തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍ക്കുന്ന സംഘത്തിലെ സ്ത്രീ റിമാന്റില്‍
ആലത്തൂര്‍: തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ സ്ത്രീ അറസ്റ്റില്‍. അയിലൂര്‍ പാലമൊക്ക് റഷീദ (40)യാണ് ആലത്തൂര്‍ പൊലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും നാലു കിലോ 200 ഗ്രാം കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു. ഇവരുടെ സഹോദരി പൊള്ളാച്ചി അമ്പ്രാംപാളയം സ്വദേശി വഹീദ (35)യെ പിടികൂടാനുണ്ട്. ഇവരാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലില്‍നിന്ന് കേരളത്തിലേക്ക് ബസുകളില്‍ സ്ഥിരമായി കഞ്ചാവുകടത്തുന്നത്.
ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന കച്ചവടകേന്ദ്രം. ഇന്നലെ രാവിലെ ചിറ്റിലഞ്ചേരി ക്ഷേത്രത്തിനു മുന്നില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്ന തിരുവഴിയോട് പുത്തന്‍തറ വീട്ടില്‍ മുഹമ്മദ് റഫീഖ് (43)നെ പൊലിസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് വില്‍ക്കുന്ന വഹീദയെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റഫീഖിനെ ഉപയോഗിച്ച് പൊലിസ് നടത്തിയ നീക്കത്തിലാണ് റഷീദ പിടിയിലായത്. വഹീദ തന്ത്രപൂര്‍വ്വം തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം.
ഇവര്‍ക്കെതിരേ ചാവക്കാട്, നെന്മാറ സ്റ്റേഷനുകളില്‍ രണ്ടു വര്‍ഷം മുമ്പ് കേസുണ്ട്. അന്ന് വഹീദയുടെ അയിലൂരിലെ വീട്ടില്‍ നിന്ന് ഒന്‍പത് കിലോ കഞ്ചാവ് പൊലിസ് പിടികൂടിയിരുന്നു. ചാവക്കാട് സ്റ്റേഷന് പരിധിയിലെ കേസില്‍ ഇവര്‍ ജയില്‍വാസവും ഇതിനു മുമ്പ് അനുഭവിച്ചിട്ടുണ്ട്. മുഹമ്മദ് റഫീഖിനെതിരേയും പൊലിസ് കേസെടുത്തു. അയിലൂര്‍ പാലമൊക്കിലെ വീട്ടില്‍ നിന്ന് നാട്ടുകാരുടേയും പഞ്ചായത്ത് മെമ്പറുടേയും സാന്നിധ്യത്തിലാണ് റഷീദയെ പൊലിസ് പിടികൂടിയത്.
ആലത്തൂര്‍ എസ്.ഐ എസ്. അനീഷ്, സൂരജ് ബാബു, പ്രജീഷ്,പ്രകാശന്, ശ്യാമള, ഫൗജത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രാമസ്വാമി, എക്സൈസ് സി.ഐ വിനോദ് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."