വിഴിഞ്ഞത്ത് പൊലിസിന്റെ 'ജനമൈത്രി ' പ്രവര്‍ത്തനങ്ങള്‍ നിലച്ചെന്ന് പരാതി
കോവളം: വിഴിഞ്ഞം സര്‍ക്കിളിനു കീഴില്‍ പൊലിസിന്റെ 'ജനമൈത്രി ' പ്രവര്‍ത്തനങ്ങള്‍ നിലച്ചതായി പരാതി.
ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സര്‍ക്കിളിന് കീഴിലെ കോവളം, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളാണ് ജനമൈത്രി സ്റ്റേഷനുകളായി പ്രവര്‍ത്തിച്ച് വന്നിരുന്നത്. പ്രദേശത്ത് ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വിവരം ലഭിക്കുകയോ പരാതിയോ ലഭിച്ചാല്‍ വീടുകളില്‍ അടക്കം നേരിട്ടെത്തി അന്വേഷിക്കുക, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷം പ്രശ്‌നപരിഹാരം കണ്ടെത്തുക, ഗാര്‍ഹിക പീഢനങ്ങളെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുക, ഇത്തരം വിഷയങ്ങളെ കുറിച്ചും വയോജനങ്ങളുടെയും സ്ത്രീ ജനങ്ങളുടെയും അവകാശങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക, ആരും പരിചരിക്കാനില്ലാതെ കിടപ്പിലായ രോഗികള്‍ക്ക് ചികിത്സയും പരിചരണവും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി നിരവധി പ്രയോജനകരമായ കാര്യങ്ങളാണ് ഇതുവരെ ജനമൈത്രി ബീറ്റ് പൊലീസുകാരില്‍ നിന്ന് ലഭിച്ചിരുന്നത്. അത് ജനങ്ങളും പൊലിസും തമ്മിലുള്ള ബന്ധത്തെ ഊഷ്മളമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറെ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന ജനമൈത്രി പൊലിസിന്റെ സേവനം കഴിഞ്ഞ ഏതാനും മാസങ്ങളായി നിലച്ചതായാണ് പരാതി. ഇതോടെ രണ്ട് സ്റ്റേഷന്‍ പരിധിയിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടായി. മോഷണങ്ങളും സ്ത്രീകള്‍നക്കെതിരേയുള്ള അക്രമങ്ങളും വര്‍ധിച്ചു. ജനമൈത്രി പ്രവര്‍ത്തനങ്ങളുടെ ബീറ്റില്‍ ഉള്‍പ്പെട്ടിരുന്ന പൊലീസുകാരെ പല കാരണങ്ങള്‍ പറഞ്ഞ് മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചതോടെയാണ് പൊതുജനങ്ങളെയും പൊലീസിനെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന കമ്മ്യൂണിറ്റി പൊലിസിങ് അവതാളത്തിലായത്.
ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കന്‍ അടിയന്തിര നടപടി വേണമെന്നാണ് പ്രദേശത്തെ റസ്ഡന്‍സ് അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."