തകര്‍ന്ന മതിലിനുള്ളില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
കൊട്ടാരക്കര: കാറിടിച്ചു തകര്‍ന്ന മതിലിനുള്ളില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സനിതാ ഭവനില്‍ ശശിധരന്‍ (65) ആണ് അപകടത്തില്‍ മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ 24ന് വൈകിട്ട് ഏഴിനാണ് നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ കാര്‍ നെടുവത്തൂര്‍ താമരശ്ശേരി മുക്കിനു സമീപം വീടിന്റെ മതിലില്‍ ഇടിച്ചു തകര്‍ത്തത്. മതില്‍ പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം വര്‍ക്ക്‌ഷോപ്പിലേക്കു മാറ്റുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് ഇടിഞ്ഞ മതിലിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്. മുഖം വികൃതമായിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിട്ടുള്ളത്.
മരംവെട്ടു തൊഴിലാളിയായ ശശിധരന്‍ 15 വര്‍ഷത്തോളമായി കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. നെടുവത്തൂരില്‍ ഒറ്റക്കായിരുന്നു താമസം. മതിലിനു സമീപം നില്‍ക്കുമ്പോഴായിരിക്കും അപകടമുണ്ടായതെന്നാണ് പൊലിസ് അനുമാനം. ഇയാളെ കണ്ടിരുന്നില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
ഡ്രൈവര്‍ കോട്ടാത്തല ആഴംകോട്ടു കിഴക്കതില്‍ സുമേഷിന്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലിസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."