കോടതി തുറന്നിട്ട പണ്ടോരപ്പെട്ടികള്‍
പറയാന്‍ ബാക്കിവച്ച വിധികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചുകളില്‍നിന്ന് പുറത്തുവന്നതോടെ ജനങ്ങളുടെ മതവിശ്വാസവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വിപുലവും വിശദവുമായ ചര്‍ച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്. ബാബരി നിലനിന്ന ഭൂമി രാമക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ നിയമവും നീതിയുമനുസരിച്ച്, അതിന്മേല്‍ അവര്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കുകയല്ല സുപ്രിംകോടതി ചെയ്തത്. കോടതിയില്‍ കേസിനുപോയ മുസ്‌ലിംകളാകട്ടെ, ഉടമാവകാശം ആവശ്യപ്പെട്ടിരുന്നില്ല. പതിറ്റാണ്ടുകളായി അത് മുസ്‌ലിംകളില്‍ നിക്ഷിപ്തമായിരുന്നു. 1949ല്‍ ഗൂഢാലോചനയിലൂടെ പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും തുടര്‍ന്ന് പള്ളി അടച്ചിടുകയും ചെയതതോടെ അത് അന്യാധീനപ്പെട്ടുപോയി എന്നുമാത്രം.
1992ല്‍ പള്ളി തകര്‍ക്കപ്പെട്ടു. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട കൈവശാവകാശം തിരിച്ചുകിട്ടണമെന്നാണ് മുസ്‌ലിംപക്ഷം വാദിച്ചത്. 1949ല്‍ വിഗ്രഹം പള്ളിയില്‍ കൊണ്ടുവച്ച നടപടിയും 1992ല്‍ പള്ളി പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി വിധിയെഴുതി. ഈ രണ്ട് നിഗമനങ്ങളും വഴി മുസ്‌ലിംകളാണ് നിയമപരമായി ബാബ്‌രി മസ്ജിദിന്റെ അവകാശികളെന്ന് തീര്‍പ്പാക്കുകയായിരുന്നു കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഖനനം വഴി ക്ഷേത്രാവശിഷ്ടങ്ങളുപയോഗിച്ചാണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍പ് നിലനിന്നിരുന്ന ഒരു പ്രത്യേക കെട്ടിടത്തിന്റെ അവശിഷ്ടങ്ങളാണു പള്ളിയുടെ നിര്‍മാണത്തിനുപയോഗിച്ചതെന്ന് എ.എസ്.ഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. പള്ളി പണിയാന്‍ ക്ഷേത്രം തകര്‍ത്തതിന്റെ യാതൊരു തെളിവും റിപ്പോര്‍ട്ടില്‍ ഇല്ലതാനും. അതിനാല്‍ എ.എസ്.ഐ റിപ്പോര്‍ട്ടിനെ ബാബരി നിലനിന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവായി കണക്കാക്കിയില്ല; എന്നിട്ടും വിധി നീങ്ങിയത് മറുവഴിക്ക്.
ബാബരി മസ്ജിദിന്റെ അകംപള്ളി നിലനിന്നിടത്താണ് ശ്രീരാമന്‍ ജനിച്ചത് എന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന് സുപ്രിംകോടതി നിയമപ്രാബല്യം നല്‍കി. ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു പ്രാമുഖ്യം നല്‍കിയപ്പോള്‍ ന്യൂനപക്ഷത്തിന് അവകാശപ്പെട്ട നീതി കോടതി നിഷേധിച്ചു. അതിനൊരു നഷ്ടപരിഹാരമെന്നോണം മറ്റൊരിടത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി പണിയാന്‍ നല്‍കി. അതായത്, നീതി നിര്‍വഹണമല്ല ഉണ്ടായത്. രാജ്യത്ത് സമാധാനം ഉണ്ടാകാന്‍വേണ്ടി കാര്യങ്ങള്‍ പറഞ്ഞൊതുക്കുകയാണു ചെയ്തത്. നീതിയുടെ തുലാസില്‍ വസ്തുതകള്‍ തൂക്കിനോക്കുകയല്ല, മറിച്ച് മധ്യസ്ഥം പറയുകയാണുണ്ടായത്; അതുവഴി പ്രശ്‌നം എന്നെന്നേക്കും അവസാനിക്കുകയും രാജ്യത്ത് സമാധാനവും ശാന്തിയും കളിയാടുകയും ചെയ്യുകയാണെങ്കില്‍ വളരെ നല്ലത്. സുപ്രിംകോടതിയുടെ 'സദുദ്ദേശ്യ'ത്തെ നാം മാനിക്കുക തന്നെ വേണം.
