ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: ലോക്സഭയില്‍ ബഹളം, സഭ തടസപ്പെട്ടു
ന്യൂഡല്‍ഹി: ഗാന്ധികുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു. സ്പീക്കര്‍ ഓംബിര്‍ല മുന്നറിയിപ്പ് നല്‍കിയെങ്കിലും അംഗങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ല. മുദ്രാവാക്യം വിളികള്‍ക്കും ബഹളങ്ങള്ക്കുമിടെ ചോദ്യോത്തര വേള മുന്നോട്ടു പോയി. തമിഴിലും മുദ്രാവാക്യം വിളികളുയര്‍ന്നു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. അതിനിടെ സഭയിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി അമിത്ഷാ പുറത്തേക്കിറങ്ങിപ്പോയി.
പിന്നീട് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അധീര്‍ രഞ്ജന്‍ സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും പറഞ്ഞു പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം സംസാരിച്ചു പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സ്പീക്കര്‍ അടുത്ത എം.പിക്ക് വ്യത്യസ്ത വിഷയം ഉന്നയിക്കാന്‍ അനുമതി നല്കി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ വിട്ടിറങ്ങിപ്പോയി. തുടര്‍ന്ന് ഡി.എം.കെ നേതാവ് ടി.ആര് ബാലുവും ഇതേ വിഷയം ഉന്നയിച്ചു. സോണിയ ഗാന്ധിക്കും കുടുംബത്തിനും ഗുരുതര ഭീഷണിയുണ്ടെന്ന് ബാലുവും ചൂണ്ടിക്കാട്ടി. എന്നാല്‍, അദ്ദേഹം സംസാരിച്ചു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ മറ്റൊരാള്‍ക്ക് അവസരം നല്കി. അതോടെ ഡി.എം.കെ അംഗങ്ങളും സഭ വിട്ടിറങ്ങിപ്പോയി. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച് സഭ ഇന്നലെ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."