മണ്ണട്ടാംപാറ അണക്കെട്ട്: ഷട്ടര്‍ നിര്‍മാണ പ്രവൃത്തിക്ക് ഒച്ചിന്റെ വേഗത
തേഞ്ഞിപ്പലം: മണ്ണട്ടാംപാറയില്‍ തകര്‍ന്ന ഷട്ടര്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിക്ക് ഒച്ചിന്റെ വേഗത. പണി ഇഴഞ്ഞു നീങ്ങുന്നു. ഒരു മാസം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. ആഴ്ചകള്‍ പിന്നിട്ടിട്ടും പത്ത് ശതമാനം പോലും പ്രവൃത്തി നീങ്ങിയിട്ടില്ല. പണി ഇഴഞ്ഞു നീങ്ങുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഇവിടെ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും അടിയന്തിരമായി താല്‍ക്കാലിക തടയണ നിര്‍മിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം വൈകുന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒലിച്ച് പോയ ഷട്ടറിന്റെ ഭാഗത്ത് പ്രദേശവാസികള്‍ താല്‍ക്കാലികമായി മരപ്പലക സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേലിയേറ്റ സമയത്ത് അതിന്റെ വിടവിലൂടെ ഉപ്പ് വെള്ളം കയറുന്നതും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെയാണ് പഴകിയ ഷട്ടര്‍ തകര്‍ന്നുവീണത്. അറ്റകുറ്റപ്പണിക്കായി ശ്രമിച്ചെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാല്‍ നടന്നില്ല. അതിനിടെ തകര്‍ന്ന ഷട്ടര്‍ ഈ കാലവര്‍ഷത്തില്‍ ഒഴുകിപ്പോകുകയും ചെയ്തു. ഇതോടെ ഷട്ടര്‍ പുനര്‍ നിര്‍മിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ വന്നു. അതിലേക്കായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. ബാക്കിയുള്ളവ ജലവിഭവ വകുപ്പ് ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ പ്രവൃത്തി തുടങ്ങിയത്.
പ്രവൃത്തി ഇനിയും വൈകിയാല്‍ മണ്ണട്ടാംപാറ വഴി ഉപ്പുവെള്ളം എത്തുന്നതോടെ മൂന്നിയൂര്‍, തിരൂരങ്ങാടി, എ.ആര്‍ നഗര്‍, വേങ്ങര, വള്ളിക്കുന്ന്, തെന്നല, നന്നമ്പ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷി നശിക്കും. മാത്രമല്ല പുളിവെള്ളം കയറുന്നതോടെ പരിസരപ്രദേശങ്ങളിലെ കുടിവെള്ളം മുട്ടുകയും ചെയ്യും. കടലില്‍നിന്നും കടലുണ്ടി പുഴയിലൂടെ കാര്‍ഷിക നിലങ്ങളില്‍ എത്തുന്ന ഉപ്പുവെള്ളം തടയാനാണ് 1957ല്‍ 120 മീറ്ററിലധികം നീളത്തില്‍ അണക്കെട്ട് നിര്‍മിച്ചത്.
അധികൃതരുടെ അനാസ്ഥ മൂലം കാലക്രമേണെ അണക്കെട്ടിന് ചോര്‍ച്ച സംഭവിക്കുകയായിരുന്നു. ഷട്ടര്‍ നന്നാക്കുന്നതിനോടൊപ്പം ഇത് പരിഹരിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."