ചോദ്യങ്ങള്‍ പലത്, ഉത്തരമോ
നീതിയെക്കുറിച്ച് പറയുകയും പ്രയോഗതലത്തില്‍ നീതി നിഷേധിക്കുകയുമാണോ കോടതി ചെയ്തിട്ടുള്ളത് എന്ന ചോദ്യം ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരാവുന്നതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും ഇതേ ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീയുടെ തുല്യത എന്ന ആശയത്തിനല്ല കോടതി പ്രമുഖ്യം നല്‍കിയിട്ടുള്ളത് എന്നും മറിച്ച് മതാചാരങ്ങള്‍ക്കു ഭരണഘടനയിലെ മൂലങ്ങളേക്കാള്‍ പരിഗണന നല്‍കുന്നു എന്നും വാദിക്കാവുന്ന തരത്തിലാണ് വിധിന്യായത്തിന്റെ സ്വഭാവം. ബാബരി മസ്ജിദ് വിധിയില്‍ 'വിശ്വാസത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യുക കോടതിയുടെ പണി' യല്ലെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. മതഗ്രന്ഥങ്ങള്‍ക്ക് നിരവധി വ്യാഖ്യാനങ്ങളും അതനുസരിച്ചുള്ള നിഗമനങ്ങളുമുണ്ടാവാം. ഏതു വ്യാഖ്യാനമാണ് സ്വീകരിക്കേണ്ടതെന്നു പറയേണ്ടത് കോടതിയല്ല. ഇങ്ങനെ അഭിപ്രായപ്പെട്ടുകൊണ്ടുതന്നെ ഹിന്ദുവിശ്വാസത്തെ അംഗീകരിക്കുകയാണ് കോടതി ചെയ്തത്; അതിലെ ശരിയും ശരികേടും തങ്ങള്‍ക്ക് വിഷയമല്ലെന്നായിരുന്നു കോടതിയുടെ ന്യായം. വിശ്വാസമല്ലേ എല്ലാം എന്നു കോടതിയും ചോദിച്ചു. ആ ചോദ്യം ഭൂരിപക്ഷ മേല്‍ക്കോയ്മാ വാദത്തെ ഊട്ടിയുറപ്പിച്ചു എന്നതാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഒരു ദുരന്തവൈരുധ്യം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ഈ ദുരനുഭവം ആവര്‍ത്തിക്കുകയാണുണ്ടായത്. സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയോട് വിയോജിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് രോഹിന്‍ടന്‍ നരിമാനും ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടനയുടെ മൂല്യങ്ങളെയാണ്. യുവതീ പ്രവേശ വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹരജികളും റിട്ട് ഹരജികളും നിലനില്‍ക്കുകയില്ലെന്ന് അവര്‍ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. അത്യധികം വ്യക്തതയുള്ളതാണ് അവരുടെ നിലപാട്. എന്നാല്‍ കോടതി കൈക്കൊള്ളേണ്ട ഒരു തീരുമാനത്തെ അനുവദിക്കുകയോ തള്ളുകയോ ചെയ്യാതെ ഭാവിയില്‍ രൂപീകരിക്കപ്പെടാനിടയുളള മറ്റൊരു ബെഞ്ചിന്റെ തീരുമാനത്തിലേക്ക് അതിനെ വിട്ടത് ഒട്ടും വ്യക്തതയില്ലാത്ത നിലപാടാണ്.
