കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
പിണങ്ങോട് അബൂബക്കര്‍
98477 00450#
'ഇന്ത്യ എന്റെ രാജ്യമാണ്. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.' പള്ളിക്കൂടങ്ങളില്‍ പതിവായി നടത്താറുള്ള പ്രതിജ്ഞയ്‌ക്കൊപ്പം 'ഇന്ത്യയൊരു കാര്‍ഷികരാജ്യമാണ്. എന്റെ നിലനില്‍പ്പ് കാര്‍ഷികവിളയുമായി ബന്ധപ്പെട്ടാണു നിലകൊള്ളുന്നത്. അതിനാല്‍ നാം കൃഷിയെ സ്‌നേഹിക്കണം.' എന്നുകൂടി ചേര്‍ത്തുപറയേണ്ടതാണ്.
30 ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ ഗോതമ്പ് കൃഷി ചെയ്യുന്ന രാജ്യമാണു ഭാരതം. തേയില, കാപ്പി, നാളികേരം, പച്ചക്കറികള്‍ എന്നു തുടങ്ങി വിദേശനാണ്യം നേടിത്തരുന്ന ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയ വിളകളും ഈ രാജ്യത്തെ മണ്ണില്‍ വളരുന്നു. 1599 സെപ്റ്റംബര്‍ മാസം 24ന് ലണ്ടനിലെ 175 ഷെയര്‍ ഉടമകള്‍ സ്വരൂപിച്ച 72,000 പവന്‍ മൂലധനം മുടക്കി രൂപീകരിച്ച കമ്പനിയുടെ കണ്ണ് ഭാരതത്തെയാണു നോട്ടമിട്ടത്. 1600 ഓഗസ്റ്റ് മാസം 24നു ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് 500 ടണ്‍ കേവ് ഭാരമുള്ള കപ്പല്‍ നങ്കൂരമിട്ടു.
ഇന്ത്യയില്‍നിന്നു കുരുമുളകുള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാണിജ്യാവശ്യാര്‍ഥം ശേഖരിച്ചു കൊണ്ടുപോകാനാണവര്‍ വന്നത്. ബ്രിട്ടന്‍ സാമ്പത്തികമായി നടുവൊടിഞ്ഞ ഘട്ടത്തില്‍ രാജ്യത്തിന്റെ നിലനില്‍പ്പും പ്രധാനമായിരുന്നു. ക്രമേണ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയുടെ ഭരണം കൈപ്പിടിയിലാക്കി. നാടുവാഴികളുടെ പിടിപ്പുകേടും ധനാര്‍ത്തിയും അജ്ഞതയും വെള്ളക്കാര്‍ക്കു സഹായകമായി.
ഇന്ത്യയുടെ നട്ടെല്ലു കൃഷിയാണെന്നു തിരിച്ചറിഞ്ഞ വെള്ളക്കാര്‍ക്കു കാര്‍ഷികവിപണിയില്‍ ഇടപെടാന്‍ അധികസമയം വേണ്ടിവന്നില്ല. അക്കാലത്ത് വ്യാവസായികോല്‍പ്പന്നങ്ങള്‍ക്കു ലോകത്തില്‍ വിപുലമായ വിപണിയും ഗുണഭോക്താക്കളുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ അഭിവൃദ്ധി കാര്‍ഷികരംഗം മെച്ചപ്പെടുത്തുന്നതിലും വിപണി വിപുലപ്പെടുത്തുന്നതിലും മാത്രമാണു സാധ്യമാവുകയെന്നു ബോധ്യവും പ്രതിബദ്ധതയും ഭരണകൂടങ്ങള്‍ക്ക് ഉണ്ടായതുമില്ല.
ഇന്ത്യയില്‍ വളരുന്ന കാര്‍ഷികവിഭവങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ലോകവിപണിയിലെത്തിച്ചിരുന്നുവെങ്കില്‍ ഭാരതം വളരെപ്പെട്ടെന്നു വികസിതമാകുമായിരുന്നു. അത്തരം വിഭവങ്ങള്‍ ലോകം കൈനീട്ടി സ്വീകരിക്കുമായിരുന്നു. സാങ്കേതികശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ അവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുമായിരുന്നു. അതൊന്നും സാധിക്കാതെയും സംഭവിക്കാതെയും പോയി. അനന്തമായ സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ നമുക്കായില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഗൃഹപാഠവും നടത്താതെ, ആരുടെയോ തെറ്റായ ഉപദേശം സ്വീകരിച്ച് ഒരു അര്‍ധരാത്രിയില്‍ 1000, 500 രൂപകളുടെ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ എന്തു കാണിച്ചാലും ഭരണം വീഴില്ലെന്ന ഹുങ്കായിരുന്നു. പിന്തുണയ്ക്കാന്‍ വര്‍ഗീയസംഘടനകളും വിലയ്‌ക്കെടുത്ത മാധ്യമങ്ങളുമുണ്ടെന്ന ഗര്‍വും പ്രതിപക്ഷം ദുര്‍ബലമാണെന്ന ആത്മവിശ്വാസവുമാണ് അതിനു ധൈര്യം നല്‍കിയത്.
