വലമ്പൂരിലെ കരിങ്കല്‍ ഖനന കേന്ദ്രത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ വലമ്പൂര്‍ കൊടിയാല്‍കുന്നില്‍ തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ഖനന കേന്ദ്രത്തിനും ക്രഷര്‍ യൂനിറ്റിനുമെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
കുടിവെള്ള സ്രോതസുകള്‍ പോലും മലിനമാക്കുന്ന ക്വാറി പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. വലമ്പൂരില്‍ എട്ടേക്കര്‍ സ്ഥലത്താണ് ക്വാറി തുടങ്ങുന്നത്. ഇതിനു സമീപം എല്‍.പി, യു.പി സ്‌കൂളുകളും അഞ്ച് മദ്‌റസകളും അങ്കണവാടിയുമുണ്ട്. ഇവിടങ്ങളില്‍ ആയിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്.
മാത്രമല്ല, നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ നിന്ന് 100മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് ക്വാറിയുള്ളത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുന്നത് ട്രെയിനുകളുടെ സുരക്ഷക്കും ഭീഷണിയാണ്. ഇതുസംബന്ധിച്ച് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ക്വാറി വന്നാല്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കൊടിയന്‍കുന്ന് ചോലയും നശിക്കും. ഇതിനാല്‍ തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ഖനന കേന്ദ്രത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് മൂന്നിന് മുള്ള്യാകുര്‍ശ്ശി പി.ടി.എം.എ.യു.പി സ്‌കൂളില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പരിപാടിയില്‍ അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും. നേരത്തെ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ക്വാറിക്കായി ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."