ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്; പരീക്ഷ എഴുതാത്തവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം
തിരുവനന്തപുരം: പരീക്ഷ എഴുതാത്തവര്‍ക്കും എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനമൊരുക്കി രാജേന്ദ്രബാബു കമ്മിഷന്‍. സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വാശ്രയ കോളജിന് അനുകൂലമായ നടപടിയുമായി പ്രവേശന കമ്മിഷന്‍ രംഗത്തെത്തിയത്.
എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിവുള്ള കാല്‍ ലക്ഷത്തോളം സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റാനാണ് തീരുമാനം. അലോട്ട്‌മെന്റിന് ശേഷം ഒഴിവുവന്ന സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് പ്രവേശന കമ്മിഷണര്‍ നടപടി സ്വീകരിച്ചത്. 36,212 സര്‍ക്കാര്‍ സീറ്റാണ് സി.ഇ.ഇ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ്, സര്‍വകലാശാലാ നിയന്ത്രിത വിഭാഗം, സ്വകാര്യ സ്വാശ്രയ കോളജ് വിഭാഗങ്ങളിലായി ഉണ്ടായിരുന്നത്. ഇതില്‍ 18,338 എണ്ണം അലോട്ട് ചെയ്തു. 17,252 പേര്‍ പ്രവേശനം തേടി.
സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. 5,046 സീറ്റില്‍ 291 ഒഴിവ്. സര്‍ക്കാര്‍,സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം സീറ്റില്‍ ആളില്ല. 7,554 സീറ്റില്‍ ഒഴിഞ്ഞുകിടക്കുന്നത് 2,800 എണ്ണം. സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 67.21 ശതമാനം സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. എല്ലാംകൂടി ഏതാണ്ട് 25,000 സീറ്റുകള്‍ ഒഴിവുണ്ട്. സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിങ് കോളജുകളില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടാതെ വലയുകയാണ്. പലതും പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം കൂടി വരികയാണ്.
മാനേജ്‌മെന്റ് കോട്ടയില്‍ 99,000മാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പല കോളജുകളും കുട്ടികളെ കിട്ടാതെ പകുതി ഫീസില്‍ പ്രവേശനം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."