കഞ്ചാവ് വിതരണക്കാരിയായ വീട്ടമ്മ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വിവിധയിടങ്ങളില്‍ ചെറുകിട വില്പനക്കാര്ക്കു പ്രത്യേക ഏജന്റുമാര്‍ മുഖേന കഞ്ചാവ് വിതരണം നടത്തിയിരുന്ന വീട്ടമ്മ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. കൊല്ലം അഞ്ചല്‍ സ്വദേശിനി താളിക്കല്ലില്‍ ജുബൈരിയ (50) യെയാണ് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ എസ്.ഐ ടി.എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടില്‍നിന്നു വനിതാ ഏജന്റുമാര്‍ മുഖേന ജില്ലയിലേക്കു വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രതി പിടിയിലായത്. ഇത്തരത്തില്‍ വനിതാ ഏജന്റുമാര്‍വഴി മലപ്പുറം, വേങ്ങര, കോട്ടക്കല്‍ ഭാഗങ്ങളിലും വന്‍ തോതില്‍ കഞ്ചാവ് വിതരണം നടക്കുന്നതായി പൊലിസ് പറഞ്ഞു. അതേസമയം, രണ്ടാം തവണയാണ് കഞ്ചാവുമായി ജുബൈരിയ അറസ്റ്റിലാകുന്നത്. 2012ല്‍ ഒതുക്കുങ്ങലില്നിന്നു മൂന്നു കിലോഗ്രാം കഞ്ചാവുമായി മകന് സുല്‍ഫീക്കര്‍ അലിയോടൊപ്പം പൊലിസ് പിടികൂടിയിരുന്നു. ആ കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു പുറത്തിറങ്ങിയ ഇവര്‍ വീണ്ടും കഞ്ചാവ് വിതരണം നടത്തിവരികയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് റാഫിയും കഞ്ചാവ് കേസില്‍പെട്ടു ജയിലിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്, സി.ഐ സാജു, എസ്.ഐ ടി.സ്.ബിനു, ടൗണ്‍ ഷാഡോ പൊലിസ് ഉദ്യോഗസ്ഥരായ സി.പി മുരളീധരന്, പി.എന്‍ മോഹനകൃഷ്ണന്, മനോജ്കുമാര്‍, അനീഷ് ചാക്കോ, കൃഷ്ണകുമാര്‍, അജീഷ്, ദിനേശ്, അനീഷ്, ജയമണി, രാജേഷ് രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."