മോഹനന്റെ മോഹവും കോഴിക്കോട്ടെ തീവ്രവാദികളും
വടകര പൊലിസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ ഒരു മാര്‍ച്ചില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്‌കരന്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. വടകര ആയഞ്ചേരി റഹ്മാനിയ്യ സ്‌കൂളിലെ കലോത്സവ വേദിയില്‍ മദ്യപിച്ച് ഉന്മത്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വടകര എസ്.ഐ ശറഫുദ്ദീനെ വര്‍ഗീയവാദിയെന്നു വിളിച്ച് ആക്രോശിക്കുന്നതായിരുന്നു ആ വിഡിയോ. കള്ളുകുടിച്ച് കലഹമുണ്ടാക്കിയ പ്രവര്‍ത്തകരെ പൊലിസില്‍നിന്ന് മോചിപ്പിക്കാന്‍ പോലും സി.പി.എം ഉപയോഗിക്കുന്ന ആയുധമായി വര്‍ഗീയത മാറിയിരിക്കുന്നു. കാട്ടിലെ മാവോവാദികളെ വളര്‍ത്തുന്നത് നാട്ടിലെ ഇസ്‌ലാമിക തീവ്രവാദികളാണെന്ന മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയും ഇതേ അച്ചില്‍ വാര്‍ത്തെടുത്തതാണ്.
മാവോവാദികളോട് എന്നും പ്രത്യയശാസ്ത്ര അനുഭാവം പുലര്‍ത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. നിലമ്പൂര്‍ വനത്തില്‍ പിണറായിയുടെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊന്ന മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ ചെന്ന് ആദരമര്‍പ്പിച്ചത് പോപുലര്‍ ഫ്രണ്ടിന്റെ പ്രൊഫസര്‍ പി. കോയ ആയിരുന്നില്ല. ഇപ്പോള്‍ ഇടതുപക്ഷത്തിനു രാജ്യസഭയില്‍ കാവല്‍ നില്‍ക്കുന്ന ബിനോയ് വിശ്വമായിരുന്നു. ഗ്രോ വാസുവിന്റെ കൈയും പിടിച്ച് കുപ്പു ദേവരാജിന്റെ മൃതശരീരത്തിനു മുന്നില്‍ കൈകൂപ്പി ബിനോയ് വിശ്വത്തിന്റെ ഒരു നില്‍പുണ്ട്, ഒരു മരവിച്ച നില്‍പ്പ്, ആ നില്‍പിലുണ്ട് കമ്മ്യൂണിസവും മാവോയിസവും എത്ര ഇഴചേര്‍ന്നു നില്‍ക്കുകയാണെന്ന്. മാവോയിസ്റ്റ് രാഷ്ട്രീയത്തെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് പരിഹരിക്കാമെന്ന് ഇടതുപക്ഷം കരുതുന്നില്ലെന്നും അദ്ദേഹം അന്നു പറയുകയും ചെയ്തിരുന്നു.
ബദ്‌രീങ്ങളുടെ പോരാട്ടവും ഉഹ്ദിലെ പ്രവാചകാനുചരരുടെ പ്രതിരോധം വായിച്ച് ആവേശഭരിതരായി കാടുകയറിയവരല്ല മാവോവാദികള്‍. ബൊളീവിയന്‍ മലനിരകളിലെ ചെ ഗുവേരയുടെ ഒളിപ്പോരും രക്തസാക്ഷിത്വവും തന്നെയാണ് മാവോവാദികളെ സൃഷ്ടിച്ചത്. സി.പി.എം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ ത്വാഹ ഫസലിന്റെയും മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റിയംഗമായ അലന്‍ ഷുഐബിന്റെയും വീടുകളില്‍നിന്ന് പൊലിസ് പിടിച്ചെടുത്തത് മാധ്യമപ്രവര്‍ത്തകനായ ഒ. അബ്ദുറഹ്മാന്റെ നീരിശ്വരവാദികളെ നേരിടാനുള്ള പുസ്തകങ്ങളാണ്. എന്നാല്‍ പൊലിസ് കാണാത്ത കുറേ പുസ്തകക്കെട്ടുകളും ഇരുവരുടെയും വീട്ടിലുണ്ടായിരുന്നു. ദേശാഭിമാനിയുടെ പബ്ലിക്കേഷന്‍ വിഭാഗമായ ചിന്തയുടെതും മറ്റു കമ്യൂണിസ്റ്റുകാരുടേതുമാണ് ആ പുസ്തകങ്ങളെല്ലാം. ആ പുസ്തകങ്ങള്‍ വായിച്ചും പഠിച്ചും വിമര്‍ശിച്ചുമാണ് അവര്‍ വളര്‍ന്നതെന്ന് മാതാപിതാക്കള്‍ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഖുമൈനിയായിരുന്നില്ല അവരുടെ മനസ്സിലെ വിപ്ലവനായകന്‍.
