ജി.ഡി.പി: തകര്‍ന്ന സാമ്പത്തികാവസ്ഥ മറച്ചുവയ്ക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ച കേന്ദ്ര നടപടിയെച്ചൊല്ലി വന്‍വിവാദം. രാജ്യത്തിന്റെ തകര്‍ന്ന സാമ്പത്തികാവസ്ഥ മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചേര്‍ന്നു നടത്തുന്ന, വിദ്വേഷം കലര്‍ന്ന വഞ്ചനാപരമായ ചെപ്പടിവിദ്യയാണിതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
2005-12ലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വന്‍തോതില്‍ കുറഞ്ഞുവെന്നാണ് ഇപ്പോള്‍ നീതി ആയോഗ് പറയുന്നത്. ഇതാണ് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയത്. നീതി ആയോഗിന്റെ ജി.ഡി.പി കണക്കുകള്‍ വിലകുറഞ്ഞ തമാശയാണെന്ന് പി. ചിദംബരം ആരോപിച്ചു. വില കുറഞ്ഞ തമാശയേക്കാള്‍ ശോചനീയമാണ് ആ കണക്കുകളെന്നും നിശിതമായ വിമര്‍ശനം മൂലം ഉടലെടുത്തവയാണ് അവയെന്നും ചിദംബരം ട്വീറ്റ് ചെയ്തു. രാജ്യത്ത് ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുണ്ടായത് 2004 മുതല്‍ 2014 വരെയുള്ള യു.പി.എ ഭരണകാലത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതോടൊപ്പം 2010-11 കാലത്തെ ജി.ഡി.പി നേരത്തെ 10.3 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിത് 8.5 ശതമാനം മാത്രമാണെന്നാണ് നീതി ആയോഗ് ഇന്നലെ വ്യക്തമാക്കിയത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധര്‍ സൂക്ഷ്മപരിശോധനകള്‍ക്കു ശേഷമാണ് പുതിയ ജി.ഡി.പി നിരക്കു പ്രഖ്യാപിച്ചതെന്നും തെറ്റിധരിപ്പിക്കുകയോ യാഥാര്‍ഥ്യത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുകയോ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്‍.ഡി.എ കാലത്തെക്കാള്‍ മികച്ച ജി.ഡി.പി നിരക്കാണ് യു.പി.എ കാലത്തുണ്ടായിരുന്നതെന്ന കോണ്‍ഗ്രസിന്റെയും മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും വാദം ഇതോടെ പൊളിഞ്ഞെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു. ഉദാരവത്കരണത്തിനു തുടക്കമിട്ട ശേഷം ജി.ഡി.പി രണ്ടക്കത്തിലെത്തിയ ഏക വര്‍ഷമായിരുന്നു 2010-11. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കണക്കുകള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ പ്രധാനമാണ്.
നോട്ടു നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയതും പോലുള്ള ബുദ്ധിഹീനമായ തീരുമാനങ്ങള്‍ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചെന്നും ചെപ്പടിവിദ്യകളിലൂടെ ഇതു മറച്ചുവയ്ക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും പയറ്റുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഇത്തരം വിദ്യകളിലൂടെ സത്യം മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."