കരിപ്പൂര്‍ പൊലിസ് സ്റ്റേഷന് വിമാനത്താവള പരിസരത്ത് 20 സെന്റ് സ്ഥലം ഏറ്റെടുക്കുന്നു
കൊണ്ടോട്ടി: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ പൊലിസ് സ്റ്റേഷന് വിമാനത്താവള പരിസരത്തേക്ക് മാറ്റാന്‍ 20 സെന്റ് സ്ഥലം ഏറ്റെടുക്കുന്നു.നിലവില്‍ വിമാനത്താവള കാര്‍പാര്‍ക്കിങ്ങിനായി 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ഇതിനോട് ചേര്‍ത്താണ് 20 സെന്റ് കൂടി അധികം ഏറ്റെടുക്കുക. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കരിപ്പൂര്‍ പൊലിസ് സ്റ്റേഷന്‍ കുമ്മിണിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നത്.വിമാനത്താവളത്തിലെ മുഴുവന്‍ കേസുകളും കൈകാര്യം ചെയ്യുന്നത് കരിപ്പൂര്‍ സ്റ്റേഷനാണ്.വിമാനത്താവളത്തിന് ഏറെ അകലെയുള്ള സ്റ്റേഷനിലേക്ക് ചുറ്റിവേണം എത്തിച്ചേരാന്‍. വിമാനത്താവളത്തിന്റെ അകത്തെ ചുമതല മാത്രമാണ് കേന്ദ്രസുരക്ഷ സേനക്കുള്ളത്. പുറത്ത് കേരള പൊലിസിനാണ്. നിലവില്‍ ടെര്‍മിനലിലെ ഇടുങ്ങിയ മുറിയിലാണ് പൊലിസ് ഹെഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കരിപ്പൂരില്‍ സ്റ്റേഷന്‍ അനുവദിച്ച കാലഘട്ടത്തില്‍ തന്നെ സ്ഥലം നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്തുവന്നിരുന്നു.എന്നാല്‍ മതിയായ സ്ഥലം ലഭ്യമാക്കാനായില്ല. വിമാനത്താവള സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലാവുകയും ചെയ്തു.എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ സ്ഥലമേറ്റെടുത്ത് റണ്‍വേ വികസനത്തിന് അതോറിറ്റി തുനിയുന്നില്ല.എന്നാല്‍ പുതിയ ടെര്‍മിനല്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ കാര്‍പാര്‍ക്കിങ് വിപലപ്പെടുത്താനായി 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.ഇതിനോട് ചേര്‍ന്നാണ് 20 സെന്റ് സ്ഥലം പൊലിസ് സ്റ്റേഷനുവേണ്ടി മാത്രം വാങ്ങുക. കരിപ്പൂര്‍ മേഖലയും വിമാനത്താവളവും ചേര്‍ന്നതാണ് കരിപ്പൂര്‍ സ്റ്റേഷന്റെ പരിധി.വാടക കെട്ടിടത്തില്‍ പിടികൂടിയ വാഹനങ്ങള്‍ പോലും സൂക്ഷിക്കാന്‍ സ്ഥലമില്ലാതെയാണ് കരിപ്പൂര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി സര്‍ക്കിളിന് കീഴിലാണ് പൊലിസ് സ്റ്റേഷനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."