നിരീക്ഷകര്‍ക്ക് ആവശ്യമായ തീരുമാനമെടുക്കാം: ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് തടസമുണ്ടായാല്‍ കോടതി നിയോഗിച്ച നിരീക്ഷകര്‍ക്ക് ആവശ്യമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ദേവസ്വംബോര്‍ഡിനും പൊലിസിനും നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ട്. തീര്‍ഥാടകര്‍ക്ക് തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ തത്സമയം നടപടിയെടുക്കാവുന്നതാണ്.
പൊലിസ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ മുഴുവന്‍ വകുപ്പുകളിലും മേല്‍നോട്ട സമിതിക്ക് ഇടപെടാം. സര്‍ക്കാരും ദേവസ്വംബോര്‍ഡും സമിതിയോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്ക് ഉത്തരവുപ്രകാരം നിര്‍ദേശം നല്‍കാന്‍ നിരീക്ഷകര്‍ക്ക് അധികാരമുണ്ട്.
ഭക്തര്‍ക്കുമേല്‍ അധികാരികളില്‍ നിന്ന് അമിത ഇടപെടലുണ്ടായാല്‍ സമിതി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. പൊലിസ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കി ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊലിസ്, ദേവസ്വം ബോര്‍ഡ് എന്നിവയ്ക്കുപുറമെ വനംവകുപ്പ്, പി.ഡബ്യു.ഡി, ജലഅതോറിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും നിരീക്ഷകര്‍ക്ക് അധികാരമുണ്ട്. സംഘടനകളുടെയും മറ്റും ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ഇടപെടാം.
ഉത്തരവ് നടപ്പാക്കുന്നതില്‍ എന്തെങ്കിലും വിധത്തിലുള്ള തടസങ്ങളുണ്ടായാല്‍ നിരീക്ഷകര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ പൊലിസിന്റെ ഇടപെടലിന് യാതൊരു തടസവുമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷകരെ നിയമിച്ചത്. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍ രാമന്‍, ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കല്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, എ.ഡി.ജി.പി.എ ഹേമചന്ദ്രന്‍ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഇവരുടെ പ്രവര്‍ത്തനം ഏകോപിക്കേണ്ടത് ശബരിമല സ്‌പെഷല്‍ കമ്മിഷണറും സൗകര്യങ്ങളൊരുക്കി നല്‍കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമാണ്. സമിതിയംഗങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സംബന്ധിച്ച് കോടതി നല്‍കിയ ഉത്തരവുകള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ നിരീക്ഷകര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."