റഷ്യന്‍ ബന്ധം: യു.എസ് കോണ്‍ഗ്രസില്‍ കളവ് പറഞ്ഞെന്ന് മൈക്കല്‍ കോഹന്
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ കളവ് പറഞ്ഞെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ കോഹന്. മാന്‍ഹട്ടിലെ ഫെഡറല്‍ കോടതിയിലാണ് അദ്ദേഹം കുറ്റം സമ്മതിച്ചത്.
റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് മൊഴിനല്കുന്നതിനിടെയാണ് സെനറ്റ് അംഗങ്ങളെ തെറ്റിധരിപ്പിക്കാനായി മൈക്കല്‍ കോഹന് കളവ് പറഞ്ഞത്. 2016ലെ തെരഞ്ഞെടുപ്പില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഗസ്റ്റില്‍ അദ്ദേഹം സമ്മതിച്ചിരുന്നു. ട്രംപിനോട് ബന്ധമുള്ള കമ്പനിയുമായി റഷ്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് എഴുതിനല്‍കിയ പ്രസ്താവന കളവാണെന്ന് കോഹന് കോടതിയില്‍ പറഞ്ഞു.
തങ്ങളുടെ ഒന്നാമത്തെ വ്യക്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയാണ് താന്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം വ്യക്തിയെന്ന് ഉദ്ദേശിക്കപ്പെടുന്നത് ട്രംപാണെന്ന് കോഹിന് നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് സ്വാധീനിക്കാനായി റഷ്യക്കൊപ്പം ട്രംപ് ഗൂഡാലോചന നടത്തിയോയെന്ന കാര്യം യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷല്‍ കൗണ്‍സില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നിര്‍ണായക കുറ്റസമ്മതം. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കോഹന് നിലവില്‍ കൗണ്‍സിലിന് മൊഴിനല്കുന്നുണ്ട്. റഷ്യയില്‍ ട്രംപ് ടവര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കോഹിനിനെ സ്പെഷല്‍ കൗണ്‍സില്‍ ചോദ്യം ചെയ്യും.
അതിനിടെ കോഹന്റെ കുറ്റസമ്മതത്തിനെതിരേ ട്രംപ് രംഗത്തെത്തി. കോഹന് ബലഹീനനായ വ്യക്തിയാണെന്നും പ്രസ്താവനയില്‍ കളവ് പറയുന്ന വ്യക്തി മികച്ച വ്യക്തിയല്ലെന്നും ട്രംപ് പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ അര്ജന്റീനിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."