വരാന്‍പോകുന്ന നവഭാരതത്തെ പാകപ്പെടുത്താന്‍ അല്‍പ്പം വിയര്‍ത്താലും സഹകരിക്കണമെന്നു പ്രധാനമന്തി മന്ത്രി അഭ്യര്‍ഥിച്ചു. കറന്‍സി രഹിത വിപണി, കള്ളപ്പണം ഇല്ലാതാക്കല്‍, അങ്ങനെ രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധി ഇതൊക്കെയായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നിട്ട് എന്തു സംഭവിച്ചു. നേരത്തെ മാര്‍ക്കറ്റിലുണ്ടായിരുന്ന 1000, 500 രൂപാ കറന്‍സികളില്‍ 99.7 3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. അതായത് ഉണ്ടായിരുന്ന കള്ളപ്പണം മുഴുവനും വെള്ളപ്പണമായി.
ബാങ്കുകള്‍ക്കു മുമ്പില്‍ നോട്ട് മാറ്റാന്‍ ക്യൂനിന്നവരും അല്ലാത്തവരുമായ ആയിരത്തോളമാളുകള്‍ രക്തസാക്ഷികളായി. പണമില്ലാത്തതിന്റെ പേരില്‍ വളവും വിത്തും വാങ്ങാനാവാതെ കൃഷി സ്തംഭിച്ചു. 1.38 ലക്ഷം ടണ്‍ ഗോതമ്പ് വിത്ത് ഒന്നും ചെയ്യാനാവാതെ കര്‍ഷകര്‍ നട്ടംതിരിഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികരംഗം തകര്‍ക്കുന്നതില്‍ നരേന്ദ്രമോദി വഹിച്ച പങ്ക് ചരിത്രത്തില്‍ അടയാളപ്പെട്ടു തന്നെ കിടക്കും. ലഭ്യമായ അധികാരത്തിന്റെ തണലിലിരുന്നു മന്ത്രിമാരും മറ്റും നരേന്ദ്രമോദിയെന്ന ഏകാധിപതിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും മൗനത്തിലൂടെ പിന്തുണ നല്‍കി. ചിലര്‍ മുഖസ്തുതി നടത്തി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെപ്പോലുള്ളവര്‍ യുക്തിഭദ്രമല്ലാത്ത ന്യായങ്ങള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി പരിശ്രമിച്ചു. വായില്‍ തോന്നുന്നതു കോതയ്ക്കു പാട്ടെന്ന വിധം പല മന്ത്രിമാരും ഉദ്യോഗസ്ഥരും പലതും പറഞ്ഞു ജനങ്ങളെ വഞ്ചിച്ചു.
ഇന്ത്യ അതിവേഗം പിറകോട്ടു സഞ്ചരിക്കുകയാണ്. ഇനിയൊരു വീണ്ടെടുപ്പിന് അനേക വര്‍ഷങ്ങള്‍ വേണ്ടിവരും. കര്‍ഷക ആത്മഹത്യകളും കര്‍ഷക പ്രക്ഷോഭങ്ങളും തുടരുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായവില ലഭ്യമാക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. നിരുത്തരവാദപരമായ തീരുമാനങ്ങള്‍ വഴി ഭാരതത്തിന്റെ നട്ടെല്ലു തകര്‍ത്തപ്രധാനമന്ത്രിയെയും ബി.ജെ.പിയെയും ചരിത്രം കുറ്റവിചാരണ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
ജലീലും കാദറും പിന്നെ
'ഉയരം കുറവെങ്കിലും വിവരക്കുറവില്ല' എന്നായിരുന്നു ജലീലിനെക്കുറിച്ചുള്ള പൊതുധാരണ. കേരളയാത്രയില്‍ പിണറായിയുടെ അരികുപറ്റി സഞ്ചരിച്ച് മുഖസ്തുതി പ്രസംഗത്തിലൂടെ ഒപ്പിച്ചതാണു മന്ത്രിപ്പണിയെന്ന തല്‍പ്പരകക്ഷികളുടെ വിലയിരുത്തലില്‍ മതസംഘടനകള്‍ കക്ഷി ചേര്‍ന്നിരുന്നില്ല.