മാത്രമല്ല, വിധി കേസില്‍ പരിഗണിക്കപ്പെട്ടിട്ടേയില്ലാത്ത മറ്റു പ്രശ്‌നങ്ങളെക്കൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറാ സമുദായവുമായി ബന്ധപ്പെട്ട ചേലാകര്‍മ പ്രശ്‌നം എന്നിവകൂടി പരിഗണനാ വിഷയങ്ങളായി കൊണ്ടുവരിക വഴി ഭൂരിപക്ഷ സമുദായത്തിലെ ഒരു ആചാരത്തിന്റെ നിയമപ്രാബല്യ വിഷയത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെയും കൂടി ഉള്‍പ്പെടുത്തുകയാണു കോടതി ചെയ്തത്.
രണ്ടിനെയും സമീകരിക്കുക വഴി, മതവൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനു പകരം എല്ലാ സമുദായങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ ഒരുപോലെയായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്നു സംശയിക്കുന്നവരുണ്ട്. വിയോജന വിധി ഒരു കാര്യം സൂചിപ്പിക്കുന്നു- ഭരണഘടനയനുസരിച്ച് എല്ലാ സമുദായങ്ങളും അവരുടെ ആചാരങ്ങളും അവരുടെ വിശ്വാസങ്ങളും തുല്യമാണ്. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങളുടെ കാര്യം വരുമ്പോള്‍ മൂല്യങ്ങള്‍ തകിടം മറിയുന്നു. മുത്വലാഖ് വിഷത്തില്‍ സ്ത്രീ നീതിവിഷയമായി വന്നു. ഈ സ്ത്രീനീതി ശബരിമലക്കാര്യത്തിലില്ല. ഇത് വ്യക്തമായും ഭൂരിപക്ഷ - ന്യൂനപക്ഷ വിവേചനം തന്നെയാണ്.
വിശ്വാസവും കോടതിയും
വിശ്വാസാചാരങ്ങള്‍ക്ക് ഏറെ സ്ഥാനമുള്ള ജീവിതാവസ്ഥയില്‍ അവയെ കോടതികളും മാനിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് വേദഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനോ വിശ്വാസകാര്യങ്ങളിലേക്കിറങ്ങി നിയമം അടിച്ചേല്‍പ്പിക്കാനോ തങ്ങളില്ലെന്ന കോടതിയുടെ നിലപാട് തെറ്റാണെന്നു പറയാനാവുകയില്ല. എന്നാല്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തില്‍ മാത്രമാണോ ഈ നിലപാടിന് സാധുതയുള്ളത്. 1985ല്‍ ഷബാനു കേസില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ അവകാശം സ്ഥാപിച്ചുകൊടുത്തത്. ബാബരി മസ്ജിദ് കേസില്‍ ഹിന്ദുമത വിശ്വാസത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിച്ച കോടതിക്ക് എന്തുകൊണ്ട് മുസ്‌ലിംകളുടെ മതവിശ്വാസവും ഹനഫീ കര്‍മശാസ്ത്ര നിബന്ധനകളും വിഷയമായില്ല. 'നിങ്ങള്‍ തുല്യരൊക്കെത്തന്നെ, പക്ഷേ മാറിനില്‍ക്കൂ' എന്ന് മുസ്‌ലിംകളോട് പറയാതെ പറയുകയാണ് സുപ്രിംകോടതി ചെയ്തത്.
