ജനാധിപത്യവും ജനഹിതവും അട്ടിമറിക്കപ്പെടുന്നു
ജനാധിപത്യ സമ്പ്രദായങ്ങള്‍ സമ്പൂര്‍ണ വിജയമാണെന്ന് അവകാശപ്പെടാനാവില്ല. എന്തുകൊണ്ടെന്നാല്‍ യഥാര്‍ഥ ജനാധിപത്യം നിലവിലുണ്ടോ? സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ആധുനിക ജനാധിപത്യം. സത്യസന്ധവും സുതാര്യവുമായ ജനവിധി സംഭവിക്കാറുള്ളത് അപൂര്‍വമാണ്. അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെടുന്നവര്‍ ജനവിധി മാനിച്ചല്ല ഭരണം നടത്താറുള്ളത്. വിയോജിപ്പുള്ളവരെ തോക്കുകൊണ്ട് നേരിടുന്ന രാഷ്ട്രീയമാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്. അന്താരാഷ്ട്രതലത്തില്‍ ഉപരോധം എന്ന ആയുധം ഉപയോഗിച്ചു വികസ്വര രാഷ്ട്രങ്ങളെ വരുതിയില്‍ കൊണ്ടുവരാന്‍ അമിതാധികാരമുള്ള രാഷ്ട്രങ്ങളും വേദികളും ദുരുപയോഗം ചെയ്യാറുണ്ട്. ഇറാനെതിരെയുള്ള കോലാഹലം മറ്റെന്താണ് അര്‍ഥമാക്കുന്നത്? യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അരുതാത്തതൊക്കെ നടന്നുവെന്ന് ഇപ്പോള്‍ പരസ്യമായി ചിലര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്ത് പരന്നുകിടക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം അമേരിക്കയുടെ താല്‍പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയമാണ് അമേരിക്ക കാലങ്ങളായി തുടര്‍ന്നുവരുന്നത്. നിലവിലുള്ള ലോക സാഹചര്യമനുസരിച്ച് മഹത്തായ ജനാധിപത്യം എന്ന് നാമകരണം ചെയ്യുകയും ചെയ്യുന്നു.
സൈബര്‍സ്‌പേസിന്റെ അനന്ത സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും സൈബര്‍ സുരക്ഷ ഒരു വെല്ലുവിളിയാണ്.ഭരണാധികാരികള്‍ അവരുടെ സ്വകാര്യ മുറിയില്‍നിന്ന് ഏറ്റവുമടുത്ത ഉപദേഷ്ടാവുമായി സംസാരിക്കുന്നതുപോലും മറച്ചുവെക്കാന്‍ കഴിയാത്ത മായാ വിപ്ലവം സംഭവിച്ചിരിക്കുന്നു. സ്വതന്ത്രവും സത്യസന്ധവുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയാതെ വന്നതിനാല്‍ ജനഹിതമല്ല വിരുദ്ധതകള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചുവരുന്നത്.
വലിയൊരു സാധ്യതയായ സാമൂഹ്യമാധ്യമം പലപ്പോഴും വലിയ കെണിയായി രൂപാന്തരം പ്രാപിക്കുന്നു. സത്യത്തില്‍ ഇന്ന് എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഭരണകൂടങ്ങള്‍ സാധാരണ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക മാത്രമല്ല, വാണിജ്യതാത്പര്യങ്ങള്‍ക്കുവേണ്ടി പോലും ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യം ഇവിടെയും അട്ടിമറിക്കപ്പെടുന്നു. മികച്ച ഭരണാധികാരികളുടെ അഭാവം, മികച്ച പൗരധര്‍മ്മം പ്രകടിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കും. അതുതന്നെയാണ് ആധുനിക ജനാധിപത്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയും.
സോവിയറ്റ് യൂനിയന്‍ നേതാവായ ക്രൂഷ്‌ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27ാം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. 'പ്രധാനമന്ത്രിയായിരുന്ന ജോസഫ് സ്റ്റാലിന്‍ ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നില്ല. അധികാരങ്ങളെല്ലാം അളവിലധികം ഉപയോഗിച്ച ഏകാധിപതിയായിരുന്നു'വെന്ന് അദ്ദേഹം പ്രസംഗിച്ചു. യുവാവായ ഒരു പാര്‍ട്ടി അംഗം പൊട്ടിത്തെറിച്ചു ചോദിച്ചു: 'എന്തുകൊണ്ട് അക്കാലത്ത് നിങ്ങള്‍ ഇതു പറഞ്ഞില്ല?' രോഷാകുലനായ ക്രൂഷ്‌ചേവ് തന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്ന് ഒരു കൈ തോക്കെടുത്ത് ഉയര്‍ത്തി ആജ്ഞാപിച്ചു: 'അതു ചോദിച്ചയാള്‍ എഴുന്നേറ്റുനില്‍ക്കുക'. സദസ്സില്‍നിന്ന് ആരും അനങ്ങിയില്ല. മൂന്നു പ്രാവശ്യം ക്രൂഷ്‌ചേവ് ആവശ്യപ്പെട്ടിട്ടും ആരും അനങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം ശാന്തനായി പറഞ്ഞു: 'ഈ അവസ്ഥ തന്നെയായിരുന്നു അന്ന് എനിക്കും.' സോവിയറ്റ് പ്രവിശ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ ധൂര്‍ത്തും ആര്‍ഭാടവും അധാര്‍മികതയും പ്രജാവിരുദ്ധതയും ഉയര്‍ത്തിക്കാട്ടി വിപ്ലവം നയിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ജനഹിതം അട്ടിമറിച്ചുവെന്ന് ചുരുക്കം.
ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അധികാര കൈമാറ്റങ്ങള്‍ നടക്കുന്ന, നിരന്തരം പൗരബോധങ്ങളെ പരിഹസിക്കുന്ന പതിവ് വഴി പാടുകളായി ജനാധിപത്യ സമ്പ്രദായങ്ങളെ അട്ടിമറിക്കപ്പെടുകയാണ്. പ്രത്യയശാസ്ത്രങ്ങളും നയപരിപാടികളും മിനിമം പരിപാടി എന്ന ഒറ്റമൂലിയില്‍ പരിമിതപ്പെടുത്തി സിംഹാസനത്തില്‍ പങ്കുപറ്റാന്‍ ആധുനിക ജനാധിപത്യം ചുവപ്പ് പരവതാനി വിരിച്ചുകൊടുക്കുന്നു. ഇന്ത്യയ്ക്കകത്ത് മഹാരാഷ്ട്രയില്‍ 'മണ്ണിന്റെ മക്കള്‍' വാദം ഉയര്‍ത്തി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം അപ്പാടെ നിഷേധിച്ച് 'ശിവജി'യെ ഉയര്‍ത്തിക്കാട്ടി, പ്രാദേശിക വംശീയത വളര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ശിവസേന.
അതിഭീകരമാംവിധം ഹിന്ദുത്വ ആശയങ്ങളുടെ തടവറയിലാണ് ആ പാര്‍ട്ടി രൂപംകൊണ്ടതും വളര്‍ന്നതും. ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുത്വ ഭീകരതയുടെ സമാന വീക്ഷണം തന്നെയാണ് ശിവസേനക്കുള്ളത്. മഹാരാഷ്ട്ര എന്ന സമ്പന്ന സംസ്ഥാനത്തിന്റെ അധികാരത്തിലെത്താന്‍ പ്രത്യയശാസ്ത്ര മതിലുകള്‍ തടസ്സമാവാതിരിക്കാന്‍ കാരണം വ്യവസായികളുടെ സാമ്രാജ്യ നഗരം എന്നറിയപ്പെടുന്ന മുംബൈയാണ് മഹാരാഷ്ട്രയുടെ തലസ്ഥാനം എന്ന തിരിച്ചറിവാണ്. ജനാധിപത്യമെന്നത് നാവ് നിര്‍മിക്കുന്ന ആനന്ദകരമായ ശബ്ദ സ്വരം മാത്രമാവുകയാണെന്ന് ചുരുക്കം.
വര്‍ഗീയത ഭീകരമായി ആവാഹിച്ചവര്‍ പാര്‍ക്കുന്ന രാജ്യവും കൂടിയാണ് ഭാരതം. ഇന്ത്യ-പാക് വിഭജനകാലത്ത്; വേദങ്ങള്‍ രചിച്ച സിന്ധു നദീ തീരങ്ങള്‍ ഹിന്ദുക്കളുടെ പൈതൃകമായതിനാല്‍ പാകിസ്താനിലൂടെ ഒഴുകുന്ന സിന്ധു നദി ഏത് വിധേനയും ഇന്ത്യയിലേക്ക് മാത്രം ഒഴുക്കാന്‍ പദ്ധതി വേണമെന്ന് വാശിപിടിച്ചു വാദിച്ച ഉഗ്രവാദി ഹിന്ദു സന്യാസികളും അന്ന് രംഗത്തുവന്നിരുന്നു. താജ്മഹല്‍ മുസ്‌ലിം ഭരണാധികാരിയായിരുന്ന ഷാജഹാന്‍ നിര്‍മിച്ചതുകൊണ്ട് പൊളിച്ചു ഓഹരി വെക്കണമെന്ന് മുസ്‌ലിം വര്‍ഗീയവാദികളും അന്ന് വാശി പിടിച്ചു. ഘാനയില്‍നിന്ന് ഗാന്ധി പ്രതിമകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. മതവും വര്‍ഗവും വംശവും ലോക ഭൂപടത്തിന് മുകളില്‍ ചോരച്ചാലുകള്‍ തീര്‍ത്ത കാലത്ത് സമാധാന ദൂതുമായി പ്രത്യക്ഷപ്പെട്ട ഈ ഋഷിവര്യന്‍ ഭാരതത്തിലും തമസ്‌കരിക്കപ്പെട്ടുതുടങ്ങി.