സാധ്യതയുടെ കലയാണു രാഷ്ട്രീയമെന്ന തത്വശാസ്ത്രം, അത് ജലീല്‍ ഉപയോഗപ്പെടുത്തിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, ജലീലിന്റെ മന്ത്രിപ്പണി പാര്‍ട്ടിക്ക് നേട്ടമാണോ കോട്ടമാണോയെന്നു സി.പി.എം പരിശോധിക്കേണ്ടതാണ്. മന്ത്രിയെന്ന നിലയില്‍ രാജനീതി പലപ്പോഴും ജലീലില്‍ നിന്നുണ്ടായില്ല. പല പള്ളി മദ്‌റസ കേസുകളിലും തര്‍ക്കങ്ങളിലുംജലീല്‍ സത്യത്തിനൊപ്പമല്ല നിന്നത്. കൈയേറ്റക്കാര്‍ക്കും കുഴപ്പക്കാര്‍ക്കും കുഴലൂത്തു നടത്തുകയായിരുന്നു.
മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍ അണിനിരന്ന സമസ്തയുടെ ന്യായവാദങ്ങള്‍ കേള്‍ക്കാനോ നീതിക്കൊപ്പം നില്‍ക്കാനോ ജലീല്‍ തയാറായില്ല. അതോടൊപ്പംഅനാവശ്യമായും അനവസരത്തിലും വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞ് ഒരു സമുദായത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ത്രീ പള്ളിപ്രവേശനം, ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞ നടപടി എന്നിവയിലൊക്കെ ജലീലിന്റെ നിലപാടുകള്‍ ഒരു സമുദായത്തിന്റെ പൊതുബോധത്തിനു വിരുദ്ധമായിരുന്നു.
കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തിയെന്നു പറയുന്ന അവസ്ഥയാണിപ്പോള്‍ ഉണ്ടായത്. ബന്ധുനിയമന വിവാദത്തില്‍ മതസംഘടനകള്‍ പങ്കു ചേര്‍ന്നിരുന്നില്ല. ഈ വിവാദത്തില്‍ ജലീലിനു വീഴ്ച പറ്റിയെന്ന് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍പോലും വിലയിരുത്തിയിട്ടുണ്ട്. മലപ്പുറത്തു നടന്ന ഒരു രാഷ്ട്രീയയോഗത്തില്‍ സര്‍വാദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാരെയും വിമര്‍ശിക്കാനും ഇകഴ്ത്താനും ജലീല്‍ എന്തിനു തയ്യാറായെന്നത് അജ്ഞാതം.
രാഷ്ട്രീയ, സാമുദായിക വ്യത്യാസമില്ലാതെ സകലരാലും ബഹുമാനിക്കപ്പെടുന്ന രണ്ടു പേരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും ജലീല്‍ അവമതിപ്പോടുകൂടിയാണു വിലയിരുത്തിയത്. അത് അങ്ങേയറ്റം അപലപനീയമാണ്. ജലീലിന്റൈ വീക്ഷണത്തിലും വലിപ്പക്കുറവുണ്ടെന്നാണു മനസ്സിലാക്കേണ്ടത്. കേരളീയര്‍ ആദരിക്കുന്ന പ്രസ്ഥാനത്തെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന ജലീലിന്റെ നിലപാടിനോടു യോജിപ്പുണ്ടോയെന്നു സി.പി.എം വിശദീകരിക്കേണ്ടതുണ്ട്.
ഇതിനിടയിലാണ്, അബ്ദുല്‍ഖാദറെന്ന ഗുരുവായൂര്‍ എം.എല്‍.എ ഒരു പൊതുവേദിയില്‍ വിവരംകെട്ട മുസ്‌ല്യാക്കന്മാര്‍ എന്ന പരാമര്‍ശം നടത്തിയത്. മതനേതാക്കളെയും മതാചാര്യന്മാരെയും മതങ്ങളെയും ഇകഴ്ത്തി പറഞ്ഞു വലിയവരാകാന്‍ ശ്രമിക്കുന്നവര്‍ സ്വയം ചെറിയവരാകുകയാണെന്നു സ്വയം തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാടറിയാന്‍ മതവിശ്വാസികള്‍ക്കു താല്‍പ്പര്യമുണ്ട്. ചില്ലുകൊട്ടാരത്തിലിരുന്നു കല്ലെറിയുന്ന വിഡ്ഢികളായി ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ വിലയിരുത്തി ലഘൂകരിച്ചുകൂടാ. തീര്‍ച്ചയായും അനുചിതമായ വാക്കുകളും അഭിപ്രായങ്ങളും ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യില്ല.
കശ്മിര്‍ കത്തിക്കുന്നത് ആര്
ഭാരതത്തിന്റെ ജവാന്മാരെ അടിക്കടി കുരുതി കൊടുക്കുന്ന ഇടമായി കശ്മിര്‍ മാറുകയാണ്. സാധാരണക്കാരും ഇവിടെ നിരന്തരം വധിക്കപ്പെടുന്നു. മന്ത്രിമാരുടെ കിടിലന്‍ പ്രസ്താവന കൊണ്ടു പ്രശ്‌നപരിഹാരമാവില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ടും ഫലമുണ്ടാകില്ല. അയല്‍രാജ്യവുമായി സൗഹൃദ സംഭാഷണം നടത്തി നയതന്ത്രബന്ധം മെച്ചപ്പെടുത്തി വേണം പരിഹാരം കാണാന്‍. അതിനു ബി.ജെ.പി ഭരണകൂടത്തിനു സാധിച്ചിട്ടില്ല.
