ഗസ്സയില്‍ വെടിനിര്‍ത്തല്‍; കൊല്ലപ്പെട്ടത് 34 ഫലസ്തീനികള്‍
ഗസ്സ: ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ്‌ലാമിക് ജിഹാദ്-ഇസ്‌റാഈല്‍ ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തല്‍. രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇന്നലെ രാവിലെയാണ് വെടിനിര്‍ത്തലുണ്ടായത്. യു.എന്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടെ ഇതുവരെ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹ് ഭാഗത്തെ അബുല്‍ മല്‍ഹൂര്‍ കുടുംബത്തിലെ എട്ടുപേരാണ് ഇന്നലെ കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗസ്സയില്‍ നിന്നുള്ള ആക്രമണത്തില്‍ 63 ഇസ്‌റാഈലുകാര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ മുതലാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തിയതെന്ന് ഇസ്‌ലാമിക് ജിഹാദ് വക്താവ് മുസാബ് അല്‍ ബ്രൈം പറഞ്ഞു.
രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തലില്‍ എത്തിയതായി ഇസ്‌റാഈലും സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ സൈനിക വക്താവ് അവിചാ അഡ്രിയയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഫലസ്തീന്‍ സംഘടന ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ വെടിനിര്‍ത്തങ്ങള്‍ അംഗീകരിക്കുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് പറഞ്ഞു. സമാധാനത്തിന് സമാധാന മറുപടിയാണ് തങ്ങള്‍ നല്‍കുക. അക്രമിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി യു.എന്നും ഈജിപ്തും കഠിനാധ്വാനം ചെയ്‌തെന്ന് പശ്ചിമേഷ്യയിലെ യു.എന്‍ പ്രതിനിധി നിക്കോള ഇ മ്ലാദനോവ് പറഞ്ഞു. നിയന്ത്രണം പാലിക്കാന്‍ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച ഇസ്‌ലാമിക് ജിഹാദ് കമന്‍ഡര്‍ ബഹാ അബൂ അല്‍ അതയെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിലൂടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ശക്തമാവുകയായിരുന്നു. ഗസ്സയില്‍ നിന്ന് 350 റോക്കറ്റാക്രമണങ്ങളുണ്ടായെന്നാണ് ഇസ്‌റാഈല്‍ അറിയിച്ചത്.
എന്നാല്‍ വെടിനിര്‍ത്തലിന് ശേഷവും അതിര്‍ത്തിയില്‍ വ്യോമാക്രമണങ്ങള്‍ നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരണയിലെത്തിയതിന് ശേഷവും ഗസ്സയില്‍ നിന്ന് അഞ്ച് റോക്കറ്റാക്രമണങ്ങളുണ്ടായെന്നും രണ്ടെണ്ണം മിസൈല്‍ വേധ ഉപകരണം ഉപയോഗിച്ച് തടഞ്ഞെന്നും ഇസ്‌റാഈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."