സ്പീക്കര്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ആത്മപരിശോധന നടത്തണം. നിയമസഭയുടെ ചരിത്രത്തില്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ ഒരേ വിഷയത്തെക്കുറിച്ച് നിരവധിതവണ അടിയന്തര പ്രമേയം അനുവദിച്ചിട്ടുണ്ട്. ശബരിമലയിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ അവകാശമാണ്.
സ്പീക്കര്‍ അതിന് സംരക്ഷണം നല്‍കുകയാണ് വേണ്ടത്. സര്‍ക്കാരിനെ എന്തിനാണ് സ്പീക്കര്‍ സംരക്ഷിക്കുന്നത്. ഭക്തന്‍മാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത് പൊതുസമൂഹം അറിയുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ഭയപ്പെടാനില്ലെങ്കില്‍ എന്തിനാണ് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തെ എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് ആരുടെയും ഔദാര്യം വേണ്ട. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ മാത്രം മതി.
സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി നല്‍കണം. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ മാറ്റംവരുത്തണം. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്ന് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. അവിടെ യാതൊരു സൗകര്യവുമില്ലെന്നാണ് അവരുടെ പരാതി. ശബരിമലയില്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണ്. രഹസ്യ അജന്‍ഡയുടെ ഭാഗമായാണ് ബി.ജെ.പിയുടെ സമരം ഒത്തുതീര്‍ന്നത്. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയുടെ മുഴുവന്‍ വിവരവും മുഖ്യമന്ത്രി പുറത്തുവിടണം.
യു.ഡി.എഫ് ഏതുരീതിയില്‍ സമരം ചെയ്യണമെന്ന് ഉപദേശിക്കാന്‍ പിണറായി വരേണ്ടതില്ല. ബി.ജെ.പിയും കര്‍മസമിതിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും നടത്തിയ ചര്‍ച്ച എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. സര്‍ക്കാരിന്റെ അനുവാദത്തോടെയുള്ള സമരമാണ് ശബരിമലയില്‍ ബി.ജെ.പി നടത്തിയത്. എന്ത് സമവായമാണ് ഉണ്ടായതെന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."