മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ പൊന്നാനി
മലപ്പുറം: മുസിരിസ് ആന്‍ഡ് തിണ്ടിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഇനി പൊന്നാനിയും ഇടം പിടിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി. എറണാകുളം പറവൂര്‍ മുതല്‍ തൃശൂരിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള സ്ഥലങ്ങളോടൊപ്പമാണ് പൊന്നാനിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോടതി സമുച്ചയവും ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും മുസിരിസ് സംഘം ഇന്ന് രാവിലെ 10 ന് സന്ദര്‍ശിക്കും. പൊന്നാനിയിലെ പഴയ കെട്ടിടങ്ങളും നിര്‍മിതികളും പഴമ വിടാതെ നില നിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഴയ കോടതി സമുച്ചയം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുകയാണ് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം. മട്ടാഞ്ചേരി മാതൃകയില്‍ പൊന്നാനിയിലെ പഴയ വ്യാപാര കേന്ദ്രങ്ങള്‍ സംരക്ഷിക്കും. കൂടാതെ പൊന്നാനിയിലെ പഴയ തറവാടുകള്‍, കെട്ടിടങ്ങള്‍, വലിയ ജുമാഅത്ത് പള്ളികള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൊന്നാനിയിലെ പൈതൃക ടൂറിസത്തിന് പുതിയ മാനം കൈവരിക്കാനാകും.
കേരളത്തില്‍ ഇന്ന് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പൗരാണിക വാണിജ്യ തുറമുഖമാണ് മുസിരിസ്. ഒന്നാം നൂറ്റാണ്ട് മുതല്‍ പ്രമുഖ തുറമുഖമായിരുന്ന മുസരിസില്‍ ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍ തുടങ്ങിയവര്‍ കച്ചവടത്തിനായി എത്തിയിരുന്നുവെന്നാണ് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."