HOME
DETAILS
MAL
മാര്‍ക്ക് തട്ടിപ്പ് : സര്‍വകലാശാല ജീവനക്കാരുടെ മൊഴിയെടുത്തു
backup
November 21 2019 | 18:11 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേരള സര്‍വകലാശാല ജീവനക്കാരുടെ മൊഴിയെടുത്തു. ഇന്നലെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് സര്‍വകലാശാലയിലെ പരീക്ഷാവിഭാഗം ജീവനക്കാരായ ആറുപേരുടെ മൊഴിയെടുത്തത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറും സ്ഥലംമാറ്റപ്പെട്ട ജീവനക്കാരും ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണെടുത്തത്. പരീക്ഷാഫലം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ക്കായി ക്രൈംബ്രാഞ്ച് സര്‍വകലാശാലക്ക് കത്ത് നല്‍കുകയും ചെയ്തു. സൈബര്‍സെല്ലിന്റെ സഹകരണത്തോടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന സര്‍വകലാശാല നിയോഗിച്ച മൂന്നംഗസമിതിക്കും ക്രൈംബ്രാഞ്ചിനും ജീവനക്കാരില്‍ ചിലര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സര്‍വകലാശാലയില്‍ ജീവനക്കാരുടെ യൂസര്‍ ഐ.ഡിയും മറ്റും തയാറാക്കുന്നതും ഐ.ടി സെല്‍ ആണെന്നിരിക്കേ, കംപ്യൂട്ടര്‍ സെന്ററിന്റെ മേല്‍ ആരോപണമുന്നയിച്ച് അന്വേഷണത്തിന്റെ ദിശ മാറ്റുകയാണെന്നാണ് ആരോപണം. നേരത്തേ ജീവനക്കാരുടെ യൂസര്‍ ഐ.ഡി സജ്ജമാക്കുന്നതിനുള്ള ചുമതല കംപ്യൂട്ടര്‍ സെന്ററിനായിരുന്നു. എന്നാല്‍ 2017 മുതല്‍ ഈ ചുമതല പൂര്‍ണ്ണമായും ഐ.ടി സെല്ലാണ് വഹിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കംപ്യൂട്ടര്‍സെന്ററുമായി ബന്ധപ്പെടുത്തുന്നത് തട്ടിപ്പിനു പിന്നിലെ യഥാര്‍ഥ വ്യക്തികളെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. അതിനിടെ തട്ടിപ്പ് സംബന്ധിച്ച് സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സമിതിയുടെറിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."