മഹാരാഷ്ട്ര മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൈവിടും; പണം കര്‍ഷകര്‍ക്ക് നല്‍കും
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മോദിയുടെ ഗുജറാത്ത് - മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.
1.8 ലക്ഷം കോടി രൂപയാണ് സര്‍ക്കാരുകള്‍ പദ്ധതിക്കായി വകയിരുത്തിയത്. ഇതില്‍ 5000 കോടി മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു ധാരണ. പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ അതിന്റെ എല്ലാ ചെലവും കേന്ദ്രം വഹിക്കണമെന്നും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാരിന് തുക ചെലവഴിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനും കാര്‍ഷിക വായ്പ എഴുതിത്തള്ളാനും ഈ പണം ഉപയോഗിക്കുന്നത് പരിഗണനയിലുണ്ടെണ്ടന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ പദ്ധതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കിക്കാതെ അതേ പണം മറ്റേതെങ്കിലും ജനക്ഷേമ പദ്ധതികള്‍ക്കായി ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2017 സെപ്റ്റംബറിലാണ് അഹമ്മദാബാദില്‍ പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 508 കിലോമീറ്റര്‍ ദൂരമുള്ള അഹമ്മദാബാദ്, മുംബൈ അതിവേഗ ട്രെയിന്‍ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചത്.
നിര്‍മാണത്തിന്റെ ഉത്തരവാദിത്തമുള്ള എന്‍.എച്ച്.എസ്.ആര്‍.സി.എല്‍ പദ്ധതിയ്ക്കായി ഇതുവരെ 48 ശതമാനത്തിലധികം ഭൂമി ഏറ്റെടുക്കുകയും നിരവധി ജോലികള്‍ക്കായി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."