പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, ലോക്‌സഭയില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി സംസാരിക്കുന്നതിനിടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് മറ്റൊരാള്‍ക്ക് അവസരം നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയില്‍ ബഹളം മൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അഴിമതി നിയമവിധേയമാക്കുന്ന നടപടിയാണ് ഇലക്ടറല്‍ ബോണ്ടുകളെന്ന് മനീഷ് തിവാരി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ഇത് വലിയ കുംഭകോണമാണ്. റിസര്‍വ് ബാങ്കിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുമായി മുന്നോട്ടു പോകുന്നതെന്നും മനീഷ് തിവാരി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇതില്‍ പങ്കാളിയാണെന്ന് മനീഷ് തിവാരി പറഞ്ഞതോടെ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല തിവാരിയുടെ മൈക്ക് ഓഫ് ചെയ്ത് മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു.
മറുവശത്ത് ഭരണകക്ഷി എം.പിമാരും പ്രതിഷേധവുമായി എഴുന്നേറ്റു. 15 മിനിറ്റോളം ബഹളം നീണ്ടു. സഭയില്‍ അച്ചടക്കം പാലിക്കണമെന്നായി സ്പീക്കര്‍. കായിക താരങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണ് സഭ ചര്‍ച്ച ചെയ്യുന്നതെന്നും മറ്റൊന്നും അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇലക്ടറല്‍ ബോണ്ടും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച നടപടിയും വലിയ കുംഭകോണമാണെന്ന് ഇതിന് കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു. രാജ്യം കൊള്ളയടിക്കപ്പെടുകയാണ്. അത് സംസാരിക്കാന്‍ ഞങ്ങളെ അനുവദിക്കണം. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തങ്ങള്‍ നോട്ടിസ് നല്‍കിയിരുന്നു.
വലിയ കൊള്ളയായതിനാലാണ് തങ്ങള്‍ നോട്ടിസ് നല്‍കിയതെന്നും ചൗധരി പറഞ്ഞു. ഇതിനിടെ എഴുന്നേറ്റ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി അഴിമതിയില്ലാത്ത സര്‍ക്കാരാണ് മോദിയുടേതെന്ന് അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഓരോ ദിവസവും ഓരോ നോട്ടിസും കൊണ്ട് വരികയാണെന്നും ജോഷി കുറ്റപ്പെടുത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങിപ്പോയി.
രാജ്യസഭയില്‍ ഇതേ വിഷയം ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ വെങ്കയ്യ നായിഡു അംഗീകരിച്ചില്ല. തുടര്‍ന്ന് ബഹളമായതോടെ സ്പീക്കര്‍ സഭ അല്‍പ സമയത്തേക്ക് നിര്‍ത്തിവച്ചു. കള്ളപ്പണം വെളുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."