ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ബംഗളൂരു പരീക്ഷ
ബംഗളൂരു: ചെറിയ ഇടവേളക്ക് ശേഷം ഇന്നുമുതല്‍ വീണ്ടും ഐ.എസ്.എല്‍ ആരവം മുഴങ്ങും. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐ.എസ്.എല്‍ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സിയെ നേരിടും. ബംഗളൂരു മികച്ച ടീമാണെങ്കിലും നാല് മത്സരം കളിച്ചതില്‍ ഒന്നില്‍ മാത്രമാണ് അവര്‍ ജയിച്ചത്.
അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേയായിരുന്നു ബംഗളൂരുവിന്റെ ജയം. അതേസമയം നാല് മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഒരു ജയം, ഒരു തോല്‍വി, രണ്ട് സമനില എന്നിവയുമായിട്ടാണ് ബംഗളൂരുവിലെത്തിയിട്ടുള്ളത്.
പരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ഉണ്ടായിരുന്ന അനസ് എടത്തൊടിക കൊല്‍ക്കത്തയിലേക്ക് പോയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തുടങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് ബാക്ക് നിരയില്‍ ജിങ്കന്‍, അനസ് കൂട്ടുകെട്ട് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അനസിന് പകരക്കാരനായിട്ടായിരുന്നു സുയിവര്‍ലൂണിനെ ടീമിലെത്തിച്ചത്. പിന്നീട് ജിങ്കന് കൂട്ട് സുയിവര്‍ലൂണായിരുന്നു.
എന്നാല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ജിങ്കന് പരുക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. സുയിവര്‍ലൂണും ജൈറോ റോഡ്രിഗസും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാത്തെങ്കിലും പരുക്കിന്റെ പിടിയിലമര്‍ന്ന് സുയിവര്‍ലൂണും കളംവിട്ടു.
പിന്നീട് ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗസായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജൈറോക്കും പരുക്കേറ്റതോടെ ബ്ലാസ്റ്റേഴ്‌സ് കുഴങ്ങുകയായിരുന്നു.
ഇപ്പോള്‍ വെറ്ററന്‍ താരം രാജു ഗെയ്ക്ക്‌വാദും മലയാളി താരം അബ്ദുല്‍ ഹക്കും മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലുള്ളത്. മുന്നേറ്റനിരയില്‍ മലയാളി താരം കെ.പി രാഹുല്‍ മാത്രമാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. സഹല്‍ അബ്ദുല്‍ സമദിന് ഫോമിലേക്ക് ഉയരാന്‍ കഴിയാത്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നുണ്ട്. ബംഗളൂരു നിരയില്‍ ശക്തമായ ടീമുണ്ടെങ്കിലും ഒറ്റ ജയം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്താല്‍ നീലപ്പടക്ക് അനായാസം ജയം കണ്ടെത്താന്‍ സാധിക്കും. ബംഗളൂരു എഫ്.സി കളിച്ച നാല് മത്സരത്തിലും മലയാളി താരം ആഷിക് കുരുണിയന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു.
മൂന്നാം മത്സരത്തില്‍ ഹീറോ ഓഫ് ദ മാച്ച് സ്വന്തമാക്കാനും ആഷിഖിന് കഴിഞ്ഞു. ഒമാനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ആഷിഖ് കുരുണിയനെ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."