മാപ്പിളപ്പാട്ടിന്റെ മൊഞ്ചില്‍ അന്‍പതാണ്ട്
എന്റെ ചെറുപ്പകാലത്ത് തായിനേരിയിലെ മിക്ക വീടുകളിലും നെല്ലുവറുത്ത് അവിലുണ്ടാക്കും. അതിന്റെ തവിടും വെല്ലവും കുഴച്ചുരുട്ടി ഉമ്മ ഞാനടക്കമുളള മൂന്നുമക്കളുടെ പട്ടിണിയകറ്റിയ ഒരു കാലമുണ്ട്. ആ കാലമാണ് എന്നെ പാട്ടുകാരനാക്കിയത്. ഉപ്പ ചെറുപ്പത്തിലേ മരിച്ചു. ഇത്താത്തമാര്‍ ഒരു കൈകൊണ്ട് നെല്ലുവറുക്കും. മറുകൈകൊണ്ട് നെല്ലിടിക്കും. അപ്പോള്‍ കനം കിട്ടാന്‍ കച്ചിന്റെ മേലെ എന്നെ എടുത്തിരുത്തും. അതിനിടയില്‍ അവര്‍ പാടിയിരുന്ന സബീനപ്പാട്ടുകളാണ് (കപ്പപ്പാട്ടുകള്‍) എന്നെ ഒരു പാട്ടുകാരനാക്കുന്നത്.
കടലവില്‍ക്കാന്‍ പോയി പാട്ടെഴുതി
കൂടുതല്‍ പാട്ടുകളെഴുതിയിട്ടില്ലെങ്കിലും പതിനഞ്ചാം വയസില്‍ ആദ്യമായി പാട്ടെഴുതിയതിന് പിന്നില്‍ ദു:ഖത്തിന്റെയും സങ്കടത്തിന്റെയും കഥയുണ്ട്. 1960 കാലം പയ്യന്നൂര്‍ പെരുമ്പയില്‍ മുക്കൂട്ട് മുന്നണിയുടെ സമ്മേളനം നടക്കുന്നു. സമ്മേളന നഗരിയില്‍ കടലവില്‍ക്കണം. കടലവാങ്ങാന്‍ പണമില്ല. ഉമ്മ അവില്‍ വിറ്റുകിട്ടുന്ന നാണയങ്ങള്‍ സൂക്ഷിക്കുന്നത് അടുക്കള ഭാഗത്തെ ചുമരിലെ പൊത്തിലാണ്. ഉമ്മ അറിയാതെ പൊത്തില്‍ നിന്നും രണ്ടണ കട്ടെടുത്ത് കടല വാങ്ങി സമ്മേളന നഗരിയില്‍ വില്‍പ്പനക്ക് പോയി. സമ്മേളന നഗരിയില്‍ അപ്പോള്‍ ഗാനമേള നടക്കുന്നുണ്ടായിരുന്നു. പാട്ടില്‍ ലയിച്ച എനിക്ക് വില്‍ക്കാന്‍ കൊണ്ടുപോയ കടല പാത്രം നഷ്ടമായി. വീട്ടില്‍ നിന്നും കട്ടെടുത്ത ഉമ്മയുടെ രണ്ടണ തിരിച്ചുവയ്ക്കണം. സങ്കടത്തോടെ വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ഗാനമേളയില്‍ ഉയര്‍ന്നുകേട്ട 'മക്കളെ പോറ്റാന്‍ മത്തിയും പൂളയും തീറ്റിച്ചെന്റെ ശരീരം കൊക്കിനെ പോലെ വളഞ്ഞു മെലിഞ്ഞു പോയല്ലോ...' എന്ന പാട്ടിന്റെ ട്യൂണ്‍ ആദ്യമായി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ സങ്കടം സഹിക്കവയ്യാതെ ഗാനമേളയില്‍ കേട്ട പാട്ടിനനുസരിച്ച് ബദ്‌രീങ്ങളെ പുകഴ്ത്തി 'ബദര്‍ ബദര്‍ കമര് പതിനേഴും റമദാനില്‍' എന്ന പാട്ട് ആദ്യമായി എഴുതി.
