റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പാര്‍ലമെന്ററി സമിതിക്കു മുന്പില് ഹാജരായി
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ധനകാര്യങ്ങള്ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതി മുന്‍പാകെ ഹാജരായി. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിലാണെങ്കിലും നോട്ട് നിരോധനം സംബന്ധിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന വിധത്തിലാണ് സമിതിയുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
നിരോധനത്തിന്റെ ദൂഷ്യഫലങ്ങള്‍ താല്‍ക്കാലികമാണെന്ന് അദ്ദേഹം സമിതിയെ അറിയിച്ചു. നോട്ട് നിരോധനത്തിന് പുറമേ, ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമാണ് സമിതി പ്രധാനമായും റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ചോദ്യങ്ങളുന്നയിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വയംഭരണാധികാരം, കരുതല്‍ ധനം, ബാങ്കുകളുടെ സര്‍ക്കാര്‍ നോമിനി ഡയരക്ടര്‍ തര്‍ക്കം തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.
സമിതി മുന്‍പാകെ ഈ മാസം 12ന് ഹാജരാകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. സമിതി ഉന്നയിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉര്‍ജിത് പട്ടേല്‍ 10 ദിവസത്തിനുള്ളില്‍ ഏഴുതി നല്‍കും. സമിതിക്കു മുന്‍പാകെ നേരത്തെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് സിങും ഹാജരായിരുന്നു. മന്മോഹന് സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ വീരപ്പമൊയ്ലി അധ്യക്ഷനായ സമിതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."