സി.പി.എമ്മില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം പ്രയോജനപ്പെടുത്തി കൂടുതല്‍ പേരെ സി.പി.ഐ മാവോയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ പാര്‍ട്ടി അംഗത്വത്തില്‍ തുടര്‍ന്നു തന്നെ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തനം തുടരാനായിരുന്നു ഇവര്‍ക്കു ലഭിച്ച നിര്‍ദേശം. കമ്യൂണിസ്റ്റുകാരെ നിങ്ങള്‍ എന്തു പറഞ്ഞാലും മാവോവാദവും കമ്യൂണിസവും തമ്മിലുള്ള ആത്മബന്ധം വിച്ഛേദിക്കാനാകില്ല. അതിന്റെ ഗര്‍ഭപാത്രം കുടികൊള്ളുന്നത് നിങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറയില്‍ തന്നെയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളായി മാറുമ്പോള്‍ സൗകര്യാര്‍ഥം നിങ്ങളതു നീക്കിയാലും ബിനോയ് വിശ്വത്തെ പോലുള്ള സഖാക്കള്‍ മാവോവാദിയെ വഴിതെറ്റിയ സഖാവ് എന്നു മാത്രമേ വിശേഷിപ്പിക്കൂ. ഒരു കാര്യം തീര്‍ച്ച നിങ്ങള്‍ക്ക് അവരെ അത്ര എളുപ്പത്തില്‍ മുത്വലാഖ് ചൊല്ലാനാകില്ല.
പിന്നെ, കോഴിക്കോട്ടെ ഇസ്‌ലാമിക തീവ്രവാദികള്‍ അവരെ സഹായിക്കുന്നു എന്നതാണല്ലോ പ്രശ്‌നം. നമ്മുക്ക് ആ തീവ്രവാദികളെ ഒന്നു പരിചയപ്പെടാം. സംസ്ഥാനത്തെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷവും എസ്.ഡി.പി.ഐയും ഒരുമിച്ചുണ്ടും ഉറങ്ങിയും കഴിയുന്നുണ്ടെന്ന് അറിഞ്ഞാല്‍ അറിയാം മോഹനന്‍ മാസ്റ്ററുടെ ഘോരമായ പ്രസംഗത്തിന്റെ കാമ്പ്. മോഹനന്‍ മാസ്റ്ററുടെ നാട്ടില്‍നിന്ന് അരമണിക്കൂര്‍ ഓടിയാല്‍ എത്തുന്ന അഴിയൂര്‍ പഞ്ചായത്ത് ഇടതുപക്ഷം ഭരിക്കുന്നത് പതിനെട്ടാം വാര്‍ഡില്‍നിന്ന് ജയിച്ച സാഹിര്‍ പുനത്തില്‍ എന്ന എസ്.ഡി.പി.ഐ മെംബറുടെ പിന്തുണയോടെയാണ്. മലപ്പുറം ജില്ലയിലെ പറപ്പൂരില്‍ എസ്.ഡി.പി.ഐയും പി.ഡി.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്ന ജനകീയ മുന്നണിയില്‍ ഒന്നാം സ്വഫില്‍ തന്നെ സി.പി.എമ്മുണ്ട്.