പതിനഞ്ചാമത്തെ വയസില്‍ ആകാശവാണിയില്‍
തായിനേരിയില്‍ അന്ന് ദഫ് പഠിപ്പിച്ചിരുന്നു. എട്ടിക്കുളത്തുകാരനായ മൊയ്തീന്‍ ഖലീഫ എന്ന ഉസ്താദായിരുന്നു ഗുരു. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അസീസ്. അങ്ങനെയിരിക്കെ കോഴിക്കോട് ആകാശവാണിയില്‍ ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ആദ്യമായി ദഫ് പരിപാടി അവതരിപ്പിക്കാന്‍ സംഘത്തിന് അവസരം കിട്ടി. കോഴിക്കോട്ടെത്തി സ്റ്റുഡിയോ ഒന്നുമില്ല, പുറത്തൊരു മരത്തിന്റെ കീഴിലായിരുന്നു പരിപാടി അവതരണം. ദഫ് അവതരണം കാണാന്‍ സാക്ഷാല്‍ രാഘവന്‍ മാഷും, മാപ്പിളപ്പാട്ടിന്റെ ചക്രവര്‍ത്തി എസ്.എം കോയയുമുണ്ടായിരുന്നു. ദഫ് പരിപാടി അവതരിപ്പിച്ചുകഴിഞ്ഞ് കൂട്ടത്തില്‍ ചെറിയവനായ അസീസിനെ എസ്.എം കോയ അടുത്തുവിളിച്ചു. ഒരു പാട്ടു പാടാന്‍ പറഞ്ഞു. അങ്ങനെ അസീസ് സ്വന്തമായി എഴുതിയ ബദ്‌രീങ്ങളെ വാഴ്ത്തുന്ന പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ എസ്.എം കോയയും രാഘവന്‍ മാഷും തലയില്‍ തലോടി അഭിനന്ദിച്ചു. രാഘവന്‍ മാഷുമായി അന്നുതുടങ്ങിയ ആത്മബന്ധം അദ്ദേഹത്തിന്റെ അവസാനകാലംവരെ സൂക്ഷിച്ചിരുന്നു.
അളിയനെ തിരക്കി
മുംബൈയിലെത്തി
ഹാര്‍മോണിയം പഠിച്ചു
പതിനെട്ടാം വയസിലെ അവിചാരിതമായ ബോംബെ യാത്രയാണ് സംഗീതത്തിലെ അടുത്ത വഴിത്തിരിവ്. കാണാതായ സഹോദരീഭര്‍ത്താവിനെ തേടിയായിരുന്നു ആ യാത്ര. ഇത്തയുടെ കണ്ണീരുകണ്ടാണ് ഇറങ്ങിയത്. അദ്ദേഹം ബോംബെയിലുണ്ടെന്നായിരുന്നു അറിവ്. സംസാരിച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാല്‍ ഞാന്‍ അവിടെത്തുമ്പോഴേക്കും സഹോദരി ഭര്‍ത്താവ് മറ്റൊരിടത്തേക്ക് കടന്നു. പോയകാര്യം സാധിക്കാത്തതിനാല്‍ തിരിച്ചുവരാനും തോന്നിയില്ല. അങ്ങനെ അവിടെ തങ്ങി. കോഴിക്കോട്ടുകാരന്‍ കോയയും ഭാര്യയും ജിന്നത്തൊപ്പിയുണ്ടാക്കി വില്‍പ്പന നടത്തിയിരുന്നു. ഉപജീവനത്തിനായി അവിടെ ജിന്നത്തൊപ്പി ഉണ്ടാക്കുന്ന ജോലിക്കു ചേര്‍ന്നു. താമസവും അവരോടൊപ്പം തന്നെയായിരുന്നു. തൊപ്പി നിര്‍മാണം കഴിഞ്ഞാല്‍ രാത്രി കോയക്ക ഹാര്‍മോണിയം വായിക്കും. കോയയില്‍ നിന്ന് ഹാര്‍മോണിയം വായന പഠിച്ചു. ഒന്നരവര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെയെത്തിയെങ്കിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു. അങ്ങനെ രാത്രിയില്‍ ദഫ് പഠിപ്പിക്കലും പുലര്‍ച്ചെ മദ്‌റസാ അധ്യാപനവും തുടങ്ങി. സ്‌കൂള്‍ പഠനം അഞ്ചിലൊതുങ്ങിയെങ്കിലും ദര്‍സ് പഠിച്ചതിനാല്‍ മദ്‌റസാ അധ്യാപനത്തിന് തുണയായി. ഇരുപതാമത്തെ വയസില്‍ തായിനേരി സ്‌കൂളില്‍ താല്‍ക്കാലിക ശിപായിപ്പണിക്കു കയറി. ശിപായി പണിയായതു കൊണ്ട് പാടാന്‍ ഇഷ്ടംപോലെ സമയംകിട്ടി. മത്സരങ്ങള്‍ക്കൊക്കെ പങ്കെടുത്തു തുടങ്ങുന്നത് അക്കാലത്താണ്. സ്വന്തമായി എഴുതിയും സബീന പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയുമൊക്കെ പാടിപ്പാടി ശബ്ദമുറച്ചതും ഇക്കാലത്ത് തന്നെ.
