പള്ളിവാസല്‍ വിപുലീകരണ പദ്ധതി: റീ ടെന്‍ഡര്‍ നടപടിയായി
ബാസിത് ഹസന്#
തൊടുപുഴ: നൂലാമാലകളില്‍ കുരുങ്ങി അനിശ്ചിതത്വത്തിലായിരുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പവര്‍ ഹൗസ് നിര്‍മാണം അടക്കം പൂര്‍ത്തിയാക്കാന്‍ പുതിയ ടെന്‍ഡര്‍ നടപടികളായി. 70.45 കോടിയുടെ അനുബന്ധ കരാറിന് റീ ടെണ്ടര്‍ ക്ഷണിച്ചു.
12 വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് ഇതോടെ വീണ്ടും ജീവന് വച്ചേക്കും. 60 മെഗാവാട്ട് പദ്ധതിയുടെ അവശേഷിക്കുന്ന സിവില്‍ ജോലികള്‍, സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്, പെന്‍സ്റ്റോക്ക്, പവര്‍ ഹൗസ് അനുബന്ധ ജോലികള്‍, അവശേഷിക്കുന്ന ഇലക്ട്രോ-മെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്.
790 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കുന്ന ജോലികളുടെ കരാര്‍ തുക 70,46,19,658 രൂപയാണ്. 2019 ജനുവരി ഒന്‍പത് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. പള്ളിവാസല്‍ പഴയ പവര്‍ ഹൗസിന്റെ അപകടഭീഷണിയിലായ പെന്‍സ്റ്റോക്കുകള്‍ മാറ്റി സ്ഥാപിക്കലും ഇതില്‍പെടും.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴില്‍ നിര്മാണത്തിലിരിക്കുന്നതില് ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് പള്ളിവാസല്‍ വിപുലീകരണം.
പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ കരാറുകാരായ എസ്.ആര് ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കെ.എസ്.ഇ.ബി റീ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ടണല്‍, ഇന്‍ടേക്ക് ഭാഗങ്ങളിലെ ജോലികള്‍ തടസമില്ലാതെ പുരോഗമിക്കുന്നുണ്ട്. ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് ഇതിന്റെ കരാറുകാര്‍.
ഗുരുതരമായ വീഴ്ചമൂലം പ്രധാന കരാറുകാരായ എസ്.ആര് ഗ്രൂപ്പ്, ഡി.ഇ.സി, സി.പി.പി.എല്‍ കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2015ല്‍ സ്വീകരിച്ച ഫോര്‍ ക്ലോഷ്വര്‍ നടപടി പിണറായി സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കണ്‍സോര്‍ഷ്യം വേര്‍പിരിഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ സര്‍ജ് മുതല്‍ താഴോട്ടുള്ള ഭാഗം പൂര്‍ത്തിയാക്കാന്‍ വീണ്ടും എസ്.ആര് ഗ്രൂപ്പിനെ തന്നെ ചുമതലപ്പെടുത്തി. ഇവര്‍ 2017 ഏപ്രിലില്‍ പണി തുടങ്ങി. 47 കോടിക്ക് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ കെ.എസ്.ഇ.ബി ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഒടുവില്‍ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് തുടര്‍ന്ന് എസ്.ആര് ഗ്രൂപ്പിന് കെ.എസ്.ഇ.ബി ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയതോടെയാണ് പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്.
268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 500 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി വൈകുന്നതുമൂലം അരക്കോടിയുടെ പ്രതിദിന നഷ്ടവും വിലയിരുത്തുന്നു. കോടികളുടെ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുന്ന വെള്ളം, മൂന്നാറിലെ ആര്.എ ഹെഡ്വര്ക്സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ രൂപപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."