'തമിഴ്‌പേശി വന്നു'; മലയാളത്തിളക്കത്തിലൂടെ മലയാളം പറഞ്ഞ് സൗമ്യ
ചെങ്ങന്നൂര്‍: തമിഴ് പേശി ക്ലാസ് മുറിയിലേക്ക് കടന്നുവന്ന ബാലിക കൊഞ്ചം, കൊഞ്ചമായി മലയാളം പറഞ്ഞു തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ പൊന്‍തൂവലായി മാറുന്ന പദ്ധതിയായ മലയാളത്തിളക്കത്തിന്റെ പ്രത്യേകതയാണിത്.
മലയാളത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാന്‍ പഠിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ചെങ്ങന്നൂരിലെ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും, തമിഴ്‌നാട് സ്വദേശിനിയുമായ വി. സൗമ്യയാണ് മലയാളത്തിളക്കത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാന്‍ പഠിച്ചത്.
തെങ്കാശിക്കടുത്തുള്ള നാടാര്‍പെട്ടി ഗ്രാമത്തിലെ വേല്‍മുരുകന്‍ രമ്യ ദമ്പതിമാരുടെ മൂത്ത പുത്രിയാണ് സൗമ്യ. അഞ്ചാം ക്ലാസ് വരെ ടി.ഡി.ടി.ഡി.എ സ്‌ക്കൂളില്‍ തമിഴ്മീഡിയത്തിലാണ് സൗമ്യ പഠിച്ചത്.
കഴിഞ്ഞ വര്‍ഷം ചെറിയനാട് പ്രദേശത്ത് പാത്ര കച്ചവടത്തിനായി എത്തിയതാണ് സൗമ്യയുടെ കുടുംബം. അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്്ക്കൂളില്‍ ആറാം ക്ലാസില്‍ ചേര്‍ന്നു.
ആറ് മാസം കൊണ്ടാണ് അധ്യാപകരുടേയും, സഹപാഠികളുടേയും നിരന്തരമായ ശിക്ഷണത്തിലൂടെ മലയാളം പഠിച്ചത്.
തുടര്‍ന്ന് സ്മാര്‍ട്ട് ക്ലാസ് റൂമില്‍ വച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്താല്‍, എട്ടു ദിവസത്തെ മലയാളതിളക്കത്തിലൂടെ മലയാളം നന്നായി വായിക്കാനുള്ള പ്രാപ്തി സൗമ്യ നേടിയതായി അധ്യാപകനായ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ അസംബ്ലിയില്‍ സൗമ്യ മലയാള പുസ്തകം തെറ്റുകൂടാതെ വായിച്ചതോടെ മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ നായര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ജയലക്ഷ്മി ചടങ്ങില്‍ പങ്കെടുത്തു.
പ്രഥമാധ്യാപിക ആശ വി പണിക്കര്‍, അധ്യാപകരായ ജി. ശ്രീലേഖ, എസ്. സുമാദേവി, ജി. രാധാകൃഷ്ണന്‍, മീര രാമകൃഷ്ണന്‍, ബീന കല്യാണ്‍, സ്മിത ചന്ദ്രന്‍, എസ്. പത്മകുമാരി, ശ്രീലേഖ കുറുപ്പ്, എ.കെ ശ്രീനിവാസന്‍, രേഖ ആര്‍ താങ്കള്‍, എന്‍.പി ആശാദേവി തുടങ്ങിയവരാണ് മലയാളത്തിളക്ക പദ്ധതിയുടെ വിജയത്തിനായി നേതൃത്വം നല്‍കിയത്.
സൗമ്യയുടെ ഇളയ സഹോദരങ്ങളായ അക്ഷയ മൂന്നാംക്ലാസിലും, സുളക്ഷന്‍ ഒന്നാം ക്ലാസിലും ചെറിയനാട് ഗവ. ജെ.ബി.എസില്‍ പഠിക്കുന്നു.
മലയാളത്തിളക്കത്തിലൂടെ മണിമണിയായി സൗമ്യ മലയാളം വയിച്ചും പറഞ്ഞും തുടങ്ങിയപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായുളള നൂതനഭാഷാ പരിപോഷണ സമ്പ്രദായത്തിന്റെ തിളക്കം ഇരട്ടിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."