വിനായകന്റെ മരണം; എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച്
മുല്ലശ്ശേരി: ദലിത് യുവാവ് വിനായകന്റെ ആത്മഹത്യക്ക് കാരണക്കാരായ പാവറട്ടി എസ്.ഐ ഉള്‍പ്പടെയുള്ളവരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവറട്ടി പൊലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുല്ലശ്ശേരി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപത്ത് ബാരിക്കേഡ് കെട്ടി പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.ബി അനൂപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് അധ്യക്ഷനായി. മണലൂര്‍ ബ്ലോക്ക് സെക്രട്ടറി എ കെ അഭിലാഷ് സ്വാഗതവും നാട്ടിക ബ്ലോക്ക് സെക്രട്ടറി കെ.എച്ച് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മുല്ലശേരി പഞ്ചായത്തിലെ മാനിന പ്രദേശത്തെ ആര്‍.എസ്.എസുകാരുമായുള്ള പാവറട്ടി പൊലിസിന്റ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മാര്‍ച്ചില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. നിലവില്‍ സസ്‌പെന്‍ഷനിലായ സിവില്‍ പൊലിസുകാരെയും പാവറട്ടി എസ്.ഐ അരുണ്‍ ഷായേയും സര്‍വിസില്‍ നിന്ന് നീക്കം ചെയ്ത് അവര്‍ക്കെതിരേ കൊലകേസെടുക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം വിനായകന്‍ മരിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത് മുഖം രക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വിനായകനൊപ്പം മര്‍ദനമേറ്റ സുഹൃത്തിനെ മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കാണുന്നതില്‍ നിന്ന് പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ വിലക്കിയിരിക്കുകയാണെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."