നല്ല ഇണയെ കിട്ടാന്‍ നല്ല തുണയാവുക
സല്‍ഗുണസമ്പന്നയായ വധുവിനെയാണു വേണ്ടത്. അന്വേഷണം തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഒന്നും ശരിയായിട്ടില്ല.
അവന്‍ സങ്കടത്തോടെ പിതാവിനോടു പരാതി പറഞ്ഞപ്പോള്‍ പിതാവിന്റെ മറുപടി ഇതായിരുന്നു: ''ഉത്തമയായ പെണ്ണിനെ കിട്ടാനുള്ള വഴി നീ ഉത്തമനാവുകയെന്നുള്ളതാണ്. നീ ഉത്തമനെങ്കില്‍ നിനക്കു കിട്ടുന്ന വധുവും ഉത്തമയായിക്കൊള്ളും.''
എന്താ ഡിമാന്റ് എന്നു ചോദിച്ചാല്‍ 'കുട്ടി നന്നായാല്‍ മതി' എന്നായിരിക്കും മിക്കവാറും വിവാഹാന്വേഷകരുടെ പ്രതികരണം. എന്നാല്‍ കുട്ടി മാത്രം നന്നായാല്‍ മതിയോ..? സല്‍സ്വഭാവിയായ വരന്‍ എന്ന സ്വപ്നം പെണ്ണിനും കാണില്ലേ.. താന്‍ താന്തോന്നിയും തനിക്കു കിട്ടേണ്ട വധു ഉത്തമയുമാകണമെന്നു ശഠിച്ചാല്‍ അതെങ്ങനെ ചേര്‍ച്ചയൊക്കും..?
നല്ല ഭാര്യയെ കിട്ടാന്‍ നല്ല ഭര്‍ത്താവാകുക എന്നതാണു മാര്‍ഗം. നല്ല ഭര്‍ത്താവിന്റെ കൂടെ കഴിയുമ്പോള്‍ ചീത്ത പെണ്ണിന് നല്ലവളാവാതിരിക്കാന്‍ കഴിയില്ല. തിന്മ നന്മയ്‌ക്കൊപ്പം നിന്നാല്‍ തിന്മ നന്മയായി പരിവര്‍ത്തിക്കപ്പെടും. ഭര്‍ത്താവിന്റെ സല്‍ഗുണങ്ങള്‍ക്കു മുന്നില്‍ തന്റെ ദുശ്ശീലങ്ങളെ പരിപാലിക്കാന്‍ അവള്‍ക്കു പ്രയാസം തോന്നും. സ്വാഭാവികമായും ദുശ്ശീലങ്ങളോടു വിടചൊല്ലി സല്‍ഗുണങ്ങള്‍ പുല്‍കാന്‍ അവള്‍ നിര്‍ബന്ധിതയായിത്തീരും. തന്റെ മാതാവിനെ പൊന്നുപോലെ പരിപാലിക്കുന്ന ഒരാളുടെ ഭാര്യയ്‌ക്കെങ്ങനെ ആ മാതാവിനോടു പരുഷമായി പെരുമാറാന്‍ കഴിയും...? ഭര്‍ത്താവിന്റെ വഴി അവളും സ്വീകരിക്കില്ലേ..
ഒരാള്‍ മറ്റൊരാളുടെ കൂടെ യാത്ര ചെയ്യാന്‍ തീരുമാനിച്ചെന്നു കരുതുക. എങ്കില്‍ അയാള്‍ സഞ്ചരിക്കുന്ന വഴിക്കായിരിക്കും ഇയാളും സഞ്ചരിക്കുക. രണ്ടുപേരും രണ്ടു വഴിക്കാണെങ്കില്‍ സഹയാത്രികര്‍ എന്നു പറയില്ല. ഒരു പുരുഷന്റെ കൂടെ ദാമ്പത്യജീവിതം നയിക്കാന്‍ തീരുമാനിക്കുന്ന പെണ്ണ് ആ പുരുഷന്‍ സഞ്ചരിക്കുന്ന വഴിക്കായിരിക്കും സഞ്ചരിക്കുക. അല്ലെങ്കില്‍ സഞ്ചരിക്കേണ്ടി വരിക. അപ്പോള്‍ മാത്രമേ ഒന്നിച്ചു ജീവിക്കുന്നവര്‍ എന്ന പേരിനര്‍ഹത കൈവരികയുള്ളൂ. ഭര്‍ത്താവ് ഒരു വഴിക്കും ഭാര്യ മറ്റൊരു വഴിക്കുമാണെങ്കില്‍ അവര്‍ പേരില്‍ മാത്രമേ ഇണകളാകുന്നുള്ളൂ. വസ്തുത ഇതാണെങ്കില്‍ ഭര്‍ത്താവിന് നന്മയുടെ വഴിയേ മാത്രം സഞ്ചരിക്കാം. ആ വഴിക്കു തന്റെ കൂടെ കഴിയാന്‍ തീരുമാനിച്ചവളും വരാതിരിക്കില്ല.
ഒരിക്കല്‍ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയോടു പറഞ്ഞു: ''കണ്ടില്ലേ, നമ്മുടെ അയല്‍പക്കത്തെ പെണ്ണ്.. എത്ര സൗമ്യമായിട്ടാണ് അവള്‍ തന്റെ ഭര്‍ത്താവിനോട് പെരുമാറുന്നത്. നീയെന്താ എപ്പോഴും കടിച്ചുകീറിക്കൊണ്ട്... എനിക്ക് അവളെ കിട്ടിയിരുന്നെങ്കില്‍ ഞാനെത്ര ഭാഗ്യവാനാകുമായിരുന്നു...!''