ഇടതുപക്ഷ മെംബറായ ബഷീര്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തിരുന്നു. ഇപ്പോഴും ഇവിടെ ഭരിക്കുന്നത് ഈ 'തീവ്രവാദികള്‍' ഉള്‍പ്പെടുന്ന മുന്നണി തന്നെ. വെമ്പായം പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ സീനത്ത് ബീവി പ്രസിഡന്റായതും ഇതേ 'തീവ്രവാദികളു'ടെ പിന്തുണയോടെ തന്നെയായിരുന്നു. മലപ്പുറം ജില്ലയിലെ രാമപുരം ജെംസ് കോളജില്‍ കാംപസ് ഫ്രണ്ട്-എസ്.എഫ്.ഐ സഖ്യം യൂനിയന്‍ ഭരിച്ചിരുന്നു. കൊണ്ടോട്ടി നഗരസഭ സി.പി.എമ്മും എസ്.ഡി.പി.ഐയുമുള്ള സഖ്യം ഭരണം പിടിച്ചിരുന്നു. ഇങ്ങനെ സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളും ഇടതുമുന്നണി ഭരിക്കുന്നത് 'മാവോവാദികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന തീവ്രവാദിക'ളുടെ സഹായത്തോടെയാണ്.
മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന്റെ തണലിലാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. ലീഗിനെ അടിക്കാന്‍ അവിടങ്ങളിലെ അറിയപ്പെടുന്ന നാട്ടുനടപ്പാണിത്. ഭരണം പിടിക്കാന്‍ സി.പി.എമ്മിന് ഇവരുമായി കൂട്ടുകൂടാന്‍ നൂറുകൂട്ടം പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളുണ്ട്. ഈ വിമര്‍ശനങ്ങളൊന്നും തെരഞ്ഞെടുപ്പ് വന്നാല്‍ കാണില്ല. അപ്പോള്‍ പിന്നെ അന്തര്‍ധാര സജീവമായിത്തുടങ്ങും. ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിനു ശക്തി പോരെന്നു പറഞ്ഞ് രൂപീകരിച്ച എസ്.ഡി.പി.ഐ, തങ്ങളെ തരാതരം പോലെ സി.പി.എം ഹിന്ദുത്വ നിര്‍മിതമായ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്ന തിരിച്ചറിവിലേക്ക് ഇനിയും എത്തിയിട്ടില്ല. അടുത്ത തവണയും എല്ലാവിധ പോരാട്ട വീര്യവും കക്ഷത്തില്‍ ഒളിപ്പിച്ച ഇവര്‍ വീണ്ടും പോകും ഈ സാമ്പാര്‍ മുന്നണിയില്‍ അലിഞ്ഞുചേരാന്‍.
ഹിന്ദുത്വ താല്‍പര്യങ്ങളെ സാഹചര്യമനുസരിച്ച് തൃപ്തിപ്പെടുത്തുക എന്നത് കമ്യൂണിസത്തിന്റെ ജനിതക സ്വഭാവമാണ്. രാജ്യം വിഴുങ്ങുന്ന ആര്‍.എസ്.എ.സിനെ ഹിന്ദുത്വ തീവ്രവാദിയെന്ന് വിളിക്കാന്‍ മടിക്കുകയും പോപുലര്‍ ഫ്രണ്ട് എന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട പേരുണ്ടായിട്ടും മുസ്‌ലിം തീവ്രവാദിയെന്ന പദാവലി തന്നെ ഉപയോഗിക്കുകയും ചെയ്യുന്നത് ഈ സംതൃപ്തി നേടാനാണ്. ജനകീയ പോരാട്ടത്തിലൂടെ വളര്‍ന്നുവെന്നതാണ് കമ്യൂണിസത്തിന്റെ ചരിത്രം. അതു സത്യവുമാണ്. വിളിക്കുക തന്നെ സമരസഖാവെന്നാണ്. പക്ഷേ, തെരുവുകളില്‍ ഇപ്പോള്‍ ഇവരെയാരെയും കാണാറില്ല. വാളയാര്‍ പെണ്‍കുട്ടിക്കായി ഒരു തീപ്പന്തവും ഇവര്‍ ഉയര്‍ത്തിയിട്ടുമില്ല. ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെയുള്ള നടത്തമൊക്കെ ഒരു ഭൂതകാലകുളിര്‍ മാത്രമാണ്. ജീവിച്ചിരിക്കുന്ന പുന്നപ്ര-വയലാര്‍ സമര നേതാവ് വിശ്രമ ജീവിതത്തിലാണ്. മൂന്നു മാസം സഖാവിനും പരിവാരങ്ങള്‍ക്കും അന്നഭോജനത്തിനു സര്‍ക്കാര്‍ വക ചെലവിട്ടത് അഞ്ചു കോടിയാണ്.
