന എ.ജിയുടെ വാദം കോടതി അംഗീകരിച്ചു. യഥാര്‍ഥ ഭക്തര്‍ക്ക് ശബരിമലയിലെത്താന്‍ തടസമില്ലെന്ന് എ.ജി കോടതിയില്‍ ബോധിപ്പിച്ചു. എ.ജിയെയും സര്‍ക്കാരിനെയും വാദത്തിനിടെ ഏറെ വിമര്‍ശിച്ചെങ്കിലും യുവതീ പ്രവേശനം സംബന്ധിച്ച മാസ്റ്റര്‍പ്ലാന്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയ നടപടിയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."