പാകിസ്താന്‍ ഭരണകൂടവും നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും അന്താരാഷ്ട്രതലത്തില്‍ ഫലപ്രദമായി കുറ്റവിചാരണ ചെയ്യപ്പെടാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങള്‍ ഉണ്ടായില്ല. ഭാരത ഭരണകൂടം ഇന്ത്യയിലെ ഫലസ്തീനായി കശ്മിരിനെ കാണുകയാണോ. നിത്യേന വെടിവയ്പ്പും സ്‌ഫോടനങ്ങളും കൊലകളും സംഭവിക്കുന്നു. അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട ധീരജവാന്മാര്‍ അടിക്കടി രക്തസാക്ഷികളാകുന്നു.
ഒരു അനുശോചന വാക്കില്‍ അവസാനിപ്പിക്കാന്‍ കഴിയുമോ ഈ കുറ്റകരമായ നിസ്സംഗത. കശ്മിരിലെ ചില ഉള്‍പ്രദേശങ്ങളില്‍ പാകിസ്താന്‍ കറന്‍സി പോലും ഉപയോഗിക്കാന്‍ ഗ്രാമീണര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. കശ്മിരികളെ വിശ്വാസത്തിലെടുത്തും ജവാന്മാര്‍ക്കു സകല സുരക്ഷയും നല്‍കിയും രാജ്യത്തിന് അഭിമാനം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്.
പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്നു ഭരണം നടത്തി വരുന്നതിനിടയില്‍ തെറ്റിപ്പിരിഞ്ഞു പുതിയൊരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ പി.ഡി.പിയും നാഷനല്‍ കോണ്‍ഫ്രന്‍സുംചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ എല്ലാ ജനാധിപത്യമര്യാദകളും ഭരണഘടനാ വ്യവസ്ഥകളും മറികടന്നു ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചു നിയമസഭ പിരിച്ചുവിടുകയായിരുന്നു. അതു കശ്മിരികള്‍ക്ക് എത്രത്തോളം സ്വീകാര്യമാണ്. ഭാരതത്തിന് എത്രത്തോളം സ്വീകാര്യമാണ്.
ഇതിനു മുമ്പു കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്കു വേണ്ടി ഗവര്‍ണര്‍ നടത്തിയ രാഷ്ട്രീയക്കളിയും ഗോവയിലെ കളിയും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കടുത്ത ആര്‍.എസ്.എസുകാരായിരുന്നവരെ ഉന്നതസ്ഥാനങ്ങളില്‍ അവരോധിച്ചാലുണ്ടാകുന്ന അപാകതകളും അപക്വമായ നിലപാടുകളും പലകുറി ബോധ്യപ്പെട്ടതാണ്. കശ്മിരില്‍ സമാധാനം സ്ഥാപിക്കാന്‍ കശ്മിരികളെ വിശ്വാസത്തിലെടുക്കണം. കശ്മിരിലെ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തുകയും സങ്കുചിത രാഷ്ട്രീയവീക്ഷണവും വര്‍ഗീയതാല്‍പര്യങ്ങളും മാറ്റിവയ്ക്കുകയും വേണം.
ഫലസ്തീന്‍ പോലെ എന്നും വെടിയൊച്ചയും മരണവും അട്ടഹാസങ്ങളും ആര്‍ത്തനാദങ്ങളും മുഴങ്ങുന്ന നാടായി കശ്മിര്‍ മാറരുത്, മാറ്റരുത്. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിലൊരു തരി മണ്ണിനും മറ്റൊരു രാഷ്ട്രത്തിന് അവകാശമില്ല. പാകിസ്താന്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളും അക്രമങ്ങളും തടയാനും പ്രതിരോധിക്കാനും ഇന്ത്യ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്.
ഇന്ത്യയുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന നിലപാടുകള്‍ അടിക്കടി പാകിസ്താനില്‍ നിന്നുണ്ടാകുമ്പോള്‍ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ ആഭ്യന്തരമന്ത്രാലയവും നിസ്സംഗരായി നോക്കി നില്‍ക്കുന്നതു ഭൂഷണമല്ല. കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ കശ്മിരില്‍ കൊല്ലപ്പെട്ട നിരപരാധികളായ ഗ്രാമീണരും ധീരജവാന്മാരും നീറുന്ന വേദനയായി ഓരോ പൗരനെയുംഅലോസരപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."