ഇതു കേട്ടപ്പോള്‍ അവള്‍ വിട്ടുകൊടുത്തില്ല. അതേ നാണയത്തില്‍ അവളും തിരിച്ചടിച്ചു. അവള്‍ പറഞ്ഞു: ''കണ്ടില്ലേ, നമ്മുടെ അയല്‍പക്കത്തെ ഭര്‍ത്താവ്.. എത്ര സൗമ്യമായിട്ടാണ് അദ്ദേഹം തന്റെ ഭാര്യയോടു പെരുമാറുന്നത്. നിങ്ങളെന്താ എപ്പോഴും കടിച്ചു കീറിക്കൊണ്ട്.. എനിക്ക് അദ്ദേഹത്തെ കിട്ടിയിരുന്നുവെങ്കില്‍ ഞാനെത്ര ഭാഗ്യവതിയാകുമായിരുന്നു...!''
ദമ്പതികളെ ഒരു കണ്ണാടിയോട് ഉപമിക്കാം. ഭാര്യ ഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും കണ്ണാടിയാണ്. കണ്ണാടിയില്‍ കാണുക തന്റെ മുഖമായിരിക്കും. പുഞ്ചിരിക്കുന്ന മുഖത്തോടെയാണു കണ്ണാടിയില്‍ നോക്കുന്നതെങ്കില്‍ പുഞ്ചിരി തൂകുന്ന മുഖം അതില്‍ കാണാം. ഗൗരവമുള്ള മുഖത്തോടെയാണു നോക്കുന്നതെങ്കില്‍ അതില്‍ കാണുന്നതും ഗൗരവമുഖമായിരിക്കും. ഗൗരവത്തോടെ നോക്കിയിട്ട് എന്താ പുഞ്ചിരിക്കുന്ന മുഖം കാണാത്തതെന്നു പരാതി പറഞ്ഞിട്ടു ഫലമുണ്ടാകില്ല. ഭാര്യയോടു കനത്തില്‍ മാത്രം സംസാരിച്ചു ശീലമുള്ളവന് കനത്തിലുള്ള സംസാരമായിരിക്കും കേള്‍ക്കേണ്ടി വരിക. സുഹൃത്തിന്റെ ഭാര്യ സുഹൃത്തിനോടു സൗമ്യമായി പെരുമാറുന്നതു കണ്ട് സങ്കടപ്പെട്ടിട്ടു കാര്യമില്ല. സുഹൃത്ത് സൗമ്യമായി പെരുമാറിയതുകൊണ്ടാണ് അവന് സൗമ്യസ്വഭാവം തിരിച്ചു കിട്ടുന്നത് എന്നോര്‍ക്കണം.
ഏതൊരു പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നാണല്ലോ ശാസ്ത്രമതം. പുഞ്ചിരി കൊടുക്കുമ്പോഴാണ് പുഞ്ചിരി ലഭിക്കുന്നത്. ഇണയുടെ കണ്ണില്‍ നോക്കി ആത്മാര്‍ഥമായൊന്ന് മന്ദഹസിക്കാന്‍ മടിക്കുന്ന ആളുകളെ കാണാം. അവര്‍ക്കെല്ലാം തങ്ങളുടെ ഇണകളെ കുറിച്ച് പറഞ്ഞാല്‍ തീരാത്ത പരാതികളുമുണ്ടാകും. 'എന്തു ചെയ്യാന്‍.. തനിക്കു കിട്ടിയത് ഇങ്ങനെയായിപ്പോയി' എന്നു പറഞ്ഞ് അവര്‍ അവസാനം പരിതപിക്കുകയും ചെയ്യും. അതിനു പകരം താനിങ്ങനെയായിപ്പോയല്ലോ എന്നു ചിന്തിച്ചാല്‍ അവിടെനിന്നു തുടങ്ങും മാറ്റത്തിന്റെ അലയൊലികള്‍.
തന്റെ ഭര്‍ത്താവ് എന്താ അല്ലെങ്കില്‍ തന്റെ ഭാര്യയെന്താ ഇങ്ങനെ എന്നു ചോദിക്കുന്നതിനു പകരം ഞാനെന്താ ഇങ്ങനെ എന്നു ചോദിക്കുക. ഞാനിങ്ങനെയാകുന്നതുകൊണ്ടാണ് എന്റെ ഇണ അങ്ങനെയാകുന്നതെന്നു മനസിലാക്കുക. ഇണയെ നന്നാക്കാന്‍ ശ്രമിക്കുന്നതിനു പകരം തന്നെ നേരെയാക്കാന്‍ ശ്രമിക്കുക. തനിക്കു തോന്നിയ നിയമവും ഇണയ്ക്ക് താന്‍ വിധിക്കുന്ന നിയമവും എന്ന രീതി വിജയിക്കില്ല. അവിടെ ഏകാധിപത്യം കടന്നുകൂടും.
ആരും ആരെക്കാളും മേലെയാകണ്ട. നന്മയെ മാത്രം ഭരണാധികാരിയാക്കുക. അതിനെ മാത്രം പിന്തുടരുക. ഒരാള്‍ പിന്തുടരുമ്പോള്‍ മറ്റെയാള്‍ സ്വാഭാവികമായും പിന്തുടരും. നന്മയാകണം എപ്പോഴും മേലെ. അല്ലാതെ ഭാര്യയോ ഭര്‍ത്താവോ അല്ല. നന്മ പറയുകയും ചെയ്യുകയും ചെയ്യുന്നത് ആരോ അവര്‍ മേലെയിരിക്കും. അതു ഭാര്യയാണെങ്കില്‍ ഭാര്യ. ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവ്. നന്മയെ മാറ്റി നിര്‍ത്തി സ്വയം മേലെയാവാന്‍ നോക്കുന്നതുകൊണ്ടാണ് ചേര്‍ച്ചാരാഹിത്യം ഉടലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."