ബാലകൃഷ്ണന്റെ മരണം: അന്വേഷണ സംഘം ഇന്ന് തിരിച്ചെത്തും
പയ്യന്നൂര്‍: തളിപ്പറമ്പിലെ പൗരപ്രമുഖനും ഡോക്ടറുമായിരുന്ന ക്യാപ്റ്റന്‍ പി. കുഞ്ഞമ്പുനായരുടെ മകന്‍ പി. ബാലകൃഷ്ണന്റെ മരണത്തില്‍ തിരുവനന്തപുരത്ത് വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ഒത്താശ ചെയ്തവരെ പയ്യന്നൂരിലെത്തിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കമാരംഭിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കു പോയ സംഘം ഇന്നു തിരിച്ചെത്തും. സംഘം കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനിലെത്തി ബാലകൃഷ്ണന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും മരണം സ്ഥിരീകരിച്ച കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ കേസിലെ ഒന്നാം പ്രതി പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയും ഭര്‍ത്താവും തന്റെ മൂത്തമ്മയുടെ മകനാണ് ബാലകൃഷ്ണന്‍ എന്നാണ് അറിയിച്ചത്. ഇതു കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശപ്പെടുന്ന ജാനകിയുടെ ജീവനു ഭീഷണിയുണ്ടെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു. യു.ഡി.എഫിലെ മുന്‍ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലുണ്ടായ പയ്യന്നൂര്‍ ബന്ധമുള്ള ആളാണ് കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ അഭിഭാഷകയ്ക്ക് ഒത്താശ ചെയ്തതെന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നു മാറിനില്‍ക്കുന്ന അഭിഭാഷക മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളത്ത് എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."