എന്നാല്‍ ഏതെങ്കിലും സംഘടനകള്‍ മനുഷ്യാവകാശ പോരാട്ടവുമായി വന്നാല്‍ അവര്‍ക്ക് മുന്നില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍, കമ്യൂണിസം ചാര്‍ത്തുന്ന മുദ്ര കൂടിയാണ് കേരളത്തിലെ ഇസ്‌ലാമിക തീവ്രവാദം. ഗെയില്‍ സമരക്കാര്‍ മുസ്‌ലിം തീവ്രവാദികളെന്നു വിശേഷിപ്പിച്ച മലപ്പുറത്ത് നിന്നുള്ള നേതാവിപ്പോള്‍ ഇടതുമുന്നണി കണ്‍വീനറാണ്. ഇടക്കിടെ അശ്ലീലവും വര്‍ഗീയവുമായ പരാമര്‍ശം നടത്തുക എന്നതാണ് ഇദ്ദേഹത്തെിന്റെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ. മലപ്പുറത്തെ സമരക്കാര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു കവിത എഴുതുന്ന മന്ത്രിയുടെ അഭിപ്രായം. ആലപ്പാട് കരിമണല്‍ സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരണെന്ന് തീവ്രവാദികള്‍ക്കു പുതിയ പദാവലി കണ്ടെത്തി ആയിരുന്നു ഇ.പി ജയരാജന്റെ വിശേഷണം. ഇങ്ങനെ സംഘ്പരിവാറിനു കേറിക്കളിക്കാന്‍ അവസരം നല്‍കാതെ എന്നും ഫോര്‍വേഡില്‍ തന്നെയായിരുന്നു സി.പി.എം നില്‍ക്കാറുള്ളത്.
കമ്യൂണിസ്റ്റ് സാഹിത്യം വായിച്ചും പഠിച്ചും വളര്‍ന്ന രണ്ട് മുസ്‌ലിം യുവാക്കള്‍ മാവോവാദികളായിട്ടുണ്ടെങ്കില്‍ അതു പരിശോധിച്ച് ആത്മവിചാരണ നടത്തുക എന്നുള്ളതാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പാലക്കാട്ടെ കാടുകളില്‍നിന്ന് മാവോയിസം നിങ്ങളുടെ പാര്‍ട്ടി ചട്ടക്കൂടിന്റെ ഇരുമ്പുമറകള്‍ ഭേദിച്ച് കോഴിക്കോട്ടെ മീഞ്ചന്തയിലെ പാര്‍ട്ടി ഏരിയാ ഓഫിസിലെത്തിയിരിക്കുന്നു. ഈ തിരിച്ചറിവില്‍നിന്ന് തിരുത്തലുകള്‍ വരുത്തി മുന്നേറുക.
അല്ലാതെ അവരെ രണ്ടു പേരെയും മുസ്‌ലിം തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്ത് പാര്‍ട്ടിക്ക് ശുദ്ധിപത്രം നല്‍കാനാണ് മോഹനന്റെ മോഹമെങ്കില്‍ അതു അവിടെ തന്നെ വയ്ക്കുന്നതാകും നല്ലത്. തത്കാലം മുസ്‌ലിം തീവ്രവാദികള്‍ക്ക് ഐ.എസ് മുതലുള്ള ഭാരങ്ങള്‍ തന്നെ ആവോളം പേറാനുണ്ടല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."