യെദ്യൂരപ്പയും മകനും ഡി.കെ ശിവകുമാറിന്റെ വീട്ടിലെത്തി; സഖ്യചര്ച്ചയ്ക്കെന്ന് അഭ്യൂഹം
ബെംഗളൂരു: ബി.ജെ.പി കര്‍ണാടക അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ് യെദ്യൂരപ്പ കോണ്‍ഗ്രസ് നേതാവും ജലസേചന മന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ വീട്ടിലെത്തിയത് ചര്‍ച്ചാവിഷയമാവുന്നു. ശിവമോഗ എം.പിയും മകനുമായ ബി.വൈ രാഘവേന്ദ്രയുമൊന്നിച്ചാണ് യെദ്യൂരപ്പ ഡി.കെ.എസിന്റെ വീട്ടിലെത്തിയത്.
ഒരു മണിക്കൂറില്‍ അധികം വീട്ടില്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലമായി നീണ്ടുപോവുന്ന ശിവമോഗയിലെ ജലസേചന പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിക്കാനാണ് ഇവര്‍ വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സഖ്യത്തിനായാണ് പോയതെന്ന അഭ്യൂഹവും പരന്നതോടെയാണ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായത്.
കൂടിക്കാഴ്ചയില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കി. ശിവമോഗ വരള്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യത്തിനാണ് കണ്ടതെന്ന് യെദ്യൂരപ്പ പറഞ്ഞു.
യെദ്യൂരപ്പയുടെ കൂടി മണ്ഡലമായ ശിക്കാരിപുര, ശിവമോഗ റൂറല്‍, സൊരഭ എന്നിവിടങ്ങളില്‍ ജലം എത്തിക്കേണ്ടതിന്റെ അത്യാവശ്യം ചൂണ്ടിക്കാണിക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി 2000 കോടി അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി രാഘവേന്ദ്ര പറഞ്ഞു. അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."