ഇ.സി.പി.ആര്‍ ചികിത്സയിലൂടെ ആസ്റ്ററില്‍ യുവാവിന് പുതുജീവന്‍
രാജ്യത്ത് ആദ്യമായാണ് ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന് അത്യാധുനിക ചികിത്സാരീതിയിലൂടെ പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി.
ചിറ്റൂര്‍ സ്വദേശിയായ ജോസ് ബിജു (33) വിനെയാണ് എക്‌സ്ട്രാ കോര്‍പോറിയല്‍ കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ (ഇ.സി.പി.ആര്‍) എന്ന ചികിത്സാരീതിയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്.
രാജ്യത്തുതന്നെ ആദ്യമായാണ് ഈ ചികിത്സാരീതി അവലംബിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം ഒന്നിനാണ് ജോസിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഊബര്‍ ടാക്‌സി ഡ്രൈവറായ ജോസ് പതിവുപോലെ ജോലിക്കായി ഇറങ്ങിയതായിരുന്നു. അതിനിടയ്ക്കാണ് രാവിലെ മുതല്‍ ഉണ്ടായ നെഞ്ചുവേദന മൂര്‍ച്ഛിച്ചതും അബോധാവസ്ഥയിലായതും.
ജോസ് ബോധമില്ലാതെ കാറിനുള്ളില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആസ്റ്ററിലെ അത്യാഹിത വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍ ജിത്തു ജോസ് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബേസിക് ലൈഫ് സപ്പോര്‍ട്ടും (ബി.എല്‍.എസ്) അതിനിടെ ജിത്തു നല്‍കി. അത്യാഹിത വിഭാഗത്തിലെത്തിച്ച ശേഷം കാര്‍ഡിയാക് മസാജ് നല്‍കി രക്തയോട്ടം സാധാരണ നിലയിലാക്കി. എന്നാല്‍, തുടര്‍ച്ചയായുണ്ടാകുന്ന ഹൃദയസ്തംഭനം തുടര്‍ചികിത്സയ്ക്ക് തടസമാകുന്ന സാഹചര്യത്തിലാണ് ഇ.സി.പി.ആര്‍ ചെയ്യാന്‍ വിദഗ്ധസംഘം തീരുമാനിച്ചത്.
എക്‌സ്ട്രാ കോര്‍പോറിയല്‍ മെമ്പ്രേന്‍ ഓക്‌സിജനേഷന്‍ (എക്‌സ്‌മോ) തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇ.സി.പി.ആര്‍. ശരീരത്തിനുപുറത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നടത്തുന്ന യന്ത്രമാണ് എക്‌സ്‌മോ. എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജോണ്‍സണ്‍ കെ.വര്‍ഗീസ്, ഡോ.സുരേഷ് നായര്‍, ഡോ.ജോബിന്‍ ഏബ്രഹാം, ഡോ.ജോയല്‍, ഡോ.രാജശേഖര വര്‍മ, ഡോ.മനോജ് നായര്‍, ഡോ.ജോര്‍ജ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.
ഇതാദ്യമായാണ് ആശുപത്രിക്ക് പുറത്തുവച്ച് ഹൃദയസ്തംഭനമുണ്ടായ രോഗിക്ക് എക്‌സ്‌മോ ഉപയോഗിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഇ.ഒ കമാന്‍ഡര്‍ ജെല്‍സണ്‍ എ.കവലക്കാട്ട്, ഡോ.ജോണ്‍സണ്‍ കെ.വര്‍ഗീസ്, ഡോ.സുരേഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."