താലൂക്ക് ആശുപത്രിയുണ്ടായിട്ടും എലപ്പുള്ളിക്കാര്‍ക്ക് ആശ്രയം ഇതര ആശുപത്രികള്‍
എലപ്പുള്ളി: കാലമെത്രകഴിഞ്ഞാലും ഭരണ സമിതികളെത്ര മാറിമറിഞ്ഞാലും എലപ്പുള്ളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദുരിതത്തിനറുതിയുണ്ടാകുന്നില്ല. 2011ല്‍ താലൂക്ക് ആശുപത്രിയായി മാറ്റിയിട്ടും കാര്യങ്ങള്‍ പഴയപടിതന്നെയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ ഒരു ഡോക്ടറുള്‍പ്പെടെ അത്യാവശ്യത്തിനു ജീവനക്കാരും കൊണ്ട് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് താലൂക്ക് ആശുപത്രിയെന്ന പദവി വന്നിട്ടും കാര്യങ്ങള്‍ തഥൈവ. ഇവിടത്തേക്ക് കൂടുതലായെത്തുന്നത് കൊടുമ്പ്, പൊല്‍പ്പുള്ളി, മരുതറോഡ്, പുതുശ്ശേരി തുടങ്ങിസ സമീപ പഞ്ചായത്തുകലില്‍ നിന്നുമുള്ള നൂറുകണക്കിന് രോഗികളാണ്. പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നപ്പോള്‍ ആവശ്യത്തിനു സാമഗ്രികളുടെയും ഉപകരണങ്ങളുടെയും അഭാവമുണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാരുടെ സേവനം നല്ലരീതിയിലായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നപ്പോള്‍ പ്രസവം നടത്തുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ 50 ഓളം പ്രസവങ്ങളാണ് ഓരോ ആഴ്ച്ചയിലും ഇവിടെ നടത്തിയിരുന്നത്. എന്നാല്‍ 2011ല്‍ ഈ പ്രാഥമികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയാക്കി മാറ്റിയതോടെ എല്ലാം അവതാളത്തിലായെന്നാണ് പലരുടെയും ഭാഷ്യം.
ഇപ്പോള്‍ മിക്ക സമയങ്ങളിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കെട്ടിട സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്തിയതോടെ ഏഴ് ഡോക്ടര്‍മാര്‍ക്കനുസരിച്ചുള്ള ജീവനക്കാരെയും നിയമിച്ചെങ്കിലും പലപ്പോഴും സേവനം ലഭ്യമല്ലാത്ത സ്ഥിതിയാണ്. 32 ബെഡ്, ശിശു വാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും പലപ്പോഴും രോഗികള്‍ക്ക് മരുന്നു നല്‍കാന്‍പോലും ആളില്ലാത്ത സ്ഥിതിയാണിവിടം.
പ്രസവവും, കിടത്തിചികിത്സയും നിലച്ചമട്ടാണ്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പ്രവര്‍ത്തനസമയമെന്നിരിക്കെ ഇതും പലപ്പോഴും പ്രഹസനമാകുകയാണ്. തോന്നുമ്പോള്‍ തുറക്കുകയും തോന്നുമ്പോള്‍ അടക്കുകയും ചെയ്യുന്ന സ്ഥിതിയായതിനാല്‍ പലരും രോഗികളുമായെത്തി മടങ്ങിപോവേണ്ട ഗതികേടാണ്.പ്രദേശത്ത് താലൂക്ക് ആശുപത്രയുണ്ടായിട്ടും അസുഖം വന്നാല്‍ ഭേദമാവണമെങ്കില്‍ പാലക്കാടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രകളില്‍ അഭയം പ്രാപിക്കേണ്ട ഗതികേടാണ്. എട്ടുപതിറ്റാണ്ടുകളോളം പഴക്കമുള്ള ആശുപത്രിയുടെ നിലവിലെ സ്ഥിതി പരിതാപകരമാണ്.
സര്‍ക്കാര്‍ ഫണ്ടുകളുപയോഗിച്ച് ആശുപത്രിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും താലൂക്കാശുപത്രിയെന്ന പദവി നല്‍കിയിട്ടും കാലമെത്ര കഴിഞ്ഞുപോയാലും എലപ്പുള്ളിക്കാര്‍ക്ക് ചികിത്സവേണമെങ്കില്‍ സമീപത്തെ ഇതര ആശുപത്രികള്‍ തന്നെ അഭയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."