എ.ടി.എം കവര്‍ച്ച: രണ്ട് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
ചാലക്കുടി: എ.ടി.എം കവര്‍ച്ചാ കേസിലെ രണ്ടു പ്രതികളെ കൊരട്ടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. രാജസ്ഥാന്‍ സ്വദേശി നസീംഖാന്‍ (24), ഹരിയാന സ്വദേശി ഹനീഫ് (37)എന്നിവരെയാണു ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതയില്‍നിന്ന് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കോട്ടയം പൊലിസ് രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി കൊരട്ടി പൊലിസിന് ആറു ദിവസത്തേക്കു കോടതി വിട്ടു നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ പ്രതികളെ കൊരട്ടിയില്‍ എത്തിച്ച് തെളിവെടുപ്പടക്കമുള്ളവ നടത്തും. കവര്‍ച്ച ആസൂത്രണം ചെയ്ത ഒരു പ്രതിയായ പപ്പിസിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഈ കേസില്‍ ഇനി മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എ.ടി.എം കൗണ്ടറില്‍നിന്നു പത്തു ലക്ഷവും ഇരുമ്പനത്തെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷവുമാണു പ്രതികള്‍ കവര്‍ന്നത്. കോട്ടയത്തുനിന്നു പിക്കപ്പ് വാന്‍ മോഷ്ടിച്ചാണ് സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. ഈ വാഹനം പിന്നീട് ദേശീയപാതയില്‍ ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 12നാണു കവര്‍ച്ച നടത്തിയത്. കൊരട്ടി ജങ്ഷനു സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണു കവര്‍ച്ച നടന്നത്. എം.ടി.എം കൗണ്ടറിന്റെ ഷട്ടര്‍ അടച്ചിട്ട നിലയിലായിരുന്നു. ഷട്ടര്‍ അടഞ്ഞു കിടക്കുന്നതു കണ്ടതില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഷട്ടര്‍ പൊക്കി നോക്കിയപ്പോഴാണു കൗണ്ടര്‍ തകര്‍ന്നു കിടക്കുന്നതു കണ്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് എ.ടി.എമ്മില്‍നിന്ന് പത്തു ലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടു പോയി.
ബാങ്കിനു മുന്നിലെ നിരീക്ഷണ കാമറ കവര്‍ച്ചാ സംഘം സ്‌പ്രേ പെയിന്റടിച്ച നിലയിലായിരുന്നു. മറ്റൊരു നിരീക്ഷണ കാമറയില്‍ മുഖം മൂടി ധരിച്ച മൂന്നു പേരുടെ രൂപം പതിയുകയും ചെയ്തിരുന്നു. പിക്കപ്പ് വാനില്‍ സ്ഥലം വിടുന്നതും കാമറയില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."