ബാബരിയുടെ വിഷയത്തില്‍ വേദനയോടെയാണെങ്കിലും മുസ്‌ലിം സമൂഹം വിധി അംഗീകരിച്ചു. എങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. മറ്റു മസ്ജിദുകളുടെ മേലുള്ള വി.എച്ച്.പിയുടെ അവകാശവാദങ്ങള്‍ക്ക് ഇനിയും ജീവന്‍ വച്ചുകൂടെന്നില്ല. 3000 പള്ളികള്‍ക്കുമേല്‍ വി.എച്ച്.പി അവകാശവാദമുന്നയിക്കുന്നു. 1991ലെ ആരാധനാലയങ്ങള്‍ സംബന്ധിച്ചുള്ള നിയമം നല്‍കിയ നിബന്ധനകളനുസരിച്ച് അവ സംരക്ഷിക്കപ്പെടുമെന്ന് നമുക്കു പ്രതീക്ഷിക്കാം. പക്ഷേ അതു നിയമനിര്‍മാണത്തിലൂടെ അട്ടിമറിക്കപ്പെടുകയില്ലെന്ന് ആരുകണ്ടു. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ക്ക് അര്‍ഥമില്ലാതില്ല. അതോടൊപ്പം മറ്റൊരു കാര്യം കൂടി; ബാബരി വിഷയത്തില്‍ കോടതിവിധി മറിച്ചായിരുന്നുവെങ്കിലോ, ശബരിമലക്കേസില്‍ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധിയെങ്കിലോ- ഇന്ത്യയിലെ ആള്‍ക്കൂട്ട മനശാസ്ത്രത്തെക്കുറിച്ചു നമുക്കറിയാമല്ലോ; അതിതീവ്ര ഹിന്ദുത്വം അഴിച്ചുവിടുന്ന ഈ ആള്‍ക്കൂട്ട അതിക്രമത്തെ തടയിടാതെ കോടതിവിധികളുടെ പ്രയോജനത്തെക്കുറിച്ച് ഏറെയൊന്നും പ്രതീക്ഷിക്കാനാവുകയില്ല.
ശബരിമല കേസ് ഏഴംഗ ബെഞ്ചിനു വിട്ടതോടെ പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുമുണ്ട്. നേരത്തെ സുപ്രിംകോടി നല്‍കിയ വിധിക്ക് ഇപ്പോഴത്തെ ഭരണഘടനാ ബെഞ്ച് സ്റ്റേ നല്‍കിയിട്ടില്ല, അതിനാല്‍ അതു നടപ്പാക്കനല്ലേ സര്‍ക്കാര്‍ ബാധ്യസ്ഥമായിട്ടുള്ളത്. പ്രസ്തുത വിധിയെ ഭരണഘടനാ ബെഞ്ച് സ്ഥിരീകരിച്ചിട്ടില്ല, അതിനാല്‍ അതു നടപ്പാക്കുന്നതിനെതിരായി ജനകീയ സമരങ്ങള്‍ സ്വാഭാവികം. ഇതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ചെറുതായിരിക്കുകയില്ല.
അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാനുള്ള സൗമനസ്യം 'വൈകാരികമായി ചാര്‍ജ് ചെയ്യപ്പെട്ട' കേരളത്തിലെ മത-രാഷ്ട്രീയസംഘടനകള്‍ക്കുണ്ടാവുന്നില്ലെങ്കില്‍ പിടിവിട്ടുപോകും. അതിനുതകുന്ന പണ്ടോരയുടെ പെട്ടിയാണ് സുപ്രിംകോടതി തുറന്നുവച്ചിട്ടുള്ളത്.
വാല്‍ക്കഷ്ണം: ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പരത്തിവച്ച പ്രധാന വാര്‍ത്തക്ക് സുഹ്‌റ തലക്കെട്ടായി കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന 'തര്‍ക്ക മന്ദിരം തകര്‍ത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിയര്‍ക്കുന്ന കൈകൊണ്ട് പാര്‍ക്കിന്‍സണിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരത്തില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി 'ബാബരി മസ്ജിദ്'.
സുഹ്‌റയുടെ വലിയ കണ്ണുകളില്‍നിന്ന് ചറം പോലെ കണ്ണീര്‍ തുള്ളിതുള്ളിയായി ഒലിച്ചു. അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു, നന്ദി സര്‍. (എന്‍.എസ് മാധവന്റെ 'തിരുത്ത് ' എന്ന കഥയില്‍നിന്ന്)
ഇന്ത്യന്‍ ജുഡിഷ്യറി ബാബരി മസ്ജിദ് എന്ന കെ.കെ ചുല്യാറ്റിന്റെ തിരുത്ത് വീണ്ടും വെട്ടിമാറ്റിയിരിക്കുന്നു. നമുക്ക് കണ്ണീരുകൊണ്ടെങ്കിലും നന്ദി പറയാന്‍ ആരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."