കെ.എസ്.യു, കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്കും കെ.എസ്.യു കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്കുമാണ് മാര്‍ച്ച് നടത്തിയത്.
കേരള സര്‍വകലാശാലാ ആസ്ഥാനത്തിനുമുന്നില് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സര്‍വകലാശാലയുടെ മതിലിനുമുകളില് കയറി. രണ്ടുമണിക്കൂറോളം നേരം സര്‍വകലാശാലാ പരിസരം സംഘര്‍ഷഭരിതമായിരുന്നു.
ജലപീരങ്കി പ്രയോഗത്തില്‍ കെ.എസ്.യു നേതാവ് അബീഷിന് പരുക്കേറ്റു. മാര്‍ച്ച് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയതിന്റെ പകതീര്‍ക്കാന്‍ സര്‍ക്കാര്‍ പൊലിസിനെ ഉപകരണമാക്കുകയാണെന്ന് അവര്‍ പറഞ്ഞു. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവര്ത്തകന് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."