ഗാന്ധിസം കൊന്ന് കുഴിച്ചുമൂടി തുടങ്ങിയാണ് ഭരണചക്രം മുന്നോട്ടുനീങ്ങുന്നത്. ഹിന്ദു ദേശീയത ഗാന്ധിജി നിരാകരിച്ച ആശയമാണ്. പാക്ക് അതിര്‍ത്തിയില്‍പോയി വെടി വെക്കുന്നതും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഇന്ത്യയിലെ ഹിന്ദുത്വവാദികളെ വരുതിയിലാക്കി വോട്ടു പെട്ടിയിലാക്കി ഭരണം പിടിക്കുന്ന രാഷ്ട്രീയമാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം. ഇത് അഖണ്ഡ ഭാരത സംസ്‌കൃതിയുടെ ലംഘനമാണ്. ശത്രുരാഷ്ട്രമായ പാകിസ്താനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും നിലക്കുനിര്‍ത്താനും ഭരണകൂടങ്ങള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അത് വോട്ട് തട്ടാനുള്ള കുറുക്കു വിദ്യയും രാഷ്ട്രീയ ആയുധവുമാക്കുന്നതാണ് ഗാന്ധി വിരുദ്ധ രാഷ്ട്രീയം.
ജനാധിപത്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ക്ക് യോഗ്യത നിര്‍ണയിക്കപ്പെടാത്ത രാജ്യമാണ് ഭാരതം. നിരക്ഷരനും മന്ത്രിയാവാം. അതൊരു മഹത്തായ ജനാധിപത്യവുമായി നമുക്ക് പാടിപ്പുകഴ്ത്തുകയുമാവാം. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് പൂര്‍ണമായും കൂറു പുലര്‍ത്താത്തവര്‍ക്ക് മത്സരിക്കാന്‍ അവസരമുണ്ടായിക്കൂടാ. മതന്യൂനപക്ഷം, ദലിത് പിന്നാക്ക വിഭാഗത്തെയും ക്രൂരമായി കൊന്ന് തീര്‍ക്കാന്‍ നേതൃത്വം നല്‍കിയവര്‍ ഭാരതം ഭരിക്കുന്ന അവസ്ഥ ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാലാണ്. ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഇന്ത്യന്‍ ജുഡീഷ്യറി, ഭരണകൂടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് ഞെട്ടലുളവാക്കുന്നു. ഏഴു പതിറ്റാണ്ട് എത്രമാത്രം ജനഹിതം പ്രതിഫലിച്ചു എന്നതിന്റെ കൃത്യമായ ഉത്തരമാണ് ഇപ്പോഴത്തെ ഭരണ വൈകൃതങ്ങള്‍.
പള്ളി പൊളിച്ചത് തെറ്റാണെന്ന് വിധിയെഴുതിയ മഷി ഉണങ്ങുന്നതിനു മുമ്പ് ഉടനെയെഴുതുന്നത് പൊളിച്ചവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഗംഭീര അമ്പലവും 2.77 ഏക്കര്‍ സ്ഥലവും നല്‍കണമെന്നാണ്. ഇതിലടങ്ങിയ മതേതര ബുദ്ധി, അഞ്ചാം വേദമായി കാണുന്ന ഭരണഘടനാ തത്വങ്ങള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും ആലോചിച്ചിട്ടും യുക്തിഭദ്രമായ ഒരു ഉത്തരം ലഭിക്കുന്നില്ല. അടിസ്ഥാന വര്‍ഗത്തിനും മത ന്യൂനപക്ഷങ്ങള്‍ക്കും നിശബ്ദ ഇടം ഒരുക്കുന്നതാണ് അടിസ്ഥാനപരമായി ജനാധിപത്യ അട്ടിമറി. ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ സാമ്പത്തിക മാന്ദ്യം ഭയന്നുകഴിയുന്ന സാമൂഹിക സാഹചര്യങ്ങളുടെ നിര്‍മിതിയാണെന്ന് ഡോ. മന്‍മോഹന്‍സിങ് വിലയിരുത്തിയിട്ടുണ്ട്. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍ ഒരു രാഷ്ട്രം തന്നെ ദാരിദ്ര്യത്തിലേക്ക് സഞ്ചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."