ജീവിതം കരകയറ്റിയ
താരാട്ടുപാട്ട്
താരാട്ടു പാട്ടുകളാണ് അസീസ് തായിനേരി എന്ന ഗായകനെ അക്ഷരാര്‍ഥത്തില്‍ അടയാളപ്പെടുത്തുന്നത്. വടക്കേ മലബാറില്‍ മുസ്‌ലിം സമുദായത്തില്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ തൊട്ടില്‍കെട്ടല്‍ എന്നൊരു ചടങ്ങുണ്ട്. അതിനോടനുബന്ധിച്ചാണ് താരാട്ടു പാട്ടുകള്‍ പാടുന്നത്. ആവശ്യമനുസരിച്ച് പാട്ടുകാര്‍ വീടുകളില്‍ പോയി പാടുകയായിരുന്നു അന്നത്തെ പതിവ്. ഈ താരാട്ടു പാട്ടുകളാണ് എന്നെ കരകയറ്റിയത്. ഹാര്‍മോണിയം, തബല തുടങ്ങിയവയൊക്കെയെടുത്ത് വീടുകളില്‍ പോയി പാടുന്നതിന് സമയം തികയാതെ വന്നപ്പോള്‍ പുതിയൊരു ആശയം തോന്നി. ഓഡിയോ കാസറ്റുകള്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ പാട്ടുകളുടെ മ്യൂസിക്ക് മൈനസ് ട്രാക്കുകള്‍ അഥവാ കരോക്കെ ഉണ്ടാക്കി. പിന്നീട് പുതിയ വരികള്‍ എഴുതി റെക്കോര്‍ഡ് ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കിത്തുടങ്ങി. തായിനേരിയിലെ എസ്.എസ് സ്റ്റുഡിയോയില്‍ ഇപ്പോഴും താരാട്ടുപാട്ടിന് ആവശ്യക്കാരെത്തുന്നുണ്ട്.
പാട്ടുപാടി പാലമു@ാക്കി
പാട്ടുകാരുടെ കാര്യമല്ല
വീട്ടുകാരുടെ പ്രശ്‌നമല്ല
നാട്ടുകാരുടെ സ്വപ്നമാണ്
എന്റെ ഈ പാട്ടില്
രണ്ട് ജില്ലകള് തമ്മില് ചേരും
രണ്ടു റെയില്‍വേ ഗേറ്റൊഴിയും
പൊന്നുമുനീറേ..
പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍ പങ്കെടുത്ത വേദിയില്‍ പാലത്തിന്റെ ആവശ്യമുന്നയിച്ച് പാട്ടുപാടിയത് ഏവരുടെയും ശ്രദ്ധയാകര്‍ശിച്ചു. ഒരു ദേശത്തിന്റെ, മൂന്നുപതിറ്റാണ്ടിലധികം പഴക്കമുള്ള സ്വപ്നങ്ങളായിരുന്നു ആ പാട്ടു നിറയെ. അങ്ങനെ പൊതുമരാമത്ത് വകുപ്പിനു നാട്ടുകാര്‍ വര്‍ഷങ്ങളായി സമര്‍പ്പിച്ചുകൊണ്ടിരുന്ന നിവേദനങ്ങള്‍ക്കാകെ ഫലമുണ്ടായി. കണ്ണൂര്‍- കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തലിച്ചാലം പാലം യാഥാര്‍ഥ്യമായി.
പുരസ്‌കാരങ്ങള്‍
വടക്കേമലബാറിലെ ദഫ്മുട്ട്, കോല്‍ക്കളി, ഒപ്പന, മാപ്പിളപ്പാട്ട് കലാകാരനും പരിശീലകനുമാണ് അസീസ് തായിനേരി. കേരളം കൂടാതെ കര്‍ണാടക, ഗള്‍ഫ് നാടുകളിലും ദഫ് പരിശീലിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, കേരള നാടന്‍കലാ അക്കാദമി ഫെല്ലലോഷിപ്പ് എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ തായിനേരി സ്വദേശിയായ കെ. മുഹമ്മദ്-ഹവ്വഉമ്മ ദമ്പതികളുടെ മകനായ അസീസ് തായിനേരി പതിനാലാം വയസുമുതല്‍ സംഗീതലോകത്തു പ്രവര്‍ത്തിക്കുന്നു. കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ച് കീര്‍ത്തി നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."